സഖാവ് വി.എസ് അച്യുതാനന്ദൻ എന്റെ സഹനടൻ: ആദം അയൂബ്
'കന്നഡ ഒഴിച്ചുള്ള മൂന്നു ദക്ഷിണേന്ത്യൻ ഭാഷകളിലും വിദേശ ഭാഷകളായ ഇംഗ്ലീഷ്, അറബി എന്നീ ഭാഷകളിലും അഭിനയിക്കാൻ കഴിഞ്ഞു'

ഞാൻ വളരെ കുറച്ചു സിനിമകളിലേ അഭിനയിച്ചിട്ടുള്ളു. 50 വർഷത്തിൽ 25 സിനിമകൾ. പക്ഷെ, എണ്ണത്തിൽ കുറവാണെങ്കിലും, ആറു വ്യത്യസ്ത ഭാഷകളിൽ അഭിനയിച്ചു എന്നൊരു പ്രത്യേകതയുണ്ട്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, അറബി എന്നീ ഭാഷകളിൽ. മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടി ,മോഹൻലാൽ മുതൽ ആസിഫ് അലി, ഷെയ്ൻ നിഗം വരെ ഉള്ളവരോടൊപ്പം അഭിനയിച്ചു. എന്നാൽ ഇന്ന് ഞാൻ ഓർക്കുന്നത്, സിനിമാനടൻ അല്ലാത്ത , മറ്റൊരു വ്യക്തിയോടൊപ്പം അഭിനയിച്ചതാണ്.
2014 ൽ ചിത്രീകരിച്ച ആ സിനിമയുടെ പേര് “അറ്റ് വൺസ്” (At Once ) എന്നാണ്. ആ സിനിമയിൽ എന്നോടൊപ്പം അഭിനയിച്ചത്, കേരള മുഖ്യമന്ത്രിയായിരുന്ന സാക്ഷാൽ സഖാവ് വിഎസ് അച്യുതാനന്ദൻ ആണ്. പക്ഷേ അന്ന് അദ്ദേഹം മുഖ്യമന്ത്രിയല്ല, കേരള അസംബ്ലിയിലെ പ്രതിപക്ഷ നേതാവായിരുന്നു അന്ന് അദ്ദേഹം. എയിഡ്‌സ് രോഗികളുടെ കഥ പറയുന്ന ഈ സിനിമ, Aids നെകുറിച്ച് ബോധവൽക്കരിക്കുന്ന, aidsനെ സംബന്ധിച്ച തെറ്റിദ്ധാരണകൾ നീക്കുന്ന ഒരു സോദ്ദേശ സിനിമ ആയിരുന്നു. എയ്‌ഡ്‌സ് രോഗത്തിന് അടിപ്പെട്ട ചിലർ, ഒറ്റപ്പെടലിന്റെ പക തീർക്കാനായി സമൂഹത്തോട് പ്രതികാരം ചെയ്യാൻ നിരപരാധികളായ മനുഷ്യരിലേക്ക് ബോധപൂർവം Aids പടർത്തുന്ന ഞെട്ടിപ്പിക്കുന്ന രീതി നിലവിൽ പ്രചാരത്തിൽ ഉണ്ടെന്നു ഈ സിനിമ നമ്മെ ജാഗരൂകരാക്കുന്നു. ബദ്രി, ശ്വാസിക , തലൈവാസൽ വിജയ്, കൊച്ചു പ്രേമൻ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ. പിന്നീട് സിനിമകളിൽ തിരക്കേറിയ നടി ആയിത്തീർന്ന ശ്വാസികയുടെ ആദ്യ സിനിമ ആയിരുന്നു ഇത് എന്നാണ് എന്റെ ഓർമ്മ. കൂടാതെ ജഗദീഷ്, ഇന്ദ്രൻസ് എന്നിവരും ഗെസ്റ് റോളുകളിൽ തിളങ്ങി. നിരാലംബരായ രോഗികൾക്ക് വേണ്ടി ‘ ഫെതർ ടച്’ എന്ന പേരിൽ ഒരു ആശുപത്രി നടത്തുന്ന, മനുഷ്യസ്നേഹിയായ ഒരു ഡോക്ടറുടെ പ്രധാനപ്പെട്ട കഥാപാത്രമാണ് ഞാൻ അവതരിപ്പിച്ചത്. തന്റെ ആശുപത്രിയിലെ അന്തേവാസികളുടെ ഹൃദയ വാർജകമായ കഥകൾ പുസ്തക രൂപത്തിലാക്കിയ ഡോക്ടറുടെ പുസ്തക പ്രകാശനം