ഇസ്രായേൽ ലോബി അമേരിക്ക കീഴടക്കുന്നു, ഹിന്ദിന്‍റെ ശബ് ദം ഇന്ത്യക്ക് കേൾക്കേണ്ട
ദ ഇസ്രായേൽ ലോബി എന്ന പുസ്തകം ഇറങ്ങി പത്താം വർഷം, 2017ൽ, അൽ ജസീറ ഗംഭീരമായ ഒരു ഡോക്യുമെന്‍ററി ചെയ്തു. ഡോക്യുപരമ്പരയുടെ ആദ്യ ഭാഗം, ബ്രിട്ടീഷ് മന്ത്രിമാരെ പുറത്താക്കാൻ ലണ്ടനിലെ ഇസ്രായേൽ എംബസി നടത്തിയ ഗൂഢശ്രമങ്ങൾ തുറന്നുകാട്ടി

- Published:
30 March 2026 3:12 PM IST

ഇസ്രായേൽ ലോബി അമേരിക്ക കീഴടക്കുന്നു
തുടങ്ങാൻ എളുപ്പം. നിർത്താൻ പ്രയാസം. യുദ്ധത്തിന്‍റെ കാര്യം അങ്ങനെയാണ്. ഇറാനെ ആക്രമിക്കാൻ യുഎസ് പ്രസിഡന്‍റ് ട്രംപ് കാരണങ്ങൾ മാറ്റിമാറ്റിപ്പറഞ്ഞു. പക്ഷേ ട്രംപ് പറയാതിരുന്ന ഒരു യഥാർത്ഥ കാരണമുണ്ട്. അതാണ് ജോ കെന്‍റ് പറഞ്ഞത്: ഈ യുദ്ധം അമേരിക്കക്കു വേണ്ടിയല്ല, ഇസ്രായേലിന് വേണ്ടിയാണ്. ഇസ്രായേലിന് വേണ്ടി അമേരിക്കൻ പണവും അമേരിക്കക്കാരുടെ ജീവനും കൊടുത്തു നടത്തുന്ന അനാവശ്യ യുദ്ധം. ഇസ്രായേലിനോടുള്ള വിധേയത്വം മടുത്ത് യുഎസ് സർക്കാറിലെ 16 ഉന്നത ഉദ്യോഗസ്ഥരാണ് കഴിഞ്ഞ മൂന്നു വർഷങ്ങളിൽ രാജിവെച്ചത്. അത്യുന്നത സ്ഥാനത്തുനിന്ന് ഇപ്പോൾ ജോ കെന്റും.
2018ൽ സിറിയയിലും യു.എസ് അനാവശ്യ യുദ്ധം ചെയ്തിരുന്നു. പിൻവാങ്ങാൻ ട്രംപ് ശ്രമിച്ചെങ്കിലും ആരോ തടഞ്ഞു. കെന്‍റിന്‍റെ ഭാര്യ അവിടെ കൊല്ലപ്പെട്ടതും മറ്റാർക്കോ വേണ്ടി. അമേരിക്കയുടെ യുദ്ധനയത്തെ അകത്തുനിന്നും പുറത്തുനിന്നും കണ്ടിട്ടുള്ള കെന്‍റിന് ഇറാൻ യുദ്ധത്തോടെ ഉറപ്പായി: ഇസ്രായേലിന് വേണ്ടി, ഇസ്രായേലിന്‍റെ താൽപര്യപ്രകാരം, അമേരിക്ക നടത്തുന്ന മറ്റൊരു യുദ്ധമാണ് ഇത്.
അമേരിക്കയെ ആപത്തിൽ ചാടിച്ചിട്ടായാലും ആളും അർത്ഥവും കൊണ്ട് ഇസ്രയേലിനെ സഹായിക്കാൻ യു.എസ് സർക്കാറിൽ നുഴഞ്ഞു കയറി പ്രവർത്തിക്കുന്നു ഇസ്രായേൽ ലോബി. ഇറാനെതിരെ ഭീതി വളർത്തുക, സമാധാന ചർച്ചകൾ പൊളിക്കുക, എന്നതൊക്കെ ഇവരുടെ ജോലിയാണ്. യുഎസ് നേതാക്കളെ പ്രലോഭനവും ഭീഷണിയും കൊണ്ട് വശത്താക്കും. അമേരിക്കൻ തെരഞ്ഞെടുപ്പുകളിൽ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും സംഭാവന നൽകി അവരെ വിധേയരാക്കും.
