പശ്ചിമേഷ്യ: സമാധാനത്തിന്റെയും അധികാരത്തിന്റെയും സാധ്യതകൾ
അമേരിക്ക എന്ന രാഷ്ട്രത്തിന്റെയും പശ്ചിമേഷ്യ എന്ന ഭൂപ്രദേശത്തിന്റെയും ഭാവി നിർണയിക്കുന്നതിൽ ഇസ്രായേൽ എന്ന രാഷ്ട്രവും ഫലസ്തീൻ പ്രശ്നവും എങ്ങനെയൊക്കെയാണ് സ്വാധീനം ചെലുത്തുന്നത് എന്നിവയുടെ വിശകലനം

ഡീൽ മേക്കർ എന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ സ്വയം വിശേഷിപ്പിക്കാറുള്ളത്. അന്താരാഷ്ട്ര നയതന്ത്ര കാഴചപ്പാടുകൾ, അമേരിക്കയുടെ വിദേശ നയങ്ങൾ എന്നിവയെക്കാൾ തന്റെ വ്യക്തിപരമായ വീക്ഷണകോണിൽ നിന്നുകൊണ്ടാണ് വിവിധ രാഷ്ട്രങ്ങളുമായുള്ള ഇടപാടുകൾ അദ്ദേഹം നടത്താറുള്ളത്. തന്റെ ആദ്യ ഭരണകാലത്ത് ഒരു രാജ്യവുമായും യുദ്ധം നടത്താതിരുന്നത് ചൂണ്ടിക്കാട്ടിയാണ് പ്രധാനമായും രണ്ടാം തവണ അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്ക് ട്രംപ് എത്തുന്നത്. ലോകത്ത് സമാധാനം ഉണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്നും രാജ്യങ്ങൾ യുദ്ധങ്ങൾക്ക് പകരം ഡീലുകളിൽ ഏർപ്പെടണമെന്നുമാണ് അദ്ദേഹം നിരന്തരം ഉപദേശിക്കാറുള്ളത്. രണ്ടാം വട്ടം പ്രസിഡന്റ് പദവിയിലേക്ക് വരുന്ന ഘട്ടത്തിൽ യുക്രൈൻ റഷ്യ യുദ്ധവും ഇസ്രായേൽ ഫലസ്തീൻ പ്രശ്നവും അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രസ്താവിച്ചിരുന്നു. ഏതാണ്ട് മുക്കാൽ നൂറ്റാണ്ടിൽ അധികമായി തുടരുന്ന, കാലം മാറുന്നതിനനുസരിച്ച് സങ്കീർണമായ ഫലസ്തീൻ പ്രശ്നം ട്രംപ് എന്ന ഡീൽ മേക്കറേ കൊണ്ട് മാത്രം അവസാനിപ്പിക്കാൻ സാധിക്കുന്നതാണോ? ഇസ്രായേൽ എന്ന രാഷ്ട്രം ഒരു ജനതയോട് നടത്തുന്ന ക്രൂരമായ നടപടികളെ കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലധികം മുന്നോട്ട് കൊണ്ട് പോവാൻ ഇസ്രായേൽ എന്ന രാഷ്ട്രത്തിന് ലഭിച്ച അംഗീകാരത്തിന്റെ അടിത്തറ എന്തായിരിക്കും? അമേരിക്ക എന്ന രാഷ്ട്രത്തിന്റെയും പശ്ചിമേഷ്യ എന്ന ഭൂപ്രദേശത്തിന്റെയും ഭാവി നിർണയിക്കുന്നതിൽ ഇസ്രായേൽ എന്ന രാഷ്ട്രവും ഫലസ്തീൻ പ്രശ്നവും എങ്ങനെയൊക്കെയാണ് സ്വാധീനം ചെലുത്തുന്നത് എന്നിവ വിശകലനം ചെയ്യുകയാണ് ഇവിടെ.
