Quantcast

യദ്യൂരപ്പക്ക് രണ്ടാം തവണയും കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്‍റെനില്‍ പോകണമെന്നും യദ്യൂരപ്പ ആവശ്യപ്പെട്ടു

MediaOne Logo

Jaisy

  • Updated:

    2021-04-16 10:48:49.0

Published:

16 April 2021 10:47 AM GMT

യദ്യൂരപ്പക്ക് രണ്ടാം തവണയും കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
X

കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പക്ക് രണ്ടാം തവണയും കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്‍റെനില്‍ പോകണമെന്നും യദ്യൂരപ്പ ആവശ്യപ്പെട്ടു.

'' നേരിയ പനി അനുഭവപ്പെട്ടപ്പോള്‍ കോവിഡ് പരിശോധന നടത്തി. ഫലം വന്നപ്പോള്‍ പോസിറ്റീവായി. ഇപ്പോള്‍ സുഖമായിരിക്കുന്നു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ആശുപത്രിയില്‍ അഡ്മിറ്റായത്. കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണം'' യദ്യൂരപ്പ ട്വിറ്ററില്‍ കുറിച്ചു. 78കാരനായ യദ്യൂരപ്പക്ക് മാസങ്ങളുടെ ഇടവേളയില്‍ രണ്ടാം തവണയാണ് കോവിഡ് ബാധിക്കുന്നത്. കഴിഞ്ഞ ആഗസ്തിലും യദ്യൂരപ്പക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ വടക്കൻ കർണാടക നിയോജകമണ്ഡലങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി യദ്യൂരപ്പ പ്രചരണത്തിനിറങ്ങിയിരുന്നു. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താനായി ആരോഗ്യമന്ത്രി കെ. സുധാകര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിന് ശേഷമാണ് യദ്യൂരപ്പക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത പുറത്തുവന്നത്.

കോവിഡ് കൂടുന്ന സാഹചര്യത്തില്‍ കര്‍ണാടകയിലെ ഏഴ് നഗരങ്ങളില്‍ ഈ മാസം 20 വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണെന്നും നിലവിലെ സാഹചര്യത്തെക്കുറിച്ച് ഉദ്യോഗസ്ഥരുമായി ഒന്നര മണിക്കൂര്‍ ചര്‍ച്ച നടത്തിയെന്നും യദ്യൂരപ്പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 20ന് അന്തിമ തീരുമാനം എടുക്കുമെന്നും അതുവരെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരുമെന്നും യദ്യൂരപ്പ പറഞ്ഞു.

കര്‍ണാടകയില്‍ വ്യാഴാഴ്ച 14,738 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 66 പേര്‍ വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതുവരെ 11,09,650 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 13,112 കോവിഡ് മരണങ്ങളും ഇതുവരെ കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

TAGS :

Next Story