Quantcast

രാകേഷ് അസ്താനക്ക് എതിരെ തെളിവുണ്ടെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എ.കെ ബസി

അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ആവശ്യപ്പെട്ട് ബസി സുപ്രീം കോടതിയില്‍

MediaOne Logo

Web Desk

  • Published:

    30 Oct 2018 7:16 AM GMT

രാകേഷ് അസ്താനക്ക് എതിരെ തെളിവുണ്ടെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എ.കെ ബസി
X

കൈക്കൂലി ആരോപണം നേരിടുന്ന സി.ബി.ഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്ഥാനക്കെതിരെ നിർണായക തെളിവുകൾ ലഭിച്ചിരുന്നതായി മുൻ അന്വേഷണ സംഘതലവന്‍ എ.കെ ബസ്സി. കേസ് പ്രത്യേക സംഘം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബസ്സി സുപ്രീം കോടതിയെ സമീപിച്ചു. ഇതിനിടെ അസ്താനയ്ക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ഹൈദരബാദ് വ്യവസായി സതീഷ് സനക്ക് പോലീസ് സുരക്ഷ നൽകാൻ നിര്‍ദേശിച്ചു. സി.ബി.ഐ സമൻസ് സ്റ്റേ ചെയ്യണമെന്ന സനയുടെ ആവശ്യം കോടതി തള്ളി.

സി.ബി.ഐ ഡയറക്ടറുടെ താത്കാലിക ചുമതല എം. നാഗേശ്വർ റാവു ഏറ്റെടുത്തതിന് തൊട്ട് പിന്നാലെയാണ് രാകേഷ് അസ്‌താനക്ക് എതിരായ കൈക്കൂലി കേസ് അന്വേഷണ സംഘതലവന്‍ എ.കെ ബസ്സിയെ ആന്തമാനിലേക്ക് സ്ഥലം മാറ്റിയത്. ഈ ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹർജിയിലാണ് അസ്താനക്കെതിരെ സുപ്രധാനമായ തെളിവുകൾ ലഭിച്ചിരുന്നതായി ബസ്സി കോടതിയെ അറിയിച്ചത്.

ഫോണ്‍ രേഖകൾ, വാട്സാപ്പ്, മെസ്സേജുകൾ തുടങ്ങി ലഭിച്ച തെളിവുകള്‍ ബസ്സി കോടതിക്ക് കൈമാറി. അസ്താനക്ക് എതിരായ കേസ്സുകൾ പ്രത്യേക സംഘം അന്വേഷിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളി.

ഇതിനിടെ രാകേഷ് അസ്താനക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച സതീഷ് സനക്ക് സുരക്ഷ നൽകാൻ സുപ്രീം കോടതി നിര്‍ദേശിച്ചു. ഹൈദരാബാദ് എസ്.പി ക്കാണ് നിർദേശം നല്‍കിയത്. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സനക്ക് സി.ബി.ഐ പുതിയ അന്വേഷണ സംഘമയച്ച സമൻസ് സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചു. വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ കെ പട്നായികിന്റെ സാന്നിധ്യത്തിൽ വേണം ചോദ്യം ചെയ്യൽ എന്ന ആവശ്യവും തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.

മോയിൻ ഖുറേഷി കേസുമായി ബന്ധപ്പെട്ടുള്ള കൈക്കൂലി കേസ് പ്രതിയും ഹൈദരാബാദ് വ്യവസായിയുമായ സതീശ് സനയുടെ മൊഴി പ്രകാരമാണ് സിബിഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

TAGS :

Next Story