ഒരു കുടിയേറ്റ കൊളോണിയൽ പ്രത്യശാസ്ത്രമെന്ന നിലക്ക് സയണിസം പശ്ചിമേഷ്യയുടെ രാഷ്ട്രീയവും ധാർമികവും നയതന്ത്രപരമായുമായ അടിത്തറയെ എത്രമാത്രം സംഘർഷഭരിതമാക്കി എന്ന ചരിത്രം നമ്മുടെ മുന്നിലുണ്ട്. ജൂതന്മാരുടെ വിമോചനം എന്ന ആശയത്തിലൂടെ ഒരു ജനതയുടെ നശീകരണത്തിലേക്കും പ്രസ്തുത മേഖലയുടെ അസ്ഥിരതയിലേക്കുമാണ് സയണിസ്റ്റ് ആശയം അവയെ കൊണ്ടെത്തിച്ചത്. സയണിസ്റ്റ്, ക്രൈസ്തവ സയണിസ്റ്റ് ആശയങ്ങൾ തങ്ങളുടെ തന്ത്രപ്രധാനമായ നയങ്ങളുടെ സ്വാധീന ശക്തിയായി അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഏറ്റെടുക്കുന്നതിലൂടെ നിരന്തരമായ യുദ്ധങ്ങളിലേക്കും, നയതന്ത്ര പരാജയങ്ങളിലേക്കും പിന്നീട് ഇതൊക്കെയും തങ്ങളുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതിലേക്കും അവരെ നയിക്കുന്നുണ്ട്. പല യൂറോപ്യൻ രാജ്യങ്ങളും ഇന്ന് സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് കൊണ്ട് രംഗത്ത് വരുന്നതിന് അവിടങ്ങളിലുള്ള ജനസമൂഹങ്ങളുടെ പ്രതിഷേധങ്ങൾ കാരണമായിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ അവർ സ്വീകരിച്ച നയനിലപാടുകളിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടുകൂടിയാണ് യൂറോപ്പ് ഇത്തരമൊരു സമീപനത്തിലേക്ക് എത്തുന്നത്. രാജ്യത്തിന്റെ മൂലധനം ഇസ്രായേലിന് വേണ്ടി അമിതമായി ചെലവഴിക്കുന്നതിനെ വിമർശിച്ച് അമേരിക്കയിൽ പലരും ഇന്ന് രംഗത്ത് വരുന്നു. ട്രംപിന്റെ തന്നെ ആശയമായ MAGA (Make America Great Again) ക്യാമ്പിൽ ഇസ്രായേലിന് വേണ്ടി രാജ്യത്തിന്റെ സമ്പത്ത് വലിയ തോതിൽ ചെലവഴിക്കുന്നതിനെതിരെ ശക്തമായ എതിർപ്പുകൾ ഉണ്ടാവുന്നു. പശ്ചിമേഷ്യയിലെ എണ്ണശേഖരവും മറ്റ് അനവധി പ്രകൃതി വിഭവങ്ങളുടെയും സാന്നിധ്യം കൂടിയാണ് യഥാർഥത്തിൽ അമേരിക്കയെയും യൂറോപിനെയും അവിടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിച്ച പ്രധാന ഘടകം. അതിന് വേണ്ടി ഇസ്രായേൽ എന്ന രാഷ്ട്രത്തെ ഒരു സാധ്യതയായി അവർ കണ്ടു. എന്നാൽ പശ്ചിമേഷ്യയിലെ തങ്ങളുടെ താല്പര്യങ്ങൾക്ക് തടസം സൃഷ്‌ടിച്ച് കൊണ്ട് മേഖലയിൽ നിരന്തരം സംഘർഷങ്ങൾ തുടരുന്ന ഇസ്രായേൽ ഇന്ന് അമേരിക്കക്കും യൂറോപ്പിനും ഒരു പ്രശ്നമായി മാറിയിട്ടുണ്ട്. പശ്ചിമേഷ്യയുടെ സമാധാനത്തിനും മറ്റ് വിപണി താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി ഇസ്രായേലാനന്തര പശ്ചിമേഷ്യ എന്ന ആശയം ആ നിലക്ക് പ്രസക്തമാണ്.
