പുലിറ്റ്സർ സമ്മാന ജേതാവിന് ഇന്ത്യയിൽ പ്രവേശിക്കുന്നതിന് വിലക്ക്
മ്യാന്മാറിൽനിന്നു പലായനംചെയ്യുന്ന റോഹിംങ്ക്യകൾ നേരിടുന്ന ക്രൂരതകൾ പുറംലോകത്തെ അറിയിച്ചതിനാണ് ഈ വർഷം മേയിൽ പുലിറ്റ്‌സർ സമ്മാനം ലഭിച്ചത്.

പുലിറ്റ്സർ സമ്മാനജേതാവും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ ഫോട്ടോഗ്രാഫറുമായ കാഹൾ മക്നോട്ടന് ഇന്ത്യയിൽ വിലക്ക്. ഇന്ത്യയിൽ പ്രവേശിക്കുന്നതിനുള്ള വിസയുള്ളപ്പോഴാണ് വിദേശയാത്ര കഴിഞ്ഞ് ഡൽഹി വിമാനത്താവളത്തിലെത്തിയ മക്നോട്ടനെ തിരിച്ചയച്ചത്. മ്യാന്മാറിൽനിന്നു പലായനംചെയ്യുന്ന റോഹിംങ്ക്യകൾ നേരിടുന്ന ക്രൂരതകൾ പുറംലോകത്തെ അറിയിച്ചതിനാണ് അദ്ദേഹത്തിനും സഹപ്രവർത്തകർക്കും ഈവർഷം മേയിൽ പുലിറ്റ്‌സർ സമ്മാനം ലഭിച്ചത്.
എന്നാല്‍ ജമ്മു കശ്മീരിലെ യാത്രാവിലക്കുള്ള ഇടങ്ങളിലും സംരക്ഷിതമേഖലകളിലും വിസച്ചട്ടങ്ങൾ ലംഘിച്ചു കടന്നതിനാൽ മക്നോട്ടനെ ഇന്ത്യയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രാലയ കേന്ദ്രങ്ങൾ പറഞ്ഞു. വിസച്ചട്ടങ്ങൾ പ്രകാരം, ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ മാധ്യമപ്രവർത്തകർക്ക് കശ്മീരിലെയോ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയോ നിരോധിതമേഖലകളിൽ പ്രവേശിക്കുന്നതിന് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രത്യേകാനുമതി വേണം.ഇക്കൊല്ലം ഏപ്രിലിൽ ജമ്മു കശ്മീർ സന്ദർശിച്ച മക്നോട്ടൻ കത്‍വയിൽ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തുകൊന്നതിനെത്തുടർന്നുണ്ടായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Adjust Story Font
16

