കോണ്‍ഗ്രസിനെ ഒഴിവാക്കി എസ്.പി - ബി.എസ്.പി കൈകോര്‍ക്കുന്നു
അഖിലേഷ് യാദവും മായാവതിയും കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള സഖ്യത്തിന് ഇരുപാര്‍ട്ടികളും ധാരണയിലെത്തിയെന്ന വാര്‍ത്ത പരന്നത്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി ബി.എസ്.പി - എസ്.പി സഖ്യത്തിന് സാധ്യതയേറി. സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രധാന ശക്തിയല്ലെന്നും ബി.ജെ.പിയെ തോല്‍പിക്കാന്‍ എസ്.പി - ബി.എസ്.പി സഖ്യത്തിന് കഴിയുമെന്നും എസ്.പി ദേശീയ നേതൃത്വം. അതേസമയം, സഖ്യത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷ മായാവതിയും കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള സഖ്യത്തിന് ഇരുപാര്‍ട്ടികളും ധാരണയിലെത്തിയെന്ന വാര്‍ത്ത പരന്നത്. ഈ സാധ്യതയെ ശക്തിപ്പെടുത്തുന്നതാണ് എസ്.പി ദേശീയ വൈസ് പ്രസിഡന്റ് കിരണ്‍മൊയി നന്ദയുടെ പ്രസ്താവന. യു.പിയില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ എസ്.പി - ബി.എസ്.പി സഖ്യം മാത്രം മതിയെന്നാണ് കിരണ്‍മൊയിയുടെ നിലപാട്.

അതേസമയം, രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും എം.പിമാരായ റായ്ബറേലി, അമേത്തി സീറ്റുകളില്‍ സഖ്യം സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഖ്യ വാര്‍ത്തകള്‍ അനൌദ്യോഗികം മാത്രമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണം. പരസ്യമായ സഖ്യത്തിന് പകരം കോണ്‍ഗ്രസുമായി നീക്കുപോക്കുകളാണ് എസ്.പി - ബി.എസ്.പി സഖ്യം ആഗ്രഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പരസ്യ സഖ്യം ബി.ജെ.പിക്ക് അനുകൂലമായ ധ്രുവീകരണം സൃഷ്ടിക്കുമെന്നും വിലയിരുത്തലുണ്ട്.
Adjust Story Font
16