സയണിസം പോലെ ആഴത്തിൽ ഒരു പ്രദേശത്തെ പുനർനിർമ്മിച്ച മറ്റൊരു ആധുനിക പ്രത്യയശാസ്ത്രവും ഇല്ലെന്ന് തന്നെ പറയാം. ഫലസ്തീനിൽ മാതൃരാജ്യം സ്ഥാപിച്ച് 'ജൂത പ്രശ്നത്തെ' പരിഹരിക്കുമെന്ന പ്രഖ്യാപനവുമായാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ യൂറോപ്പിൽ സയണിസം ഉദയം ചെയ്യുന്നത്. 1948 ൽ ഇസ്രായേൽ എന്ന രാഷ്ട്ര സ്ഥാപനത്തിലൂടെ തങ്ങളുടെ പ്രഖ്യാപനം വിജയത്തിലേക്ക് എത്തിക്കാൻ സയണിസത്തിന് സാധിച്ചെങ്കിലും അന്ന് മുതൽ ഇങ്ങോട്ട് പ്രസ്തുത മേഖലയിൽ ദീർഘകാല അസ്ഥിരത നിലനിലർത്തുന്നതിന് കൂടി അവ കാരണമായി. തുടർന്നങ്ങോട്ട് ഫലസ്തീൻ ജനതയുടെ കൂട്ട പലായനങ്ങൾക്ക് ലോകം സാക്ഷിയായി.
പാശ്ചാത്യ ശക്തികളെ സംബന്ധിച്ച് ആരംഭത്തിൽ പ്രസ്തുത മേഖലയിൽ ഇസ്രയേൽ അവർക്ക് ഏറ്റവും അനുയോജ്യരായ പങ്കാളിയായി തോന്നി. ശീതയുദ്ധ കാലത്ത് അറബ് ദേശീയതക്കും സോഷ്യലിസത്തിനും എതിരെയും പിൽകാലത്ത് ഇസ്‌ലാമിസത്തിനുമെതിരായ പാശ്ചാത്യ താല്പര്യങ്ങളുടെ കേന്ദ്രമായി ഇസ്രായേൽ നിലകൊണ്ടു. ഇവിടങ്ങളിൽ യൂറോപ്പ് - അമേരിക്കൻ താല്പര്യങ്ങൾ നടപ്പിലാക്കാൻ ഇസ്രയേലിനെ നിരന്തരം അവർ ഉപയോഗപ്പെടുത്തി. എന്നാൽ ഗ്ലോബൽ സൗത്തിൽ അമേരിക്കക്കും യൂറോപ്യൻ രാജ്യങ്ങൾക്കുമെതിരായ വികാരം വളർന്നു വരുന്നതിലേക്ക് ഇത് പിന്നീട് നയിച്ചു. പാശ്ചാത്യ ഹിപ്പോക്രസി, അമേരിക്കയുടെ നയതന്ത്ര സമീപനങ്ങൾ എന്നതോടപ്പം ഗ്ലോബൽ സൗത്തിന്റെ കൊളോണിയൽ വിരുദ്ധ ചരിത്ര തുടർച്ചയും കൂടി ചേർന്ന് മേഖലയിൽ പുതിയ സാധ്യതകളും സമവാക്യങ്ങളും രൂപപ്പെടുത്തി. ഇത് പശ്ചിമേഷ്യയിലെ അമേരിക്കൻ താല്പര്യങ്ങൾക്ക് തടസമായി മാറുന്നത് അവർ തന്നെയും ഇന്ന് തിരിച്ചറിയുന്നുണ്ട്. ഗ്ലോബൽ സൗത്തിനെ സംബന്ധിച്ചും യൂറോപ്പിനെയും അമേരിക്കയെ സംബന്ധിച്ചും മേഖലയിൽ സ്ഥിരത കൊണ്ടുവരൽ അവരവരുടെ താല്പര്യങ്ങൾക്ക് അനിവാര്യമാണ്. പശ്ചിമേഷ്യയുടെ അപകോളനികരണ സാധ്യതകളിലേക്ക് ഈ കാരണങ്ങൾ വിരൽ ചൂണ്ടുന്നുണ്ട്.
