Quantcast

യുദ്ധഭ്രാന്തും തനി ഭ്രാന്തും—അമേരിക്ക ഒറ്റപ്പെടുന്നു, “സ്ലോപ്പഗാൻഡ”—ഇറാന്‍റെ പ്രചാരണായുധം

ട്രംപിന്‍റെ മാനസികാരോഗ്യത്തെ സംബന്ധിച്ച ആശങ്കകൾ വർധിച്ചതോടെ, അമേരിക്കൻ പാർലമെന്‍റിൽ അദ്ദേഹത്തെ പ്രസിഡന്‍റ് പദവിയിൽനിന്ന് നീക്കാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂടി. ഭരണഘടനയുടെ ഇരുപത്തിയഞ്ചാം ഭേദഗതി അതിന് വ്യവസ്ഥ ചെയ്യുന്നുണ്ട്. ട്രംപിന്‍റെ ഭരണം തീർന്നുകാണാൻ മോഹിക്കുന്നവർ അതിലേക്ക് കൗണ്ട് ഡൗൺ തുടങ്ങിയിട്ടുമുണ്ട്.

MediaOne Logo
യുദ്ധഭ്രാന്തും തനി ഭ്രാന്തും—അമേരിക്ക ഒറ്റപ്പെടുന്നു, “സ്ലോപ്പഗാൻഡ”—ഇറാന്‍റെ പ്രചാരണായുധം
X

യുദ്ധഭ്രാന്തും തനി ഭ്രാന്തും—അമേരിക്ക ഒറ്റപ്പെടുന്നു

നാട്ടിലും മറുനാട്ടിലും ആകാശത്തും ഒക്കെ വാർത്ത നിറഞ്ഞ ദിവസങ്ങളാണ് കഴിഞ്ഞത്. ഇന്ത്യയിൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ. അങ്ങ് പശ്ചിമേഷ്യയിൽ യുദ്ധവും വെടിനിർത്തലും വെടിനിർത്തൽ ലംഘനവും. ഭൂമിക്കപ്പുറത്ത്, ചന്ദ്രന്‍റെ മറുപുറത്തേക്ക്, ഒരു സഞ്ചാരം.

അമേരിക്കയുടെ അഭിമാന നിമിഷങ്ങൾ അതിവേഗം വാർത്തയിൽനിന്ന് പുറന്തള്ളപ്പെടാൻ ഒരു കാരണം ഡോണൾഡ് ട്രംപിന്‍റെ ഭ്രാന്തൻ ജല്പനങ്ങൾ ആ സ്ഥാനം അപഹരിച്ചതാണ്. ചാന്ദ്രദൗത്യമായ ആർട്ടമിസ്‌ അമേരിക്കയുടെ അഭിമാനമായി മാധ്യമങ്ങളിൽ നിറയേണ്ടതായിരുന്നു. എന്നാൽ, റോളിങ് സ്റ്റോൺ മാഗസിനിൽ മാക് വില്യം ബിഷപ് എഴുതിയ പോലെ, (‘American Greatness, American Barbarism’, Mac William Bishop, Rolling Stone) അതിനേക്കാൾ കൂടുതലായി ഇറാൻ യുദ്ധം അമേരിക്കയുടെ മ്ലേച്ഛത വെളിപ്പെടുത്തി. പ്രത്യേകിച്ച്, "ഒരു നാഗരികത ഇന്ന് രാത്രി ചത്തൊടുങ്ങാൻ പോകുന്നു" എന്ന ട്രംപിന്‍റെ പോസ്റ്റ്. അഹന്ത നിറഞ്ഞ അസഭ്യങ്ങളോടെ, വിവേകത്തിന്‍റെ മറുപുറം കണ്ടവനെ പോലെ, ട്രംപ് ഇറാന് കുറച്ചു മണിക്കൂറുകൾ അനുവദിച്ചു, ഹുർമൂസിലെ പിടിവിടാൻ.

മാറിക്കൊണ്ടിരുന്ന യുദ്ധ ലക്ഷ്യങ്ങൾ; ചെയ്യുന്നത് എന്തെന്നറിയാത്ത ഭരണാധികാരി—ട്രംപിനും അമേരിക്കക്കുമെതിരെ ഇൻറർനെറ്റിൽ ഏറ്റവും കൂടുതൽ മീമുകൾ പ്രചരിച്ച ആഴ്ച കൂടിയായിരുന്നു ഇത്.

