യുപിയില്‍ കൌണ്‍സില്‍ തെരഞ്ഞെടുപ്പിലും എസ്‍പി - ബിഎസ്‍പി സഖ്യം

യുപിയില്‍ കൌണ്‍സില്‍ തെരഞ്ഞെടുപ്പിലും എസ്‍പി - ബിഎസ്‍പി സഖ്യം
യുപി ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ സഖ്യം, വരാനിരിക്കുന്ന കൌണ്‍സില്‍ തെരഞ്ഞെടുപ്പിലും തുടരാന്‍ എസ്പി - ബിഎസ്പി തീരുമാനം
യുപി ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ സഖ്യം, വരാനിരിക്കുന്ന കൌണ്‍സില്‍ തെരഞ്ഞെടുപ്പിലും തുടരാന്‍ എസ്പി - ബിഎസ്പി തീരുമാനം. ഈ മാസം അവസാനം നടക്കുന്ന ലെജിസ്ലേറ്റിവ് കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുമെന്ന് എസ്പി ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവ് വ്യക്തമാക്കി. ഗൊരഖ്പൂര്‍, ഫൂല്‍പൂര്‍ ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ ബിഎസ്പി പിന്തുണയോടെയാണ് എസ്പി സ്ഥാനാര്‍ഥികള്‍ ബിജെപിയെ തോല്‍പിച്ചത്.
ഉത്തര്‍പ്രദേശില്‍ ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷമാകുന്നത് ലക്ഷ്യമിട്ടാണ് എസ്പിയും ബിഎസ്പിയും വീണ്ടും ഒന്നിക്കുന്നത്. കഴിഞ്ഞ മാസം നടന്ന ഗൊരഖ്പൂര്‍, ഫൂല്‍പൂര്‍ ലോക്സഭ മണ്ഡലങ്ങളില്‍ നേടിയ വിജയത്തോടെ സഖ്യം കൂടുതല്‍ ശക്തമാക്കാനാണ് എസ്പിയുടെയും ബിഎസ്പിയുടെയും നീക്കം. ഈ മാസം 26ന് 13 ഒഴിവുകളിലേക്കായി നടക്കുന്ന ലെജിസ്ലേറ്റീവ് കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുമെന്ന് അഖിലേഷ് യാദവ് പ്രഖ്യാപിച്ചു.
ലെജിസ്ലേറ്റീവ് കൌണ്‍സിലില്‍ നിലവില്‍ ഭൂരിപക്ഷം എസ്പിക്കാണ്. 100 അംഗ കൌണ്‍സിലില്‍ എസ്പിക്ക് 61ഉം ബിഎസ്പിക്ക് 9ഉം അംഗങ്ങളാണുള്ളത്. സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് 13 അംഗങ്ങള്‍ മാത്രമാണ് കൌണ്‍സിലിലുള്ളത്. ഇതിനുപുറമെ വരാനിരിക്കുന്ന കൈരാന ഉപതെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും തമ്മില്‍ സഹകരിച്ചേക്കും.
ബിഎസ്പിയുമായി സഖ്യമുണ്ടാക്കുന്ന അഖിലേഷിന്‍റെ തന്ത്രത്തെ പ്രശംസിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷന്‍ കൂടിയായ മുലായംസിങ് യാദവും രംഗത്തെത്തി. സീറ്റ് നിര്‍ണയം സുഗമമായി നടക്കുകയാണെങ്കില്‍ അടുത്ത ലോക്സഭ തിരഞ്ഞെടുപ്പില്‍ ഈ സഖ്യത്തെ പരാജയപ്പെടുത്താനാവില്ലെന്നും മുലായം ഒരു പൊതുപരിപാടിയില്‍ പറഞ്ഞു.
Adjust Story Font
16