നടത്തുന്ന പ്രതിപക്ഷ നേതാവിന്റെ രംഗത്തിലാണ് സഖാവ് അച്യുതാനന്ദൻ അഭിനയിച്ചത്. ആശുപത്രിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പ്രസംഗിച്ചുകൊണ്ടു പുസ്തകം പ്രകാശനംചെയ്യുന്നതാണ് രംഗം. ആശുപത്രിയുടെ പ്രധാന ഹാളിൽ വെച്ച് നടന്ന സമ്മേളനത്തിൽ രോഗികളും മറ്റു സ്റ്റാഫുകളും ഉൾപ്പടെ തിങ്ങി നിറഞ്ഞ സദസ്സിലായിരുന്നു പുസ്തക പ്രകാശന ചടങ്. എന്നാൽ ഈ വേദിയിലേക്ക് സഖാവ് അച്യുതാനന്ദനെ കൊണ്ട് വരിക പ്രായോഗികമല്ല. അതുകൊണ്ടു തിങ്ങിനിറഞ്ഞ ഓഡിറ്റോറിയവും വേദിയിലിരിക്കുന്ന അതിഥികളെയും ആശുപത്രിയുടെ ലൊക്കേഷനിൽ വെച്ച് തന്നെ ചിത്രീകരിച്ചു. ഇവിടെ അച്യുതാനന്ദന്റെ മുഖം വ്യക്തമാക്കാതെ ഡ്യൂപ്പിനെയാണ്ഉ പയോഗിച്ചത്, പിന്നീട് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൌസിൽ വെച്ച് എന്റെയും അച്യുതാനന്തന്റെയും ക്ലോസപ്പുകൾ ചിത്രീകരിച്ചു. അദ്ദേഹം വളരെ സൗമ്യമായും മാന്യമായുമാണ് എന്നോട് സംസാരിച്ചത്. എഴുതിക്കൊടുത്ത പ്രസംഗം അദ്ദേഹം നോക്കി വായിക്കുകയാണ് ചെയ്തത്. അത് വളരെ കൃത്യതയോടെ ശബ്ദലേഖകൻ റെക്കോർഡ് ചെയ്യുകയും ചെയ്തു. അതുകൊണ്ടു ,ഡബ്ബിങ് ഇല്ലാതെ, അദ്ദേഹത്തിന്റെ ശബ്ദം തന്നെ സിനിമയിൽ ഉപയോഗിക്കാൻ പറ്റി. ഇതായിരുന്നു അച്യുതാനന്ദന്റെ ആദ്യത്തെ സിനിമ അഭിനയം. സിനിമയുടെ പോസ്റ്ററുകളിലും അദ്ദേഹത്തിന്റെ മുഖം പ്രാധാന്യത്തോടെ കൊടുത്തിരുന്നു.
ഇതിനു രണ്ടു വർഷത്തിന് ശേഷം, 2016 ൽ, അദ്ദേഹം മറ്റൊരു സിനിമയിലും കൂടി അഭിനയിച്ചു, “ക്യാമ്പസ് ഡയറി”. ഈ സിനിമയിലും അദ്ദേഹം, മറ്റൊരു കഥാപാത്രം ആകാതെ ,തന്നെതന്നെയാണ് അവതരിപ്പിച്ചത്. പ്രസിദ്ധമായ ഒരു പാനീയ ഉല്പാദന കമ്പനിയുടെ ജല ചൂഷണത്തിനെതിരെ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രസംഗിക്കുന്ന അച്യുതാനന്ദനെയാണ് ആ സിനിമയിൽ കണ്ടത്. ഞാൻ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത എല്ലാ ചിത്രങ്ങളെയും കുറിച്ച് ഈ ഓർമ്മ കുറിപ്പുകളിൽ വിശദമായി പ്രതിപാദിക്കുന്നില്ല. എങ്കിലും ചില അന്യ ഭാഷാ ചിത്രങ്ങളെ കുറിച്ച് പരാമർശിക്കുന്നത് ഉചിതമാവും എന്ന് കരുതുന്നു. 2007 ൽ ഞാൻ അഭിനയിച്ച “അവർ ലേഡി ഓഫ് ലൂർദ്” എന്ന ഇംഗ്ലീഷ് സിനിമ പൂർണ്ണമായും കേരളത്തിൽ വച്ചാണ് ചിത്രീകരിച്ചത്.