ഇറാൻകാരാകട്ടെ ഭീഷണിക്ക് മുൻപിൽ ചൂളാതെ, പ്രധാന പാലങ്ങളിലും മറ്റും മനുഷ്യച്ചങ്ങല കൊണ്ട് പ്രതിരോധം തീർത്തു. യുദ്ധകുറ്റങ്ങൾ, ട്രംപിന്‍റെ മാനസികനില, യുദ്ധം ഇനി ഏത് ദിശയിലേക്ക് എന്ന പരിഭ്രാന്തി, മാനുഷിക ദുരന്തത്തിന്‍റെ വ്യാപ്തി എന്നിവയെല്ലാം മാധ്യമങ്ങളുടെ ചർച്ചയിൽ വന്നു.

ലോകം ഇങ്ങനെ മുൾമുനയിൽ നിൽക്കുമ്പോൾ അതുപോലും റേറ്റിങ് കൂട്ടാനുള്ള സസ്പെൻസ് ത്രില്ലറാക്കി ആഘോഷപൂർവ്വം ഉപയോഗിച്ച മാധ്യമങ്ങളും ഉണ്ട്. അതിലൊന്ന്, ഇസ്രായേലിലെ ചാനൽ 13ആണ്.

ഒന്നാലോചിച്ചു നോക്കുക. വകതിരിവില്ലാത്ത ഒരു ഭരണാധികാരി. ആണവായുധമടക്കം വിരൽത്തുമ്പത്തുള്ളയാൾ. അയാൾ, ഒരു മഹാരാജ്യത്തെ മുഴുവൻ ചുട്ടു ചാമ്പലാക്കാൻ പോകുന്ന സമയം പ്രഖ്യാപിക്കുന്നു. എന്നിട്ട് ടി.വി ചാനലിലുള്ളവർ അതിലേക്ക് പ്രേക്ഷക താൽപര്യം നിർമ്മിച്ചെടുക്കുന്നു! ഗാലറിയിലിരുന്ന് വംശഹത്യ കാണാനും കാണിക്കാനുമുള്ള ഒരു മാധ്യമത്തിന്‍റെ നെറികെട്ട ആവേശം!

ഏതായാലും പേർഷ്യൻ നാഗരികത തകർക്കപ്പെട്ടില്ല. പിറ്റേന്നത്തെ വാർത്ത ഇറാൻ തകർന്നു എന്നല്ല, അമേരിക്ക വഴങ്ങി എന്നായിരുന്നു. ഒരു “മഹാദൃശ്യം” ടി.വി ചാനലുകൾക്ക് നഷ്ടമായി!

മറ്റൊരുതരത്തിൽ ഇതൊരു ലാഭക്കച്ചവടമാക്കാമെന്നു കണ്ടെത്തിയ വേറെയും ചിലരുണ്ടായിരുന്നു. സി.എൻ.ബി.സി ചാനൽ ഉദാഹരണം. ഇറാനെ തകർക്കുമെന്ന ട്രംപിന്‍റെ ഭീഷണി ഓഹരിക്കമ്പോളത്തിൽ ലാഭമുണ്ടാക്കുമോ അതോ നഷ്ടമുണ്ടാക്കുമോ എന്നായിരുന്നു അതിൽ ചർച്ച. വംശഹത്യയുടെ സ്റ്റോക്ക് മാർക്കറ്റ്സാധ്യത പരിശോധിച്ച ഈ ചാനലും ട്രംപിന്‍റെ പിന്മാറ്റ വാർത്ത കേട്ട് നിരാശപ്പെട്ടിരിക്കണം.

ആഘോഷിക്കാൻ വകയുണ്ടായത് ശരിക്കും ഇറാനാണ്. എതിർപക്ഷം യുദ്ധത്തിന് പറഞ്ഞ ലക്ഷ്യങ്ങളൊന്നും നേടാതെ, ഇറാൻ മുന്നോട്ടുവെച്ച പത്ത് ഉപാധികൾ അംഗീകരിച്ച് (ഇതിൽ നിന്ന് പിന്നീട് ഭാഗികമായി പിൻവാങ്ങിയത് മറ്റൊരു നെറികേട്), വെടിനിർത്തലിന് സമ്മതിച്ചു. പുറമേ രണ്ട് മർമ്മ പ്രധാനമായ തിരിച്ചടികൾ അമേരിക്കക്കും ട്രംപിനും ഉണ്ടായി. ഒന്ന്, ചൈനയും റഷ്യയും ഇറാന് പശ്ചാത്തല പിന്തുണയുമായി രംഗത്തെത്തിയത്; രണ്ട്, യുഎസ്-ഇസ്രായേൽ പക്ഷത്തിന്‍റെ ഭിന്നിപ്പും ഒറ്റപ്പെടലും.