സയണിസമെന്ന കൊളോണിയൽ പ്രൊജക്റ്റ്
ദീർഘകാലത്തെ യൂറോപ്യൻ കൊളോണിയൽ ചരിത്രത്തിന്റെ തുടർച്ചയിൽ തന്നെയാണ് സയണിസത്തെയും നമ്മൾ വായിക്കേണ്ടത്. ഇതിനകം തന്നെ ജനവാസ മേഖലയായ ഒരു ദേശത്ത് മറ്റൊരു കൂട്ടരേ അവരുടെ മാതൃരാജ്യം എന്ന വാഗ്ദാനം നൽകികൊണ്ട് അവിടെ അധിവസിപ്പിച്ച
1917 ലെ ബ്രിട്ടന്റെ ബാൽഫർ പ്രഖ്യാപനം അധിനിവേശത്തിന്റെ തുടർച്ചയായാണ് നടപ്പിലാക്കപ്പെട്ടത്. ഇലെൻ പെപെയെ പോലുള്ള ചരിത്രകാരന്മാർ പറയുന്നത് ഈ വാഗ്ദാനം ഫലസ്തീനിനെ ആധുനിക കുടിയേറ്റ കൊളോണിയലിസത്തിന്റെ ഒരു പരീക്ഷണശാലയാക്കി മാറ്റി എന്നാണ്. തുടർന്ന് 7 ലക്ഷത്തോളം മനുഷ്യർ അവിടെ നിന്നും പുറത്താക്കപ്പെട്ടു. ഗ്രാമങ്ങൾ പലതും തുടച്ചു നീക്കപ്പെട്ടു. ഫലസ്തീനികൾക്ക് തിരിച്ച് വരാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടു. ഇങ്ങനെ വംശീയ - മത മാതൃകയിൽ നിർമിക്കപ്പെട്ട ഇസ്രായേൽ, തങ്ങളെ സ്വയം ഒരു 'ജനാധിപത്യ' രാഷ്ട്രമായി അവതരിപ്പിച്ചു. 1967-ന് ശേഷമുള്ള വെസ്റ്റ് ബാങ്ക്, ഗാസ, കിഴക്കൻ ജറുസലേം എന്നിവിടങ്ങളിലെ അധിനിവേശം ഇവയെ കൂടുതൽ സങ്കീർണമാക്കി. സയണിസ്റ്റ് ആധിപത്യം അംഗീകരിക്കുന്നതിലൂടെ മാത്രമേ സമാധാനം സ്ഥാപിക്കപ്പെടുകയുള്ളു എന്ന ഇസ്രായേലിന്റെ തന്ത്രപരമായ സിദ്ധാന്തം 1978, 82, 2006 കാലഘട്ടങ്ങളിൽ ലെബനാനിലേക്കുള്ള അധിനിവേശത്തിന്റെയും ഗാസയിലെ നിരന്തര അക്രമണത്തിന്റെയും ന്യായവാദമായി മാറി. പശ്ചിമേഷ്യയുടെ സ്ഥിരതക്ക് പകരം ഇത് കൂടുതൽ അരക്ഷിതമായ സാഹചര്യം സൃഷ്ടിച്ചു.
ആശയതലത്തിൽ അന്താരാഷ്ട്ര നിയമങ്ങളുടെ സാധുതയെയും ഇസ്രായേൽ നിരാകരിക്കുന്നുണ്ട്. ബൈബിൾ പ്രവചനത്തിലൂടെ സാധ്യമായ രാഷ്ട്രമെന്ന നിലക്ക് തങ്ങൾക്ക് അസാധാരണ പദവി ഉണ്ടെന്നാണ് ഇസ്രായേൽ അവകാശവാദം. അനധികൃത കുടിയേറ്റങ്ങളും കൂട്ടായ കൊലപാതകങ്ങളും ആ രാഷ്ട്രത്തിന്റെ അംഗീകൃത ഉപകരണമായി മാറി. സയണിസത്തെ സാധ്യമാക്കുന്ന അതിന്റെ പ്രത്യയശാസ്ത്ര അടിത്തറ (ദൈവശാസ്ത്ര) ഇസ്രായേൽ എന്ന രാഷ്ട്രത്തിന്റെ നിലനിൽപ്പിന് വേണ്ടി അന്താരാഷ്ട്ര നിയമങ്ങളെയും സാർവത്രിക മാനദണ്ഡങ്ങളെയും മറികടക്കാൻ അവരെ പ്രാപ്തമാക്കുന്നു.
പാശ്ചാത്യ താല്പര്യങ്ങളെ ദുർബലപ്പെടുത്തുന്ന സയണിസം
ചരിത്രപരമായി മൂന്ന് കാരണങ്ങൾ മുൻനിർത്തിയാണ് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഇസ്രയേലുമായി കൈകോർക്കുന്നത്. മേഖലയിലെ സോവിയറ്റ് സാന്നിധ്യത്തെ തടഞ്ഞുനിർത്തുന്ന ഘടകമായും പശ്ചിമേഷ്യയിലെ എണ്ണ സ്രോതസുകളിലേക്കുള്ള പാശ്ചാത്യരുടെ പ്രവേശന കവാടമായും നിലകൊള്ളുന്നതിന് പുറമേ 'ജനാധിപത്യത്തിലെ വിശ്വസ്തരായ' പങ്കാളികളായും യൂറോപ്പിനും അമേരിക്കയും ഇസ്രായേൽ മാറി.
