കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് സിപിഎം പിബി

കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് സിപിഎം പിബി
സീതാറാം യെച്ചൂരിയുടെ വിയോജിപ്പോടെയാണ് പിബി തീരുമാനം.
കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം വേണമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലാപട് പോളിറ്റ് ബ്യൂറോ തള്ളി. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിലേക്കുള്ള രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസിനോടുള്ള നിലപാടില്‍ മാറ്റം വരുത്തേണ്ടെന്ന് ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയോടെ പിബി തീരുമാനിച്ചു. ഇക്കാര്യം അടുത്ത കേന്ദ്ര കമ്മറ്റി യോഗത്തെ അറിയിക്കും. അതേസമയം യെച്ചൂരിയുടെ വിയോജനക്കുറിപ്പും കേന്ദ്ര കമ്മറ്റിയില്‍ ചര്‍ച്ചക്ക് വരും.
അടുത്ത ഏപ്രിലില്‍ ഹൈദരാബാദില്‍ നടക്കുന്ന 22ആം പാര്‍ട്ടി കോണ്‍ഗ്രസില്‍ പരിഗണിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരടിനുള്ള രൂപരേഖയിന്മേലാണ് ഇന്ന് ചേര്‍ന്ന പോളിറ്റ് ബ്യൂറോയില്‍ ചര്‍ച്ച നടന്നത്. ഇതിലാണ് കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമോ സഹകരണമോ വേണ്ടെന്ന വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയനയത്തില്‍ മാറ്റം വേണ്ടെന്ന തീരുമാനമെടുത്തത്. നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് ബിജെപിക്കെതിരായ വിശാല ഐക്യമെന്ന നിലയില്‍ കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമാകാമെന്ന സീതാറാം യെച്ചൂരിയുടെ നിലപാടിന് ബംഗാള്‍ ഘടകത്തിന്റെയൊഴികെ മറ്റാരുടെയും പിന്തുണ ലഭിച്ചില്ല.
ബിജെപി മുഖ്യ ശത്രുവാണെങ്കിലും നവ ഉദാരീകരണ സാമ്പത്തിക നയങ്ങള്‍ ഉപേക്ഷിക്കാത്ത കാലത്തോളം കോണ്‍ഗ്രസുമായി സഹകരണം പാടില്ലെന്നതാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. ബിജെപിക്കെതിരെ വിശാല ഇടതുപക്ഷ ഐക്യമാണ് വേണ്ടതെന്നും കാരാട്ട് പക്ഷം വാദിച്ചു. കേരള ഘടകമുള്‍പ്പെടെ ഭൂരിപക്ഷ അംഗങ്ങളും യെച്ചൂരിയുടെ നിലപാടിനെ എതിര്‍ക്കുന്ന കാരാട്ട് പക്ഷത്തിന്റെ നിലപാടിനൊപ്പം നിന്നു.
ഈ മാസം 14, 15 തിയ്യതികളില്‍ നടക്കുന്ന കേന്ദ്ര കമ്മറ്റിയില്‍ പിബി തീരുമാനം റിപ്പോര്‍ട്ട് ചെയ്യും. അതേസമയം യെച്ചൂരി പക്ഷത്തിന്റെ വിയോജനക്കുറിപ്പും കേന്ദ്ര കമ്മറ്റിയില്‍ ചര്‍ച്ചക്ക് വെക്കാന്‍ പിബി തീരുമാനിച്ചു.
Adjust Story Font
16