സയണിസ്റ്റ് പണച്ചാക്കായ മെറിയം ആഡൽസൺ പറയുന്നതിനപ്പുറം തനിക്ക് ഒന്നുമില്ലെന്ന് ട്രംപ് തന്നെ പലതവണ സമ്മതിച്ചതാണ്. ട്രംപ് കൂടെക്കൂടെ ഇസ്രായേലിൽ പോകും. പാർലമെൻറ് ആയ കനസറ്റിൽ വരെ ആഡൽസണെ പുകഴ്ത്തും. മരുമകൻ കൂടിയായ ജാരദ് കുഷ്ണർ ആണ് ട്രംപിന്‍റെ മറ്റൊരു യജമാനൻ. വേറൊരു സയണിസ്റ്റ് ലോബിക്കാരൻ, ട്രംപിന്‍റെ വിദേശകാര്യ സെക്രട്ടറിയാണ്—മാർക്കോ റൂബിയോ.
സ്വന്തം നാട്ടിനോടുള്ളതിനേക്കാൾ ഇസ്രായേലിനോട് കൂറ് പുലർത്തുന്നവരാണ് യുഎസ് പ്രസിഡൻറ്മാർ.. അല്ലാത്തവർ പ്രസിഡന്‍റാകില്ല എന്നിടത്തോളം ശക്തമാണ് ഇസ്രായേലി ലോബി. ഇസ്രായേലി ലോബി അമേരിക്കയെ വരിഞ്ഞു മുറുക്കാൻ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. 2006ൽ ഒരു ഗവേഷണ പ്രബന്ധം തന്നെ അതിനെപ്പറ്റി ഇറങ്ങി. അടുത്ത വർഷം അത് The Israel Lobby (by Prof John Mearsheimer and Prof Stephen Walt) എന്ന പേരിൽ പുസ്തകമായി.
കാര്യസിദ്ധിക്കായി എല്ലാ രാജ്യങ്ങളിലും വിദേശ ലോബികൾ പ്രവർത്തിക്കുന്നുണ്ട്. പക്ഷേ ഇസ്രായേലി ലോബി വ്യത്യസ്തമാണ്. അർബുദം പോലെ യു.എസ് ഭരണകൂടത്തിനകത്ത് ഇടം പിടിച്ചാണ് അത് പ്രവർത്തിക്കുന്നത്. ഇക്കാര്യം പുസ്തകം വിശദമായി പ്രതിപാദിച്ചു. ഈ ലോബിയുടെ ഭാഗമായി 50ലേറെ സംഘടനകൾ അമേരിക്കയിൽ പ്രവർത്തിക്കുന്നുണ്ട്. അവയിൽ ഏറ്റവും ശക്തം American-Israel Public Affairs Committee എന്ന “എയ്‌പാക്” (AIPAC) ആണ്. യുഎസ് കോൺഗ്രസിലും സർക്കാറിലും മീഡിയയിലുമെല്ലാം നിർണായക ഘടകമാണ് ഇസ്രായേലി ലോബി.
ദ ഇസ്രായേൽ ലോബി എന്ന പുസ്തകം ഇറങ്ങി പത്താം വർഷം, 2017ൽ, അൽ ജസീറ ഗംഭീരമായ ഒരു ഡോക്യുമെന്‍ററി ചെയ്തു. ഡോക്യുപരമ്പരയുടെ ആദ്യ ഭാഗം, ബ്രിട്ടീഷ് മന്ത്രിമാരെ പുറത്താക്കാൻ ലണ്ടനിലെ ഇസ്രായേൽ എംബസി നടത്തിയ ഗൂഢശ്രമങ്ങൾ തുറന്നുകാട്ടി. ഒളിക്യാമറയിലൂടെ ലോകം ഉപജാപം കണ്ടു. അത് കോളിളക്കമുണ്ടാക്കി. തെളിവുകൾ അനിഷേധ്യമായിരുന്നു. ഇസ്രായേലി എംബസി ഉദ്യോഗസ്ഥൻ രാജിവെക്കേണ്ടി വന്നു. ഈ അൽ ജസീറ ഡോക്യുമെന്‍ററിയുടെ അടുത്ത ഭാഗം തൊട്ടടുത്ത വർഷം ഇറങ്ങി. ഇതിൽ, യു.എസ് ഭരണകൂടത്തിലെ ഇസ്രായേലി കള്ളക്കളികൾ കൂടുതൽ വിസ്ഫോടക ശേഷിയോടെ കാണിച്ചു. പക്ഷേ അത് ഇസ്രായേലി ലോബി ഇടപെട്ട് തടഞ്ഞു.