വാക്ക് തെറ്റിക്കുക എന്ന പാരമ്പര്യം നിലനിർത്തിക്കൊണ്ട് ഇസ്രായേൽ, ലെബനാനിൽ ബോംബ് വർഷം തുടർന്നു. വെടിനിർത്തൽ ധാരണയുടെ ലംഘനം തന്നെ. വെടിനിർത്തൽ പ്രഖ്യാപനത്തിന്‍റെ അന്ന് രാത്രി നെതന്യാഹു ട്രംപിനെ ഫോണിൽ വിളിച്ച് ശകാരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നെതന്യാഹുവിന് ട്രംപിന്‍റെ മേലുള്ള ഈ പിടുത്തം ശരിക്കും എന്താണ്? അത് നമുക്ക് അറിയില്ല. അറിയാവുന്നത്, വെടിനിർത്തൽ കരാറിൽ ലെബനാൻ ഉൾപ്പെടില്ലെന്ന നെതന്യാഹുവിന്‍റെ വാദം ശുദ്ധ കളവാണ് എന്നാണ്.

യുഎസ്-ഇസ്രായേൽ സഖ്യത്തിന്‍റെ കരാർ ലംഘനം അവരുടെ തന്നെ വിശ്വാസ്യത പിന്നെയും ഇടിച്ചു. ഒപ്പം, ട്രംപിന്‍റെ ഇസ്രായേലി ദാസ്യം ഒന്നുകൂടി വ്യക്തമായി. ഈ അനാവശ്യ യുദ്ധം അമേരിക്കയെയും ട്രംപിനെയും ഇസ്രായേലിനെയും കൂടുതൽ ഒറ്റപ്പെടുത്തി.

ട്രംപിന്‍റെ മാനസികാരോഗ്യത്തെ സംബന്ധിച്ച ആശങ്കകൾ വർധിച്ചതോടെ, അമേരിക്കൻ പാർലമെന്‍റിൽ അദ്ദേഹത്തെ പ്രസിഡന്‍റ് പദവിയിൽനിന്ന് നീക്കാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂടി. ഭരണഘടനയുടെ ഇരുപത്തിയഞ്ചാം ഭേദഗതി അതിന് വ്യവസ്ഥ ചെയ്യുന്നുണ്ട്. ട്രംപിന്‍റെ ഭരണം തീർന്നുകാണാൻ മോഹിക്കുന്നവർ അതിലേക്ക് കൗണ്ട് ഡൗൺ തുടങ്ങിയിട്ടുമുണ്ട്.

മറ്റൊരു സംഭവവികാസം, യു.എസ് സൈനിക മേധാവികൾ ട്രംപ് സർക്കാറിന്‍റെ കൽപ്പന ധിക്കരിക്കാനും വേണ്ടിവന്നാൽ രാജിവെക്കാനും തയ്യാറായതാണ്. 30 ജനറൽമാരാണ്, ഇറാനിൽ കരയുദ്ധം നടത്തണമെന്ന ഉത്തരവിനെ ധിക്കരിച്ചത്. അതിൽ 12 പേർ ഇതിനകം രാജി വെക്കുകയോ പുറത്താക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.

അനേകം രാജ്യങ്ങൾ അമേരിക്കയുടെ കൂട്ട് ഉപേക്ഷിച്ചു. ഏറ്റവും അടുത്ത യൂറോപ്യൻ രാജ്യങ്ങൾ അതിൽ ഉൾപ്പെടുന്നു.

ട്രംപിനും അമേരിക്കക്കും നഷ്ടം മാത്രം നൽകിയ യുദ്ധമാണിത്. ഇറാൻ യുദ്ധം എന്ന് തീരുമെന്ന് പറയാറായില്ല പക്ഷേ അമേരിക്കയുടെ തോൽവി—അത് നടന്നു കഴിഞ്ഞിരിക്കുന്നു.

“സ്ലോപ്പഗാൻഡ”—ഇറാന്‍റെ പ്രചാരണായുധം

യുദ്ധകാല ജേണലിസം പ്രയാസമേറിയതാണ്—ജേണലിസ്റ്റുകളെ ലക്ഷ്യമിട്ട് കൊല്ലുന്നത് ഇസ്രായേൽ നോർമലൈസ് ചെയ്തിരിക്കെ വിശേഷിച്ചും. ഗസ്സയിൽ അൽജസീറയുടെ മുബാശിറ ചാനലിലെ റിപ്പോർട്ടർ മുഹമ്മദ് വശാഹിനെയും സംഘത്തെയും ഇസ്രായേൽ ചുട്ടുകൊന്നു.

അൽ ജസീറയുടെ അനേകം ജേണലിസ്റ്റുകളെ ഇസ്രായേൽ ഇതിനകം വധിച്ചിട്ടുണ്ട്. കൊല്ലപ്പെടും എന്നുറപ്പുണ്ടായിട്ടും മാധ്യമധർമ്മം ധീരമായി തുടരുന്നു ഗസ്സ ജേണലിസ്റ്റുകൾ.

