Quantcast

'കൂടുതല്‍ സംസാരിച്ചാല്‍ എനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തും': യു.പി ബിജെപി എംഎല്‍എ

കോവിഡ് പ്രതിരോധത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് സ്വന്തം സര്‍ക്കാരിനെതിരെ ബിജെപി എംഎല്‍എ തന്നെ രംഗത്തെത്തിയത്

MediaOne Logo

Web Desk

  • Published:

    18 May 2021 3:48 AM GMT

കൂടുതല്‍ സംസാരിച്ചാല്‍ എനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തും: യു.പി ബിജെപി എംഎല്‍എ
X

ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി എംഎല്‍എ രാകേഷ് റാത്തോഡ്. കോവിഡ് പ്രതിരോധത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. സീതാപൂര്‍ എംഎല്‍എയാണ് അദ്ദേഹം.

സീതാപൂരില്‍ ട്രോമ സെന്‍റര്‍ സജ്ജമാക്കാന്‍ എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ലെന്ന് എംഎല്‍എ പറഞ്ഞു- "ഞാന്‍ ഒരുപാട് ശ്രമിച്ചു. പക്ഷേ എംഎല്‍എമാര്‍ക്ക് എന്ത് സ്ഥാനമാണുള്ളത്? ഞാൻ കൂടുതല്‍ സംസാരിക്കുകയാണെങ്കിൽ, രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടേക്കും".

എംഎല്‍എയ്ക്ക് സ്വന്തം സര്‍ക്കാരിനെ പ്രതിനിധീകരിക്കാന്‍ കഴിയുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ 'എം‌എൽ‌എമാർക്ക് മനസ്സ് തുറന്ന് സംസാരിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഞാൻ മുമ്പ് ചോദ്യങ്ങൾ ഉന്നയിച്ച കാര്യം നിങ്ങൾക്കറിയാമല്ലോ' എന്നായിരുന്നു മറുപടി.

കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ടുള്ള റാത്തോഡിന്‍റെ ഓഡിയോ ക്ലിപ്പ് വൈറലായതോടെ ബിജെപി നേതൃത്വം വിശദീകരണം തേടുകയുണ്ടായി. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ പാത്രം കൊട്ടാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ റാത്തോഡ് മറ്റൊരു ബിജെപി നേതാവിനോട് സംസാരിക്കുന്നതിന്‍റെ ഓഡിയോ ആണ് പുറത്തായത്.

'കയ്യടിച്ച് കൊറോണയെ ഇല്ലാതാക്കാന്‍ കഴിയുമോ? നിങ്ങൾ വിഡ്ഢിത്തങ്ങളുടെ റെക്കോർഡ് തകർക്കുകയാണ്. ശംഖ് ഊതിയതുകൊണ്ട് കൊറോണ പോകുമോ? നിങ്ങളെപ്പോലുള്ള ആളുകൾ വിഡ്ഢികളാണ്', എന്നാണ് രാകേഷ് റാത്തോഡ് ഫോണ്‍ സംഭാഷണത്തിനിടെ പറഞ്ഞത്.

2017ലെ തെരഞ്ഞെടുപ്പിന് മുന്‍പായാണ് രാകേഷ് റാത്തോഡ് ബിജെപിയില്‍ ചേരുന്നത്. നേരത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ബി.എസ്.പിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

TAGS :

Next Story