ലോബി എന്നത്തേക്കാളും ശക്തമാണ് ഇന്ന്. ഗസ വംശഹത്യക്കെതിരെ ഒന്ന് ചുണ്ടനക്കാൻ മനുഷ്യാവകാശ വാദികൾക്ക് പോലും കഴിയാത്ത വിധം ശക്തമാണത്. പണവും പ്രലോഭനങ്ങളും ഭീഷണിയും ബലപ്രയോഗവും ഒക്കെ ഇസ്രായേൽ ലോബി ഉപയോഗപ്പെടുത്തുന്നുണ്ട്. അതിനുപുറമേ, അധികം പുറത്ത് പറയാത്ത ചില മതവിശ്വാസങ്ങളും.
ക്രിസ്തുവിന്‍റെ രണ്ടാംവരവിന് ഫലസ്തീന്‍റെ നാശവും ഇസ്രായേലിന്‍റെ ഉയർച്ചയും ആവശ്യമാണെന്നും അതിന് നിയുക്തരായവരാണ് തങ്ങളെന്നും സയണിസ്റ്റുകൾ വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്നു. ഈ സയണിസ്റ്റുകളിൽ തീവ്ര ജൂതന്മാർ മാത്രമല്ല തീവ്ര ക്രൈസ്തവരും ഉണ്ട്. ഇറാനെതിരായ യുദ്ധവും മതപരമായ ആവശ്യമാണെന്നും, ട്രംപ് അതിന് നിയുക്തനായ മിശിഹാ ആണെന്നും സൈനിക മേധാവികൾ തന്നെ പ്രചരിപ്പിക്കുന്നു. ഇതേപ്പറ്റി പട്ടാളക്കാരിൽ നിന്ന് പരാതിയും ഉയർന്നിട്ടുണ്ട്. ഇസ്രായേലിലെ യു.എസ് അംബാസഡർ മൈക്ക് ഹക്കബി, വംശഹത്യയെ ബൈബിൾ ഉദ്ധരിച്ച് ന്യായീകരിക്കാറുണ്ട്.
ഹിന്ദിന്‍റെ ശബ് ദം ഇന്ത്യക്ക് കേൾക്കേണ്ട
അറബി ഭാഷയിൽ ഇന്ത്യക്ക് പ്രത്യേക സ്ഥാനമുണ്ട്. സിന്ധു നദിയുടെ പേര് പേർഷ്യൻ ഭാഷയിലൂടെ അറബിയിൽ എത്തിയതാണ് “ഹിന്ദ്” എന്ന പേര്. അതാണ് ഹിന്ദുസ്ഥാൻ. ഗസ്സയിലും ഒരു ഹിന്ദ് ഉണ്ടായിരുന്നു: ഹിന്ദ് റജബ്. 6 വയസ്സുകാരി പെൺകുട്ടി. 2024ൽ, ഇസ്രായേലി വേട്ടപ്പട്ടാളത്തിൽ നിന്ന് രക്ഷപ്പെടാനായി ഒരു കാറിൽ പോവുകയായിരുന്നു. കൂടെയുള്ളവർ ഇസ്രായേലി ഷെല്ലിങ്ങിൽ കൊല്ലപ്പെട്ടു. മൃതദേഹങ്ങൾക്കിടയിൽ, ഒറ്റപ്പെട്ട്, രാത്രിയിൽ, അവൾ റെഡ് ക്രെസന്‍റിലേക്ക് വിളിച്ചു. രക്ഷിക്കാൻ പോയ ആംബുലൻസ് അടക്കം ഇസ്രായേൽ തകർത്തു. ദിവസങ്ങൾ കഴിഞ്ഞ് അവളുടെയും മറ്റുള്ളവരുടെയും ജഡങ്ങൾ കണ്ടെടുത്തു.
അവളുടെ ആ അവസാനത്തെ സഹായാർത്ഥന ഇന്ന് പ്രശസ്തമായ ഒരു ഡോക്യൂമെന്‍ററിയാണ്: Voice of Hind Rajab. ഹിന്ദ് റജബിന്‍റെ ശബ്ദം. ഹിന്ദിന്‍റെ ആ യഥാർത്ഥ ശബ്ദം ഉപയോഗിച്ച് അവളുടെ കഥ ഡോക്യുമെന്‍ററിയായി പുനരാവിഷ്കരിച്ചത് തുനീഷ്യൻ സംവിധായക കൗസർ ബിൻ ഹനിയ. പക്ഷേ ദീനമായ ആ ശബ്ദം ഇന്ത്യൻ തിയേറ്ററുകളിൽ വിലക്കപ്പെട്ടിരിക്കുന്നു.
