ഞങ്ങള്‍ വിചാരണ നേരിടാന്‍ തയ്യാര്‍; നിങ്ങള്‍ക്കൊരു പത്രസമ്മേളനമെങ്കിലും നേരിടാമോ ? മോദിയെ വെല്ലുവിളിച്ച് ഉമര്‍ ഖാലിദ്
ജെ.എന്‍.യു യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ അടക്കമുള്ള 10 വിദ്യാര്‍ഥികള്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് പാട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

താന്‍ അടക്കമുള്ള പത്തു വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ഉമര്‍ ഖാലിദ്. 2016 ഫെബ്രുവരി 9ന് അഫ്സല്‍ഗുരു അനുസ്മരണ പരിപാടിക്കിടെ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയെന്നാണ് കേസ്.

ജവഹര്‍ലാല്‍ നെഹ്‌റു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ അടക്കമുള്ള 10 വിദ്യാര്‍ഥികള്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് പാട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിലൂടെയാണ് ഉമര്‍ ഖാലിദ് പ്രധാനമന്ത്രിയെ വെല്ലുവിളിച്ചിരിക്കുന്നത്. ''പ്രിയപ്പെട്ട നരേന്ദ്ര മോദി, കുറ്റപത്രം സമര്‍പ്പിച്ചതായി കേട്ടു. എനിക്ക് ഒന്നേ പറയാനുള്ളു - ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ കോടതിയില്‍ വിചാരണ നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷേ റഫാല്‍ അഴിമതിയില്‍ സംയുക്ത പാര്‍ലമെന്ററി സമിതി(ജെ.പി.സി)യെ നേരിടാന്‍ നിങ്ങള്‍ ഒരുക്കമാണോ ? കുറഞ്ഞപക്ഷം ഒരു പത്രസമ്മേളനമെങ്കിലും നേരിടാന്‍ നിങ്ങള്‍ തയ്യാറുണ്ടോ ?'' - ഉമര്‍ ഖാലിദ് ചോദിക്കുന്നു.

കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, അഖ്വിബ് ഹുസൈന്‍, മുജീബ് ഹുസൈന്‍, മുനീബ് ഹുസൈന്‍, ഉമര്‍ ഗുല്‍, റയീസ് റസൂല്‍, ബഷറത് അലി, ഖാലിദ് ബഷീര്‍ ഭട്ട് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പാർലമെന്റ് ആക്രമണക്കേസിലെ സൂത്രധാരൻ അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ ജെ.എൻ.യു ക്യാംപസിൽ നടന്ന പരിപാടിയിൽ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചെന്നാണ് ആരോപണം. ഡൽഹി പൊലീസിലെ സ്പെഷൽ സെൽ ആണ് കേസ് അന്വേഷിച്ചിരുന്നത്. രാജ്യദ്രോഹം, കലാപമുണ്ടാക്കല്‍, നിയമാനുസൃതമല്ലാതെ യോഗം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിനെതിരെ കനയ്യ കുമാറിന്റെ നേതൃത്വത്തില്‍ ജെ.എന്‍.യുവില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുകയും തടയാനെത്തിയ പൊലീസുകാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നുമാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.
Adjust Story Font
16