എൻറെ സുഹൃത്ത് വി ആർ ഗോപിനാഥ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ആന്ധ്രാക്കാരനായ കമലാകർ റാവു ആയിരുന്നു നിർമ്മാതാവ്. ബെർണാഡെറ്റ് നോയിസിയെക്സ് എന്ന ഫ്രഞ്ച് പെൺകുട്ടിക്ക്, ഫ്രാൻസിലെ ലൂർദ് പട്ടണത്തിനടുത്തുള്ള “ഗ്രോട്ടോ “ യിൽ വെച്ച മേരി മാതാവിന്റെ ദർശനം ഉണ്ടാകുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഫ്രാൻസിലെ ലൂർദ് പട്ടണത്തിൽ വെച്ച് നടക്കുന്ന കഥ, പൂർണമായും ചിത്രീകരിച്ചത് ,തിരുവന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയയിലും, പൊന്മുടിയിലുമാണ്. ലൂർദ് പട്ടണത്തിലെ ഗാവ് ഡി പൗ എന്ന നദീതീരത്തു സ്ഥിതി ചെയ്യുന്ന മാസ്സബിയേൽ ഗ്രോട്ടോ, ആദ്യം ഒരു പന്നിവളർത്താൽ കേന്ദ്രമായിരുന്നു. വൃത്തിഹീനവും ഇരുട്ടു നിറഞ്ഞതുമായ ആ സ്ഥലത്തു വെച്ചാണ് ബെർണാഡിറ്റിന് ആദ്യമായി 1858 ലും പിന്നീട് തുടർച്ചയായും മേരി മാതാവിന്റെ ദര്ശനമുണ്ടാവുന്നതു. പിന്നീട് ആ ഗ്രോട്ടോ ഒരു പുണ്യ തീർഥാടന കേന്ദ്രമായി മാറി. ചരിത്ര പ്രസിദ്ധമായ ഈ ഗ്രോട്ടോ ആയിരുന്നു സിനിമയുടെ ഏറ്റവും പ്രധാന ലൊകേഷൻ. പ്രസിദ്ധ കല സംവിധായകനായ രാധാകൃഷ്ണനാണ്, ചിത്രാഞ്ജലി സ്റ്റിഡിയോയുടെ ലാൻഡ് സ്‌കേപ്പിൽ ഈ ഗ്രോട്ടോ പുനരാവിഷ്കരിച്ചതു. ഈ സിനിമയിലെ ബെർണാഡറ്റിനെ അവതരിപ്പിക്കാൻ, തിരുവന്തപുരത്തു താമസമായിരുന്ന ഒരു ഫ്രഞ്ച് പെൺകുട്ടിയെ തന്നെ കിട്ടി. ഫ്രഞ്ച് സാംസ്‌കാരിക കേന്ദ്രമായ അലയൻസ് ഫ്രാൻസൈസ് വഴിയാണ് അവരെ കണ്ടെത്തിയത്. അജ് നാ നോയിസ്ക്കസ് എന്ന പെണ്കുട്ടിയാണ് ബെർണാഡിറ്റിന്റെ വേഷം ചെയ്തത്. അവളുടെ അമ്മയായി അവളുടെ സ്വന്തം അമ്മ തന്നെ അഭിനയിച്ചു. ഞങ്ങൾ മൂന്നു മലയാളികളാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്തത്. ഡോക്ടർ ആയി മധുപാലും, പബ്ലിക് പ്രോസെക്ക്യൂട്ടർ ആയി മുരളി മേനോനും, ലൂർദ് നഗര സഭയിലെ മേയർ ആയി ഞാനും അഭിനയിച്ചു. കലാപരമായി മേന്മ പുലർത്തുന്ന ഒരു സിനിമ ആയിരുന്നു ഇത്. ഇന്ത്യയിലും വിദേശത്തും സിനിമ പ്രദര്ശിപ്പിക്കപ്പെട്ടു. വത്തിക്കാൻ റേഡിയോ ആർകൈവ് ഈ സിനിമയുടെ ശക്തമായ കലാപരമായ ആവിഷ്ക്കാരത്തെ പ്രകീര്തിച്ചു. പ്രത്യേകിച്ചും ഗ്രോറ്റോയുടെ സെറ്റ് വളരെ മനോആഹാരവും, യാഥാർഥ്യത്തോടെ ചേർന്ന് നിൽക്കുന്നതുമായിരുന്നു. വിവിധ അന്തർദേശീയ ചലച്ചിത്രമേളകളിൽ ഈ ചിത്രം പുരസ്‌ക്കാരങ്ങൾ നേടി. അമേരിക്കയുടെ സാൻ ഡിയാഗോ ഫിലിം ഫെസ്റ്റിവൽ, യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ അന്തർദേശീയ ചലച്ചിത്രോത്സവം, വത്തിക്കാൻ കാത്തോലിക് ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ “അവർ ലേഡി ഓഫ് ലൂർദ്” പുരസ്‌ക്കാരങ്ങൾ നേടി.