1. ശീതയുദ്ധ കാലത്തെ യുക്തി തന്നെ ഇന്നത്തെ ലോക സാഹചര്യത്തിൽ കലഹരണപെട്ടതായി കാണാം. അമേരിക്കയുടെ പ്രധാന എതിരാളികളായി മേഖലയിൽ ഇപ്പോഴുള്ള ചൈനയുമായും ഇന്ത്യയുമായും അടക്കം സ്വതന്ത്ര ആയുധ സാങ്കേതിക വിനിമയ ബന്ധങ്ങൾ ഇന്ന് ഇസ്രായേലിന് ഉണ്ട്.
2. 1973 ഗൾഫ് രാജ്യങ്ങളുടെ എണ്ണ ഉപരോധത്തോടെ ഇസ്രായേലിന് അവിടങ്ങളിൽ എണ്ണ ശേഖരങ്ങളുടെ നിയന്ത്രണത്തിൽ കാര്യമായ പങ്കില്ലെന്ന് ബോധ്യപ്പെട്ടതാണ്. എന്ന് മാത്രമല്ല തുടർച്ചയായി സംഘർഷങ്ങൾ സൃഷ്‌ടിക്കുന്ന ഇസ്രയേലിനെ, അമേരിക്കയുമായി മികച്ച നയതന്ത്ര ബന്ധത്തിൽ പോകുന്ന ഗൾഫ് രാജ്യങ്ങൾക്ക് ഇന്ന് അത്ര വിശ്വാസമില്ല. റഷ്യയുമായും ചൈനയുമായും പലതരം ഇടപെടുകളിൽ ഏർപ്പെടാനും ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ ശ്രമിക്കുന്നുണ്ട്.
3. ഹിറ്റ്ലറുടെ ജൂത വംശഹത്യയെ തുടർന്ന് ഉണ്ടായിരുന്ന ധാർമികമായ പിന്തുണ പതിറ്റാണ്ടുകൾ തുടർന്ന് വന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രായലിന് വലിയ തോതിൽ നഷ്ടപെട്ടിട്ടുണ്ട്. ഗസ്സയിൽ കാലങ്ങളായുള്ള ബോംബ് വർഷങ്ങളും, വെസ്റ്റ് ബാങ്കിൽ തുടരുന്ന അനധികൃത കുടിയേറ്റങ്ങളും, അയൽ രാജ്യങ്ങളോടുള്ള യുദ്ധ താല്പര്യങ്ങളും ഇസ്രയേലിന്റെ ഇര വാദത്തിന് വലിയ തോതിൽ പരിക്കേൽപ്പിച്ചിട്ടുണ്ട്.
4. അമേരിക്കയിലെ മിക്ക നഗരങ്ങളുടെയും ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഫണ്ട് ഇസ്രായേലിന് വേണ്ടി അമേരിക്ക ചെലവാക്കുന്നു. ഇത് അമേരിക്കൻ നഗരങ്ങളുടെ സുരക്ഷയിൽ വിള്ളലുണ്ടാക്കുന്നതായും വിമർശനങ്ങൾ ശക്തമാണ്. ഇസ്രായേൽ ഇന്നൊരു ബാധ്യതയായി മാറിയിരിക്കുന്നു എന്ന് അമേരിക്കൻ രാഷ്ട്രീയകാര്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നുണ്ട്. പുറമേ നിരന്തരം സംഘർഷങ്ങൾ തുടരുന്ന ഇസ്രായേൽ, അവരെ പ്രതിരോധിക്കുന്ന അമേരിക്കയുടെ ധാർമികതയെ കൂടി പ്രശ്നത്തിൽ ആക്കുന്നു.