മാധ്യമ സ്ഥാപനങ്ങളെയും മാധ്യമപ്രവർത്തകരെയും ഉന്നമിടുന്ന ഇസ്രായേൽ, രാജ്യത്തിനുള്ളിൽ സെൻസർഷിപ്പ് നടപ്പാക്കുന്നുണ്ട്. ഇറാൻ മിസൈലുകൾ ഇസ്രായേലിൽ ഉണ്ടാക്കിയ വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്ത ഇസ്രായേലി മാധ്യമങ്ങളെ, രാജ്യത്തിന്‍റെ മനോവീര്യം തകർക്കുന്നു എന്നുപറഞ്ഞ് നെതന്യാഹു ഈയിടെ പരസ്യമായി അധിക്ഷേപിച്ചു.

മുഖ്യധാരാ മാധ്യമങ്ങളിൽ നിന്ന് നേരറിയാൻ പറ്റാതെ വരുമ്പോൾ ഇസ്രായേലികൾ ഓൺലൈൻ വാർത്തകൾ പരതും. അവിടെയും സത്യമേത് പ്രചാരണമേത് എന്ന് തിരിച്ചറിയാത്ത സ്ഥിതി.

ഇറാനിലുമുണ്ട് സെൻസർഷിപ്പും മാധ്യമ നിയന്ത്രണവും. ഇസ്രായേലി പ്രോപഗൻഡയും ചാരപ്പണിയും തടയാൻ ഇപ്പോൾ അവിടെ ഇന്‍റർനെറ്റ് വിലക്കുമുണ്ട്. ഇസ്രായേൽ വ്യാജ വാർത്തകളിറക്കി പൊരുതുമ്പോൾ, ഇറാൻ കാർട്ടൂൺ വീഡിയോകൾ ഇറക്കി പരിഹസിക്കുന്നു. ഇസ്രായേലാകട്ടെ, ഈയിടെ പേർഷ്യൻ ഭാഷയിൽ പ്രത്യേക പ്രചാരണങ്ങൾ ഇറക്കിത്തുടങ്ങി.

ഇറാൻ ഇടക്കിടെ ഇറക്കുന്ന വിഡിയോകൾ വൈറലാകുന്നുണ്ട്. ലെഗോ നിർമ്മാണകളിപ്പാട്ടങ്ങളെ കഥാപാത്രമാക്കിയുള്ള ഇവ, അമേരിക്കയെയും ട്രംപിനെയും അവരുടെ ഇസ്രായേൽ ദാസ്യത്തെയും തുറന്നു കാട്ടുന്ന നിർമിത ബുദ്ധി (എ.ഐ) വിഡിയോകളാണ്.

അമേരിക്കൻ ചരിത്രവും സംസ്കാരവും അറിഞ്ഞുള്ള ഉള്ളടക്കം, മൂർച്ചയുള്ള, കുറിക്ക് കൊള്ളുന്ന അവതരണം, ജെൻ-സീ (Gen Z) യിൽ തൽക്ഷണം ഓളങ്ങളുണ്ടാക്കുന്ന ആവിഷ്കാരം—ഈ “ലെഗോ വിഡിയോ”കൾ പ്രചാരണ യുദ്ധരംഗത്തെ ഏറ്റവും പുതിയ ആയുധമാണ്. യുദ്ധത്തെ ഒരു ബാലകഥയാക്കുന്ന ശൈലി. ട്രംപും നെതന്യാഹുവും സാത്താനും എപ്പ്സ്റ്റീൻ ഫയൽസിന്‍റെ കെണിയുമെല്ലാം ഇതിൽ പ്രത്യക്ഷപ്പെടുന്നു. എക്സ്‌പ്ലോസീവ് മീഡിയ എന്ന ഇറാൻ അനുകൂല ഗ്രൂപ്പിന്‍റെ ഈ വിവരയുദ്ധം ഫലം ചെയ്യുന്നുണ്ട്.

ജേണലിസ്റ്റ് കൊലയും സെൻസർഷിപ്പും വ്യാജ വാർത്തകളുമാണ് ഇസ്രായേലിന് ആയുധം. ഇറാനാകട്ടെ, വസ്തുതയും നിലപാടും ആധാരമാക്കി പ്രചാരണത്തിന് പുതിയ മുഖം തന്നെ നൽകുന്നു. ലോകത്തെ പുതിയ എ.ഐ പ്രചാരണ ആയുധമായ ലെഗോ വിഡിയോകൾ അഥവാ “സ്ലോപ്പഗാൻഡ” (Slops + Propaganda: Slopaganda) പോർമുഖത്തിന് പുറത്തും തരംഗമാകുന്നുണ്ട്.

TAGS :

Next Story