ബംഗാളിലെ രഥയാത്ര: ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി
രഥയാത്രക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ അവധിക്കാല ബെഞ്ച് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കില്ല.

പശ്ചിമ ബംഗാളിലെ രഥയാത്ര കേസില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി. രഥയാത്രക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ അവധിക്കാല ബെഞ്ച് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കില്ല.

ജനുവരിയില്‍ കോടതി തുറന്ന ശേഷം ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീംകോടതി രജിസ്ട്രാര്‍ അറിയിച്ചു. കേസില്‍ തങ്ങളുടെ വാദം കേള്‍ക്കാതെ തീരുമാനമെടുക്കരുത് എന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
അമിത് ഷാ നയിക്കുന്ന രഥയാത്രക്ക് കൊല്‍ക്കത്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ആദ്യം അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സംസ്ഥാനത്തെ 294 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്ന് പോകുന്ന ഈ യാത്ര സാമുദായിക സംഘര്‍ഷത്തിന് വഴിയൊരുക്കുമെന്ന് മമത സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് കൂടി മുഖവിലക്കെടുത്താണ് ജസ്റ്റിസ് ദേബഷിശ് കര്‍ഗുപ്ത അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് യാത്രക്കുളള അനുമതി റദ്ദാക്കിയത്.
Adjust Story Font
16

