അയല്‍വാസികളെ തീപിടുത്തത്തില്‍ നിന്ന് രക്ഷിച്ച യുവതിക്ക് ദാരുണാന്ത്യം
ഇന്‍റീരിയര്‍ ഡിസൈനര്‍ സ്വാതി ഗാര്‍ഗാണ് (32) അയാല്‍വാസികളെ രക്ഷിക്കുന്നതിനിടെ തീപിടുത്തത്തില്‍പ്പെട്ട് മരിച്ചത്

ഗുരുഗ്രാമിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തത്തില്‍ നിരവധി പേരുടെ ജീവന്‍ രക്ഷിച്ച യുവതിക്ക് ദാരുണാന്ത്യം. ഇന്‍റീരിയര്‍ ഡിസൈനര്‍ സ്വാതി ഗാര്‍ഗാണ് (32) അയാല്‍വാസികളെ രക്ഷിക്കുന്നതിനിടെ തീപിടുത്തത്തില്‍പ്പെട്ട് മരിച്ചത്. ഗുരുഗ്രാമിലെ ട്യുലിപ്പ് ഓറഞ്ച് എന്ന ഫ്ലാറ്റ് സമുച്ചയത്തിലാണ് സംഭവം.
കെട്ടിടത്തില്‍ രാത്രി രണ്ട് മണിക്ക് തീപിടുത്തമുണ്ടായപ്പോള്‍ ഓരോ ഫ്ലാറ്റിന് മുന്‍പിലും ചെന്ന് വിവരം അറിയിക്കാന്‍ ഓടിനടക്കുകയായിരുന്നു സ്വാതി. അതുകൊണ്ട് മറ്റുള്ളവര്‍ രക്ഷപ്പെട്ടു. പക്ഷേ സ്വാതിക്ക് രക്ഷപ്പെടാനായില്ല. അഞ്ചാം നിലയിലെ ഫ്ലാറ്റില്‍ താമസിക്കുന്ന സ്വാതി ഓരോ നിലയിലും കയറിയിറങ്ങി വിവരം പറയുന്നതിനിടെ പത്താം നിലയില്‍ വെച്ച് തീയില്‍ അകപ്പെടുകയായിരുന്നു. രക്ഷാപ്രവര്‍ത്തകരെത്തി തീ അണയ്ക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
സ്വാതി മറ്റുള്ളവരെ വിവരമറിയിക്കുന്നതിനിടെ ഭര്‍ത്താവ് മകളെയും അമ്മയെയും രക്ഷിച്ച് പുറത്തെത്തിച്ചു. കെട്ടിടത്തിലാകെ 36 ഫ്ലാറ്റുകളാണുള്ളത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Adjust Story Font
16

