Quantcast

സേലത്തിനടുത്ത് വാഹനാപകടം: ആറ് മലയാളികളടക്കം ഏഴുമരണം

കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള ജെം ജോസഫ്, ഷാനോ, സിജി വിന്‍സെന്‍റ്, ടീനു ജോസഫ്, ജോര്‍ജ് ജോസഫ് , അല്‍ഫോണ്‍സ എന്നിവരാണ് മരിച്ച മലയാളികള്‍.

MediaOne Logo

Web Desk

  • Published:

    1 Sep 2018 7:58 AM GMT

സേലത്തിനടുത്ത് വാഹനാപകടം: ആറ് മലയാളികളടക്കം ഏഴുമരണം
X

സേലം ധര്‍മപുരിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ആറ് മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. മുപ്പത് പേര്‍ക്ക് പരുക്കേറ്റു. മരിച്ച ആറ് മലയാളികള്‍ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവരാണ്.

പുലര്‍ച്ചെ ഒരുമണിയോടെ, സേലം - ധര്‍മപുരി ദേശീയപാതയില്‍ മാമങ്കത്താണ് അപകടം നടന്നത്. സേലത്തു നിന്ന് കൃഷ്ണഗിരിയിലേയ്ക്ക് പോകുകയായിരുന്ന ബസും ബംഗളൂരുവില്‍ നിന്ന് തിരുവല്ലയ്ക്കു വരികയായിരുന്ന സ്വകാര്യബസുമാണ് കൂട്ടിയിടിച്ചത്. കൃഷ്ണഗിരിയ്ക്കു വരികയായിരുന്ന ബസ്, റോഡരികില്‍ പഞ്ചറായി നിര്‍ത്തിയിട്ടിരുന്ന പിക്ക് അപ്പില്‍ ഇടിച്ച്, റോഡിന് എതിര്‍വശത്തേയ്ക്ക് മാറുകയായിരുന്നു. ഈ ബസിലാണ്, ബംഗളൂരുവില്‍ നിന്നെത്തിയ ബസ് ഇടിച്ചു കയറിയത്. ബസുകള്‍ രണ്ടും ഭാഗികമായി തകര്‍ന്നു.

ഏഴുപേരുടെ മരണം ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള ജെം ജോസഫ്, ഷാനോ, സിജി വിന്‍സെന്‍റ്, ടീനു ജോസഫ്, ജോര്‍ജ് ജോസഫ് , അല്‍ഫോണ്‍സ എന്നിവരാണ് മരിച്ച മലയാളികള്‍. പരുക്കേറ്റവരെ സേലം സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

ആരുടെയും നില ഗുരുതരമല്ലെന്ന് സേലം കലക്ടര്‍ ആര്‍.ബി. രോഹിണി അറിയിച്ചു. സംഭവത്തെ കുറിച്ച് സേലം സിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ അന്വേഷിയ്ക്കും.

TAGS :

Next Story