ഇസ്രായേൽ എന്ന രാഷ്ട്രത്തെ പിന്താങ്ങുന്നതിലൂടെ അമേരിക്കക്ക് ലഭിക്കേണ്ടുന്ന നേട്ടങ്ങൾ ഒന്നും ലഭിക്കുന്നില്ലെന്ന് മാത്രമല്ല അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തിലും അവിടത്തെ ജനസമൂഹങ്ങളിലെ വിശ്വാസ്യതയിലും വലിയ സംഘർഷങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും തങ്ങളുടെ രാഷ്ട്രീയ നയതന്ത്ര സമീപനങ്ങളിൽ പ്രകടമായ മാറ്റങ്ങൾ കൊണ്ടു വരാൻ അമേരിക്ക മടിക്കുന്നു. അതിന് ഏറ്റവും പ്രധാന കാരണമായി വർത്തിക്കുന്നത് അമേരിക്കൻ രാഷ്ട്രീയത്തെ നിർണയിക്കുന്ന ലോബിയിങ്ങും ലോബിയിങ്ങിലെ പ്രമുഖ വിഭാഗങ്ങളായ ക്രിസ്ത്യൻ സയണിസ്റ്റ് ഗ്രൂപ്പുമാണ്.
ക്രൈസ്തവ സയണിസവും അമേരിക്കൻ ശക്തിയുടെ തകർച്ചയും
അമേരിക്കൻ വിദേശനയത്തെക്കുറിച്ചുള്ള ചർച്ചകളിൽ ക്രൈസ്തവ സയണിസ്റ്റ് ഗ്രൂപ്പുകളുടെ സ്വാധീനം ഒരു നിലക്കും അവഗണിക്കുക സാധ്യമല്ല. പത്തൊമ്പതാം നൂറ്റാണ്ടിൽ പ്രൊട്ടസ്റ്റന്റ് മൗലികവാദത്തിൽ ഊന്നി വികസിച്ച് വന്ന ഈ പ്രസ്ഥാനം, ബൈബിൾ പ്രവചനങ്ങളുടെ പൂർത്തീകരണമായാണ് ഇസ്രായേൽ രാഷ്ട്രത്തെ അവതരിപ്പിക്കുന്നത്. 1970 കൾക്ക് ശേഷം തെരഞ്ഞെടുപ്പ് ഫലങ്ങളിലും നയതന്ത്ര ആലോചനകളിലും സ്വാധീനം ചെലുത്താൻ സാധിക്കും വിധം ഇവർ വളർന്നു വരുന്നുണ്ട്. പാസ്റ്റർ ജോൺ ഹാഗി നയിക്കുന്ന ക്രിസ്ത്യൻ യുണൈറ്റഡ് ഫോർ ഇസ്രായേൽ (CUFI) പോലുള്ള സംഘടനകൾ അവരുടെ അംഗബലം കൊണ്ടും, ശക്തമായ ലോബിയിങ് കൊണ്ടും, മാധ്യമ പ്രചാരണങ്ങൾ കൊണ്ടും വളരെ മുന്നിട്ട് നിൽക്കുന്ന വിഭാഗമാണ്. യുഎസ് കോൺഗ്രസിൽ അംഗങ്ങളിൽ പലരും 'കൂഫി'യുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണ്. സെനറ്റർമാർക്കിടയിലും കോൺഗ്രസ് അംഗങ്ങൾക്കിടയിലുമാണ് 'കൂഫി' പ്രധാനമായും പ്രവർത്തിക്കുന്നത്. മറ്റൊരു പ്രധാനപ്പെട്ട ഗ്രൂപ്പാണ് അമേരിക്കൻ ഇസ്രായേൽ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി(ഐപാക്ക്). യുദ്ധ താത്പര്യത്തിലും മുസ്ലിങ്ങൾക്കെതിരായ വെറുപ്പിലും ഇരു വിഭാഗങ്ങളും ഒരുപോലെ ആണെങ്കിലും കൂടുതൽ ശക്തമായ രീതിയിലാണ് കൂഫി പ്രവർത്തിക്കുന്നത്. ഡെമോക്രറ്റുകളുമായും റിപ്പബ്ലിക്കനുമായും ഒരുപോലെ ബന്ധം സ്ഥാപിച്ചാണ് ഐപാക്ക് പ്രവർത്തിക്കുന്നതെങ്കിൽ കൂഫി റിപ്പബ്ലിക്കൻ നേതൃത്വവുമായാണ് കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത്.