കുവൈത് ടെലിവിഷൻ നിർമ്മിച്ച ഒരു അറബി സീരിയൽ ആയിരുന്നു എന്റെ മറ്റൊരു പ്രധാന അന്യഭാഷാ അഭിനയം. “ ഗസാത്തുൽ ഹനീൻ” എന്ന സീരിയലിന്റെ എണ്പത് ശതമാനത്തോളം ഭാഗങ്ങൾ കേരളത്തിൽ വെച്ചാണ് നടക്കുന്നത്. കോഴിക്കോടും പരിസര പ്രാദേശങ്ങളിലും വെച്ചായിരുന്നു ഇതിന്റെ ചിത്രീകരണം. ഇതിന്റെ ഇന്ത്യയിലെ ലൈൻ പ്രൊഡ്യൂസർ, എന്റെ വിദ്യാർത്ഥി കൂടിയായ സംവിധായകൻ അലി അക്ബർ ആയിരുന്നു. സമ്പന്നമായ ഒരു അറബി കുടുംബത്തിലെ, ഇന്ത്യക്കാരനായ, വിശ്വസ്തനായ മനസ്സാക്ഷി സൂക്ഷിപ്പുകാരന്റെ വേഷമായിരുന്നു എനിക്ക്. അറബ് ലോകത്തെ പ്രശസ്തരായ അഭിനേതാക്കളായിരുന്നു പ്രധാന വേഷങ്ങളിൽ . ഒരു മണിക്കൂർ വീതം ദൈർഘ്യമുള്ള മുപ്പതു എപ്പിസോഡുകൾ ആയിരുന്നു സീരിയൽ. ഇത് ഒരു അറബി സീരിയൽ ആയിരുന്നെങ്കിലും ആദ്യത്തെ കുറച്ചു എപ്പിസോഡുകളിൽ എന്റെ സംഭാഷണം മാത്രം ഉർദുവിൽ ആയിരുന്നു. അത് അവർ അറബിയിൽ സബ്ടൈറ്റിൽ ചെയ്യുമെന്ന് പറഞ്ഞു. പിന്നീട് എന്റെ സംഭാഷണവും അറബിയിൽ തന്നെ ആക്കി. ലൈവ് റെക്കോർഡിങ് ആയിരുന്നത് കൊണ്ട് പ്രോംറ്റിംഗ് ഒന്നുമില്ല. മുഴുവൻ സംഭാഷണവും മനഃപാഠം പഠിച്ചു സ്ഫുടമായി പറയണമായിരുന്നു. ടെലികാസ്റ് ചെയ്യേണ്ട സൗണ്ട് ട്രാക്ക് ആയതുകൊണ്ട് ബാഹ്യ ശബ്ദങ്ങളുടെ അലോസരമില്ലാതെ റെക്കോർഡ് ചെയ്യാനുള്ള സാങ്കേതിക സംവിധാനങ്ങളും വിദഗ്ധരും ഉണ്ടായിരുന്നു. എന്നെ സംബന്ധിച്ച് അതൊരു വലിയ വെല്ലുവിളി തന്നെ ആയിരുന്നു. എങ്കിലും സംവിധായകന്റെയും സഹ അഭിനേതാക്കളുടെയും പ്രശ്‌നംസ നേടാൻ കഴിഞ്ഞു എന്ന് ചാരിതാർഥ്യത്തോടെ സ്മരിക്കുന്നു. ഈ സീരിയൽ കുവൈത് ടെലിവിഷനിൽ മാത്രമല്ല പല അറബി ചാനലുകളിലും ആവർത്തിച്ച് സംപ്രേഷണം ചെയ്തു എന്ന് പിന്നീട് അറിയാൻ കഴിഞ്ഞു. എനിക്ക് ഒരു മാസത്തോളം ഷൂട്ടിംഗ് ഉണ്ടായിരുന്നു.
