Quantcast

യുപി മന്ത്രിസഭാ പുനസംഘടന: ബിജെപി ദേശീയ ഉപാധ്യക്ഷൻ ഇന്ന് ഗവർണറെ കാണും

എംഎൽഎമാരുടെ പ്രകടനങ്ങൾ വിലയിരുത്താൻ ദേശീയ നേതൃത്വം

MediaOne Logo

Web Desk

  • Published:

    6 Jun 2021 12:56 PM IST

യുപി മന്ത്രിസഭാ പുനസംഘടന: ബിജെപി ദേശീയ ഉപാധ്യക്ഷൻ ഇന്ന് ഗവർണറെ കാണും
X

ഉത്തർപ്രദേശ് മന്ത്രിസഭാ പുനസംഘടനയ്ക്കുള്ള നീക്കം നടക്കുന്നതായുള്ള പ്രചാരണത്തിനിടെ ബിജെപി സംസ്ഥാന ഘടകത്തിന്റെ ചുമതല വഹിക്കുന്ന ദേശീയ വൈസ് പ്രസിഡന്റ് രാധാ മോഹൻ സിങ് ഇന്ന് ഗവർണറെ കാണുന്നു. ഉച്ചയ്ക്കാണ് ഗവർണർ ആനന്ദിബൻ പട്ടേലുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

കോവിഡ് പ്രതിരോധത്തിൽ വീഴ്ചവരുത്തിയതായി യോഗി ഭരണകൂടത്തിനെതിരെ പാർട്ടിയുടെ സംസ്ഥാന ഘടകത്തിൽനിന്നു തന്നെ വിമർശനം ഉയർന്നതിനു പിറകെ ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടിരുന്നു. ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി ലക്‌നൗവിൽ നടന്ന മാരത്തൺ ചർച്ചയ്ക്കു പിറകെ മന്ത്രിസഭാ പുനസംഘടനയ്ക്കു നീക്കം നടക്കുന്നതായി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ഒരുപക്ഷെ, യോഗി ആദിത്യനാഥിനെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റിയേക്കുമെന്നും സൂചനയുണ്ട്.

അടുത്ത വർഷം ആദ്യത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് അടിയന്തര മന്ത്രിസഭാ പുനസംഘടനയ്ക്ക് നീക്കം നടക്കുന്നത്. കോവിഡ് പ്രതിരോധത്തിലെ വീഴ്ചയ്ക്കു പുറമെ അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയും പാർട്ടിയെ ഇത്തരമൊരു നീക്കത്തിലേക്ക് നയിച്ച പ്രധാന ഘടകമാണ്. യോഗിയെ മാറ്റിനിർത്തിയാണ് ബിഎൽ സന്തോഷ്, ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസ്ബാല എന്നിവരുടെ നേതൃത്വത്തിൽ യുപി മന്ത്രിമാരുടെയും എംഎൽഎമാരുടെയും യോഗം വിളിച്ചുചേർത്തത്.

അതിനിടെ, ദേശീയ നേതൃത്വം യുപിയിലെ ബിജെപി എംഎൽഎമാരുടെ പ്രകടനം വിലയിരുത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. എംഎൽഎമാർ തങ്ങളുടെ മണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ റിപ്പോർട്ടാണ് തയാറാക്കുന്നത്. ബൂത്തുതലം മുതൽ ജില്ലാതലം വരെയുള്ള പ്രവർത്തകരുടെയും നേതാക്കളുടെയും അഭിപ്രായങ്ങൾ ആരായും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയം നടക്കുക.

TAGS :

Next Story