ആധുനിക ദേശരാഷ്ട്രത്തിന്റേതായ മൂല്യങ്ങൾക്ക് പകരം ദൈവശാസ്ത്രപരമായ ആശയങ്ങളെ മുൻനിർത്തിയാണ് ക്രൈസ്തവ സയണിസ്റ്റ് ഗ്രൂപ്പുകൾ സ്വാധീനം ചെലുത്തുന്നത്. യേശുവിന്റെ രണ്ടാം വരവിന് ജൂതരെ ജറുസലേമിൽ കുടിയിരുത്തേണ്ടതുണ്ടെന്നും, ഫലസ്തീൻ ജനതയെ പൂർണമായും ഇല്ലാതാക്കുന്നതിലൂടെ മാത്രമേ യേശു വരികയുള്ളു എന്നതടക്കമുള്ള തികച്ചും വംശീയമായ ദൈവശാസ്ത്ര ആശയങ്ങളാണ് ഇവരുടെ പ്രചാരണങ്ങളുടെ ആധാരം. യഥാർത്ഥത്തിൽ ഇസ്രായേൽ രാഷ്ട്രത്തിന്റെ ഉത്ഭവം തന്നെയും ഇത്തരത്തിൽ 'ദുർവ്യാഖ്യാനിക്കപ്പെട്ട' ബൈബിൾ വചനങ്ങളുടെ തുടർച്ചയിലാണ്. ക്രിയാസ്‌തവ വൈദികനായ വില്യം ഹെക്‌ലറുമായി ചേർന്നാണ് തിയോഡർ ഹെർസൽ സയണിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കമിടുന്നത്. തുടർന്ന് വന്ന ഫലസ്തീൻ ഇസ്രായേൽ പ്രശ്നത്തിലെ പ്രധാന ഇടപെടലുകളിലൊക്കെ ക്രൈസ്തവ സയണിസത്തിന്റെ ആശയപരമായ സ്വാധീനം കാണാൻ സാധിക്കും. റൊണാൾഡ് റീഗനും, ജോർജ് ബുഷും 2018 ൽ ട്രംപുമൊക്കെ ഇസ്രായേൽ പ്രശ്നത്തെ ദൈവശാസ്ത്ര ബന്ധിതമായി അഭിസംബോധന ചെയ്തതായി കാണാൻ കഴിയും.
ആധുനിക ദേശരാഷ്ട്ര വ്യവഹാരങ്ങളുടെ യുക്തിയിൽ നിന്ന് ദൈവശാസ്ത്ര അനുസരണയിലേക്ക് ക്രൈസ്തവ സയണിസം അമേരിക്കൻ പോളിസിയെ വഴിനടത്തി. ഫലസ്തീനിന് വേണ്ടി സംസാരിക്കുന്നു എന്നത് തന്നെ ദൈവ നിഷേധത്തിന്റെ അടയാളമായി ഇതിലൂടെ മാറുന്നു. മറ്റ് രാഷ്ട്രങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളെയും അമേരിക്കയുടെ മതേതര ഭരണത്തെയും ഇത് ദുർബലപ്പെടുത്തുകയും ഗ്ലോബൽ സൗത്തുമായി വിടവ് സൃഷ്‌ടിക്കുന്നതിലേക്കും ഇത് കൊണ്ടെത്തിച്ചു. ഫലത്തിൽ, ക്രിസ്ത്യൻ സയണിസം അമേരിക്കയെ ഒരു സൂപ്പർ പവറിൽ നിന്ന് മിഷനറി സാമ്രാജ്യമായി പരിവർത്തിപ്പിക്കുന്നു. ഇത് അമേരിക്കയുടെ സോഫ്റ്റ് പവറിലും വിശ്വാസ്യതയിലും കാര്യമായ ആഘാതം ഉണ്ടാക്കി.