മറ്റൊരു പ്രധാന അന്യഭാഷാ ചിത്രം “ദൃശ്യം-2 “ വിന്റെ തെലുങ്കു പതിപ്പിൽ ആയിരുന്നു. സുരേഷ് പ്രൊഡക്ഷൻസ് നിർമിച്ച ഈ സിനിമയിൽ വെങ്കടേഷ് ആയിരുന്നു മലയാളത്തിലെ മോഹൻലാലിൻറെ വേഷം ചെയ്തത്.നായിക മീന തന്നെ ആയിരുന്നു. “ദൃശ്യം-2 “ ൽ മലയാളത്തിൽ ഞാൻ ജഡ്ജിയുടെ വേഷം ചെയ്തിരുന്നല്ലോ. തെലുങ്കിൽ ഈ വേഷം ചെയ്യാൻ, തെലുങ്ക് സിനിമയിലെ പ്രശസ്തനായ ഒരു പഴയ നായക നടനെയാണ് കാസ്റ് ചെയ്തിരുന്നത്. അദ്ദേഹം ലൊക്കേഷനിൽ എത്തി മേക്കപ്പും കോസ്റ്റ്യൂം ഒക്കെ ധരിച്ച് ക്യാമറയ്ക്ക് മുമ്പിൽ വന്നു എങ്കിലും പ്രായാധിക്യത്തിന്റെ അവശതകൾ കാരണം അദ്ദേഹത്തിന് അത് ചെയ്യാൻ കഴിഞ്ഞില്ല. വളരെ കൃത്യമായി ആസൂത്രണം ചെയ്ത ഷൂട്ടിംഗ് ഷെഡ്യൂൾ ആയിരുന്നത് കൊണ്ട് ഏതെങ്കിലും തരത്തിലുള്ള കാലതാമസമോ മുടക്കമോ വന്നാൽ നിശ്ചയിച്ച സമയത്തു ഷൂട്ടിംഗ് പൂർത്തിയാക്കാനോ , റിലീസ് ചെയ്യാനോ കഴിയില്ല. അദ്ദേഹത്തെ ഒരുവിധം പറഞ്ഞയച്ചു. പകരക്കാരനെ കുറിച്ചുള്ള അന്വേഷണമായി. അപ്പോൾ നിർമ്മാതാവ് സുരേഷ് പറഞ്ഞു.:- “നിങ്ങളുടെ മലയാളത്തിലെ ജഡ്ജിയെ കിട്ടുമോ ?” “ പക്ഷെ അദ്ദേഹത്തിന് തെലുങ്ക് അറിയാമോ എന്നറിയയില്ല“ സംവിധായകൻ ജിത്തു ജോസഫ് പറഞ്ഞു.
സഹസംവിധായകനായ എന്റെ മകൻ അർഫാസിനോട് ചോദിച്ചു ➖ “ അച്ഛന് തെലുങ്കു അറിയാമോ ?” “അറിയാമെന്നാണ് തോന്നുന്നത്. ഞാൻ വിളിച്ചു ചോദിക്കാം” അർഫാസ് പറഞ്ഞു. എന്നെ വിളിച്ചു ചോദിച്ചു. അറിയാമെന്നു ഞാൻ പറഞ്ഞു. ഫിലിം ഇൻസ്റ്റിറ്റിയൂട്ടിലെ പഠന കാലത്തു സഹപാഠികളിൽ നിന്ന് തമിഴ്, തെലുങ്കു, കന്നഡ എന്നീ ഭാഷകൾ ഞാൻ സ്വായത്തമാക്കിയിരുന്നു. “ എങ്കിൽ സാർ രാവിലത്തെ ഫ്‌ളൈറ്റിൽ ഹൈദരാബാദിൽ എത്തണം. ടിക്കറ്റ് അയക്കുന്നുണ്ട്” പിന്നീട് സംസാരിച്ച പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞു. അങ്ങിനെ ഞാൻ പിറ്റേ ദിവസം ഹൈദരാബാദിൽ എത്തി. തെലുങ്കിലെ ദൃശ്യം 2 ൽ ജഡ്ജിയായി അഭിനയിച്ചു. എന്നെ തെലുങ്ക് സംഭാഷണം പഠിപ്പിക്കാൻ തെലുങ്കനായ ഒരു അസ്സോസിയേറ്റ് ഡയറക്ടറെ പ്രത്യേകം ഏർപ്പാട് ചെയ്തിരുന്നു. അങ്ങിനെ കന്നഡ ഒഴിച്ചുള്ള മൂന്നു ദക്ഷിണേന്ത്യൻ ഭാഷകളിലും, വിദേശ ഭാഷകളായ ഇംഗ്ലീഷ്, അറബി എന്നീ ഭാഷകളിലും അഭിനയിക്കാൻ കഴിഞ്ഞു. എണ്ണത്തിൽ കുറവാണെങ്കിലും എന്റെ അഭിനയ ജീവിതത്തെ ധന്യമാക്കിയ സിനിമകളായിരുന്നു ഈ അന്യഭാഷാ ചിത്രങ്ങൾ.
Adjust Story Font
16