ഓസ്കർ പുരസ്‌കാരത്തിന് ഡോക്യുമെന്‍ററി നാമനിർദേശം ചെയ്യപ്പെട്ടു. സമ്മാനം നൽകാതിരിക്കാൻ ഇസ്രായേലി ലോബി ഇടപെട്ടതിന്‍റെ വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വെനീസ് ചലച്ചിത്ര മേളയിൽ അത് പുരസ്കാരം നേടിയതാണ്—അസാധാരണമായ, 23 മിനിറ്റ് നീണ്ട കൈയ്യടിയും നേടി. ലണ്ടനിലടക്കം തിയേറ്ററുകളിൽ, നിറഞ്ഞ സദസ്സിൽ അത് പ്രദർശിപ്പിച്ചു. പക്ഷേ മരിച്ചുപോയ ആറുവയസ്സുകാരിയുടെ ശബ്ദത്തെപ്പോലും പേടിക്കുന്നു സയണിസ്റ്റ് ലോബി. അടിച്ചമർത്താൻ നോക്കുംതോറും ആ ശബ്ദം കൂടുതൽ മുഴങ്ങുന്നത് അവരറിയുന്നു. ഇപ്പോൾ ഇന്ത്യയിൽ തിയേറ്ററുകളിൽ അതിന് പ്രദർശനാനുമതി സെൻസസ് ബോർഡ് നിഷേധിച്ചിരിക്കുന്നു.
സംവിധായക പറഞ്ഞ പോലെ, ഒരിക്കൽ കേട്ടാൽ ഹിന്ദിന്‍റെ ശബ്ദം മറക്കാൻ കഴിയില്ല. അത് കാതിൽ മുഴങ്ങിക്കൊണ്ടേയിരിക്കും. ആ ശബ്ദം ഇന്ത്യൻ തിയേറ്ററുകളിൽ കേൾക്കേണ്ടതില്ല എന്ന് ഇവിടത്തെ സെൻസർ ബോർഡ് തീരുമാനിച്ചത് ഇന്ത്യക്ക് എന്തെങ്കിലും ഭീഷണി ഉണ്ടായിട്ടല്ല; ഇസ്രായേലിന് ഇഷ്ടമാകില്ല എന്നതുകൊണ്ട്; ഇസ്രായേൽ ലോബിയെ പേടിച്ച്. ഇസ്രായേലിനെച്ചൊല്ലി നാം ഏർപ്പെടുത്തിയ വിലക്ക് നമുക്ക് തന്നെയാണ് ദോഷം ചെയ്യുന്നത്. നാം ആരെയാണ് ഇത്രയേറെ ഭയക്കുന്നത്? എന്തിന്?
ക്ലറിക്കൽ എറർ
ഫ്രോയ്ഡിയൻ സ്ലിപ് (Freudian slip) എന്നൊന്നുണ്ട്. നാം കുറ്റബോധത്തോടെ, പരമ രഹസ്യമായി സൂക്ഷിക്കുന്ന ഒരു കാര്യം അബദ്ധത്തിന്‍റെ രൂപത്തിൽ പുറത്ത് ചാടുന്നതാണത്. കേരള തെരഞ്ഞെടുപ്പ് ഓഫിസറുടെ കാര്യാലയത്തിൽനിന്നുള്ള ഒരു ഔദ്യോഗിക എഴുത്തിൽ ബി.ജെ.പിയുടെ സീൽ പതിഞ്ഞത് അബദ്ധം പറ്റിയതാണത്രേ. അതെ, ഫ്രോയിഡിയൻ അബദ്ധം തന്നെ എന്ന് വിമർശകർ. കാർട്ടൂണിസ്റ്റുകൾക്കും അക്കാര്യത്തിൽ സംശയമില്ല. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സംഗതി വിശദീകരിച്ചിട്ടുണ്ട്: ആ ബിജെപി സീൽ വെറും ക്ലറിക്കൽ എറർ ആണത്രേ. തെരഞ്ഞെടുപ്പാണ്. ക്ളറിക്കലായാലും വേറെ ആയാലും അബദ്ധങ്ങൾ ഇല്ലാതാവുക തന്നെ വേണം.
Adjust Story Font
16