ഇസ്രായേലാനന്തര പശ്ചിമേഷ്യയുടെ ഭൗമരാഷ്ട്ര സാധ്യതകൾ
ഇസ്രായേലാനന്തര പശ്ചിമേഷ്യ എന്നത് സയണിസ്റ്റാനന്തര പശ്ചിമേഷ്യ എന്ന നിലക്കാണ് ഇവിടെ മനസിലാക്കേണ്ടത്. ദൈവശാസ്ത്ര ദുർവാഖ്യാനങ്ങളുടെ പുറംതള്ളൽ യുക്തിയിൽ നിന്ന് നീതിയുടെയും സമത്വത്തിന്റെയും പുതിയ സാധ്യതകൾ തുറക്കപ്പെടേണ്ടതുണ്ട്. ഏതെങ്കിലും ജനവിഭാഗത്തെയോ മത വിഭാഗത്തെയോ ഇല്ലാതാക്കുന്ന വിവേചനത്തിന്റെ യുക്തിയെ
പരമാധികാരത്തിന്റെ അപകോളനികരണത്തിലൂടെ ജനാധിപത്യ സഹവർത്തിത്വമായി പുനർ നിർവചിക്കപ്പെടണം. ആ നിലക്ക് മതപരമായ ബഹുസ്വരതയിൽ ഊന്നിയ ജറുസലേം കേന്ദ്രീകൃതമായ പലസ്തീൻ രാഷ്ട്രമാണ് ഈ ദർശനത്തിന്റെ കേന്ദ്രബിന്ദു. പ്രധാനമായും നാല് അടിത്തറയിൽ ഇവ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
1. മേഖലയുടെ സ്ഥിരത
2. സാമ്പത്തിക ഏകീകരണം
3. സയണിസത്തിന്റെ ദുർബലപ്പെടുത്തൽ
4. ബഹുധ്രുവ നയതന്ത്രം
സാമ്പത്തികമായി, മേഖലയിലെ അറബ്, ഇറാൻ, തുർക്കി തുടങ്ങിയ രാഷ്ട്രങ്ങളുമായി ചേർന്ന് വ്യാപാര നയതന്ത്ര വളർച്ച കൈവരിക്കുന്നതിലൂടെ കൂടുതൽ ശക്തമായ സാമ്പത്തിക അടിത്തറ ഉണ്ടാക്കിയെടുക്കാൻ സഹായിക്കും. തുടർന്ന്, പശ്ചിമേഷ്യയിൽ ആധിപത്യം സ്ഥാപിക്കുന്ന യുഎസ്-ഇസ്രായേൽ അച്ചുതണ്ടിന് പകരം, ആസിയാൻ അല്ലെങ്കിൽ ആഫ്രിക്കൻ യൂണിയൻ പോലുള്ളവായുമായുള്ള ബന്ധം തങ്ങളുടെ പരമാധികാരത്തെ ദൃഢമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കും. സയണിസത്തെ ദുർബലപ്പെടുത്തുന്നതിലൂടെ മുസ്ലിം, ജൂത, ക്രിസ്ത്യൻ ജനവിഭാഗങ്ങളുടെ സഹവർത്തിത്വത്തെ അടിസ്ഥാനപെടുത്തിയ സാമൂഹിക ക്രമം ക്രമേണ വികസിച്ച് വരും. ബ്രിക്സ് പോലുള്ളവയിൽ പങ്കാളികളാകുന്നതോടെ പാശ്ചാത്യ രാഷ്ട്രീയ ഫ്രെയിമിൽ നിന്ന് പുറത്ത് കടക്കാൻ സഹായിക്കും. അത്തരം വിന്യാസങ്ങൾ സാമ്രാജ്യത്വാനന്തര മേഖലയുടെ പുനഃക്രമീകരണത്തിൽ പ്രധാനമാവും. അപ്പോഴും പ്രധാന തടസ്സം നിലവിലുള്ള സ്ഥിതി നിലനിർത്തുന്ന ലോബിയിംഗിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും ശക്തമായ സാന്നിധ്യമാണ്. ക്രൈസ്‌തവ സയണിസ്റ്റ് ഗ്രൂപ്പുകളും ആയുധ വ്യവസായവും ചേർന്നുള്ള ഇടപെടൽ പ്രശ്ന പരിഹാരത്തിന്റെ എല്ലാ സാധ്യതകളും നിഷേധിക്കുമ്പോൾ തന്നെ പൊതുജനാഭിപ്രായം മാറി വരുന്നത് പ്രതീക്ഷ നൽകുന്നതാണ്. വരുംകാലത്ത് അത് കൂടുതൽ ശക്തമാവുമെന്ന് തന്നെയാണ് രാഷ്ട്രീയ സൂചനകൾ വ്യക്തമാക്കുന്നത്.
Adjust Story Font
16

