കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ തമ്മില്‍തല്ലി കോണ്‍ഗ്രസ് എം.എല്‍.എമാര്‍
നാല് കോൺഗ്രസ‌് എംഎൽഎമാരും രണ്ട‌് സ്വതന്ത്രരും ഗോവയിലെയും മുംബൈയിലേയും ഹോട്ടലുകളിൽ ബി.ജെ.പിയുടെ കസ്റ്റഡിയിലാണ്.

കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ബംഗളുരുവിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ച കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തമ്മില്‍തല്ലി. തര്‍ക്കത്തില്‍ പരിക്കേറ്റ ആനന്ദ് സിങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബംഗളുരുവില്‍ ഇന്ന് ചേരാനിരുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം മാറ്റിവച്ചു.
ബംഗളുരുവിലെ ഈഗിള്‍ടണ്‍ റിസോര്‍ടില്‍ പാര്‍പ്പിച്ച കോണ്‍ഗ്രസ് എം.എല്‍.എമാരായ ആനന്ദ്സിങ്ങും ജെ എന്‍ ഗണേഷുമാണ‌് കഴിഞ്ഞ രാത്രി ഏറ്റുമുട്ടിയത‌്. കോൺഗ്രസിൽ നിന്ന‌് ബി.ജെ.പി നോട്ടമിട്ടിരിക്കുന്നവരിൽ പ്രമുഖനാണ‌് ജെ.എൻ ഗണേഷ‌്. ഇരുവരും ബെല്ലാരി മേഖലയിൽ നിന്നുള്ള എം.എൽ.എമാരാണ‌്. ആനന്ദ് സിങ്ങിനെ ജെ.എന്‍ ഗണേഷ് കുപ്പി കൊണ്ട് തലയ്ക്കടിച്ചുവെന്നും പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നുമാണ് റിപ്പോര്‍ട്ട്. ആനന്ദ് സിങ്ങും ഗണേഷും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എം.എൽ.എമാർ ഏറ്റുമുട്ടിയ വാർത്ത കോൺഗ്രസ‌് നിഷേധിച്ചു. ഇത് തെറ്റായ വാര്‍ത്തയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ പറഞ്ഞു.
എന്നാല്‍ സംഭവം സത്യമാണെങ്കില്‍ ജെ.എന്‍ ഗണേഷ് എം.എല്‍.എയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പരിക്കേറ്റ ആനന്ദ്സിങ് എം.എല്‍.എയുടെ ഭാര്യ ലക്ഷ്മി സിങ് പറഞ്ഞു. അതിനിടെ ഇന്ന് കോണ്‍ഗ്രസ് എം.എല്‍.മാരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയാണ് യോഗം വിളിച്ചത്.
ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് എം.എല്‍.എമാരെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്നത്. 80 എം.എൽ.എമാരിൽ 76പേരാണ‌് റിസോർട്ടിലുള്ളത‌്. നാല് കോൺഗ്രസ‌് എംഎൽഎമാരും രണ്ട‌് സ്വതന്ത്രരും ഗോവയിലെയും മുംബൈയിലേയും ഹോട്ടലുകളിൽ ബി.ജെ.പിയുടെ കസ്റ്റഡിയിലാണ്. ഇന്നത്തെ യോഗത്തിനു ശേഷം എം.എല്‍.എമാരെ റിസോര്‍ട്ടില്‍ താമസിപ്പിക്കുന്നത് കോണ്‍ഗ്രസ് അവസാനിപ്പിക്കുമെന്നാണ് സൂചന.
Adjust Story Font
16

