Quantcast

സൂംബ: 'വിവാദമല്ല ചർച്ചയാണ് വേണ്ടത്'; ഐഎൻഎൽ

'വിവാദം കൊഴുപ്പിക്കാതിരിക്കാനാണ് അധികൃതർ ശ്രമിക്കേണ്ടത്'

MediaOne Logo

Web Desk

  • Published:

    28 Jun 2025 1:25 PM IST

സൂംബ: വിവാദമല്ല ചർച്ചയാണ് വേണ്ടത്; ഐഎൻഎൽ
X

കോഴിക്കോട്: സ്കൂളുകളിൽ സൂംബ നൃത്തമുൾപ്പെടെയുള്ള ലഘു വ്യായാമങ്ങൾ പരീശീലിപ്പിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം വിവാദമായ പശ്ചാത്തലത്തിൽ ആവശ്യമായ ചർച്ചകൾ നടത്തി മതിയായ ബോധവത്കരണം ആവശ്യമാണെന്ന് ഐഎൻഎൽ. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കാനും ലഹരിയിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനുമുള്ള ഉപാധിയായാണ് അധികൃതർ ഇതിനെ കാണുന്നതെങ്കിലും മതവേദികളിൽനിന്ന് കടുത്ത എതിർപ്പാണ് ഉയർന്നിരിക്കുന്നതെന്ന് ഐഎൻഎൽ അഭിപ്രായപ്പെട്ടു.

മതചിന്തകളെയും ധാർമിക മൂല്യങ്ങളെയും അവഗണിച്ച് മതനിന്ദയും മതനിഷേധ മാർഗങ്ങളും അന്നിവേശിപ്പിക്കാനുള്ള കമ്യുണിസ്റ്റ്കാരുടെ ഗൂഢനീക്കത്തിന്റെ ഭാഗമാണിതെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. കൊളംബിയൻ കലാകാരൻ ആൾബെർട്ടോ ബെറ്റോ പെരസ് 2001ൽ, ശാശീരിക ക്ഷമത വളർത്താൻ വികസിപ്പിച്ചെടുത്ത സംഗീതനൃത്ത പരിപാടിയാണ് സുംബ. 180രാജ്യങ്ങളിലായി 15ദശലക്ഷം വിദ്യാർഥകൾ ഇത് പരിശീലിക്കുന്നുണ്ടത്രെ. ഗൾഫി​ലെ ഒട്ടുമുക്കാൽ വിദ്യാലയങ്ങളിലും സൂംബ നൃത്തം കുട്ടികൾ അഭ്യസിക്കുന്നുണ്ട്. മടുപ്പുളവാക്കാത്ത ലളിതമായ വ്യായാമം എന്ന നിലക്കാണ് അതിന് സ്വീകാര്യത ലഭിച്ചത്. നമ്മുടെ സാമൂഹിക പശ്ചാത്തലത്തിൽ ഇത്തരം പരിഷ്‍കാരങ്ങൾ ആരംഭിക്കുമ്പോൾ വിദ്യാർഥികളെ മാത്രമല്ല പൊതുസമൂഹത്തെയും ബോധവാന്മാരാക്കേണ്ടതുണ്ടെന്ന് ഐഎൻഎൽ പ്രസ്താവനയിൽ പറഞ്ഞു.

അല്പ വസ്ത്രധാരികളായി ആണും പെണ്ണും ഇടകലർന്ന് നടത്തുന്ന കൂത്താട്ടമായി പോലും പരിപാടി കാണുന്നതിന് മുമ്പ് ചിലർ വിധിയെഴുതിക്കഴിഞ്ഞു. ആ സ്ഥിതിക്ക് വിവാദം കൊഴുപ്പിക്കാതിരിക്കാനാണ് അധികൃതർ ശ്രമിക്കേണ്ടത്. സിപിഎം സംസഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടത് പോലെ പദ്ധതി അടി​ച്ചേൽപിക്കില്ലെന്നും ആവശ്യമില്ലാത്തവർക്ക് ഒഴിവാക്കാമെന്നുമുള്ള നിലപാടാണ് ഉചിതമായി തോന്നുന്നതെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.

TAGS :

Next Story