Quantcast

മുസഫര്‍പൂര്‍ പീഡനം: സാമൂഹ്യക്ഷേമ മന്ത്രി രാജിവെക്കണമെന്ന് ബി.ജെ.പിയും

ബിഹാറിലെ മുസഫര്‍പൂര്‍ അഭയ കേന്ദ്രത്തിലെ പീഡന കേസില്‍ പ്രതിഷേധം ശക്തമാകുന്നു.

MediaOne Logo

Web Desk

  • Published:

    5 Aug 2018 7:24 PM IST

മുസഫര്‍പൂര്‍ പീഡനം: സാമൂഹ്യക്ഷേമ  മന്ത്രി രാജിവെക്കണമെന്ന് ബി.ജെ.പിയും
X

ബിഹാറിലെ മുസഫര്‍പൂര്‍ അഭയ കേന്ദ്രത്തിലെ പീഡന കേസില്‍ പ്രതിഷേധം ശക്തമാകുന്നു. സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി മഞ്ജു വര്‍മ്മ രാജിവക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷത്തിന് പിന്നാലെ ബി.ജെ.പിയും രംഗത്തെത്തി. അതിനിടെ ബിഹാറിലെ അഭയകേന്ദ്രങ്ങളിലെ അപകടാവസ്ഥ സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് അവഗണിച്ച ആറ് ഉന്നത ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.

മുസഫര്‍പൂര്‍ അഭയ കേന്ദ്ര പീഡനക്കേസില്‍ മുഖ്യമന്ത്രിയുടെ രാജി അടക്കം ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കെയാണ് ബി.ജെ.പിയും രംഗത്തെത്തിയിരിക്കുന്നത്. സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയും ജെ.ഡി.യു നേതാവുമായ മഞ്ജു വര്‍മ്മയുടെ ഭര്‍ത്താവ് മുസഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു എന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് ബി.ജെ.പി രാജി ആവശ്യം ഉന്നയിച്ചത്. മഞ്ജു വര്‍മ്മക്ക് മന്ത്രി സ്ഥാനത്ത് തുടരാന്‍ ധാര്‍മിക അവകാശമില്ലെന്ന് ബി.ജെ.പി നേതാവ് സി.പി താക്കൂര്‍ ചൂണ്ടിക്കാട്ടി.

ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് അവഗണിച്ചതിനാണ് സാമൂഹ്യക്ഷേമ വകുപ്പിലെ ആറ് അസിസ്റ്റന്‍റ് ഡയറക്ടര്‍മാരെ സസ്പെന്‍റ് ചെയ്തത്. അഭയകേന്ദ്രങ്ങളിലെ അപകടാവസ്ഥയും മുസഫര്‍പൂരടക്കം 15 കേന്ദ്രങ്ങളില്‍ അടിയന്തര ഇടപെടല്‍ വേണമെന്നും വ്യക്തമാക്കുന്നതായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ നിലവില്‍ ഉയര്‍ന്ന പ്രതിപക്ഷ പ്രതിഷേധ നീക്കത്തെ പരിഹസിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രതികരണം. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെക്കേണ്ടതില്ലെന്നും ജെ.ഡി.യു പ്രതികരിച്ചു.

TAGS :

Next Story