Quantcast

ഇതരമതസ്ഥയുമായുള്ള ബന്ധത്തിന്റെ പേരിൽ യുവാവിനെ കുത്തിക്കൊന്നു; ഹിന്ദുത്വ സംഘത്തിനെതിരെ അന്വേഷണം

യുവാവിൽനിന്ന് ഹിന്ദുത്വസംഘത്തിലെ ചിലർ പണം വാങ്ങിയതായും തങ്ങളെ തല്ലിക്കൊല്ലാൻ ആയിരക്കണക്കിന് ആളുകൾ ഉണ്ടെന്ന് ഭീഷണിപ്പെടുത്തിയതായും മാതാവ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-10-03 13:23:57.0

Published:

3 Oct 2021 12:55 PM GMT

ഇതരമതസ്ഥയുമായുള്ള ബന്ധത്തിന്റെ പേരിൽ യുവാവിനെ കുത്തിക്കൊന്നു; ഹിന്ദുത്വ സംഘത്തിനെതിരെ അന്വേഷണം
X

അയൽവാസിയായ ഇതരമതത്തിൽപ്പെട്ട പെൺകുട്ടിയുമായുള്ള ബന്ധത്തിന്റെ പേരിൽ 24 കാരനെ കുത്തിക്കൊന്ന് മൃതദേഹം വികൃതമാക്കി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു. കർണാടകയിലെ ബെൽഗാവിയിലാണ് സംഭവം. അർബാസ് അഫ്താബ് മുല്ലയുടെ മൃതദേഹമാണ് തലയറുക്കപ്പെട്ട നിലയിൽ ഖാനാപൂർ ടൗണിലെ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്.

റെയിൽവേ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് യുവാവ് കൊല്ലപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നുണ്ട്.

മുല്ലയുടെ മാതാവ് നസീമ മുഹമ്മദ് ഗൗസ് ശൈഖിന്റെ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്നും ട്രെയിനിടിച്ചല്ല മരണമെന്ന് പോസ്റ്റ്‌മോർട്ടത്തിലൂടെ വ്യക്തമായെന്നും കേസ് ബെൽഗാവി പൊലീസിന് കൈമാറുമെന്നും റെയിൽവേ പൊലീസ് സൂപ്രണ്ട് ശ്രീ ഗൗരി അറിയിച്ചു.

എന്നാൽ കേസ് ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ലെന്നും യുവാവിന് ഒരു ഹിന്ദു പെൺകുട്ടിയുമായി ബന്ധമുണ്ടെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക അന്വേഷണം വ്യക്തമാക്കുന്നതെന്നും ബെൽഗാവി പൊലീസ് പറഞ്ഞു.

എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സംഭവത്തിൽ ഒരു ഹിന്ദുത്വ സംഘത്തിന്റെ ഇടപെടൽ സംശയിക്കുന്നതായും പേര് വെളിപ്പെടുത്താത്ത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഹിന്ദുത്വ സംഘവും പെൺകുട്ടിയുടെ പിതാവും ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് ഗവൺമെൻറ് സ്‌കൂൾ അധ്യാപികയായ മുല്ലയുടെ മാതാവ് പറയുന്നത്. കുറച്ചു ദിവസം മുമ്പ് മകനെ ഹിന്ദുത്വസംഘത്തിലെ രണ്ട്‌പേർ ഭീഷണിപ്പെടുത്തിയതായും അപ്പോൾ മുല്ല പെൺകുട്ടിയുടെ ഫോട്ടോ ഡിലീറ്റ് ചെയ്‌തെന്നും അവർ പറഞ്ഞു. യുവാവിൽനിന്ന് അവർ പണം വാങ്ങിയതായും തങ്ങളെ തല്ലിക്കൊല്ലാൻ ആയിരക്കണക്കിന് ആളുകൾ ഉണ്ടെന്ന് ഭീഷണിപ്പെടുത്തിയതായും മാതാവ് പറഞ്ഞു.

പെൺകുട്ടിയുമായുള്ള മകന്റെ ബന്ധം അറിഞ്ഞശേഷം അസം നഗറിലേക്ക് താമസം മാറിയിരുന്നെന്നും എന്നാൽ മാറ്റമുണ്ടായില്ലെന്നും അവർ പറഞ്ഞു.

ശ്രീരാമസേനാ ഹിന്ദുസ്ഥാനുമായി ബന്ധമുള്ള സാമൂഹിക പ്രവർത്തകന് സംഭവത്തിൽ പങ്കുള്ളതായി പൊലീസ് സംശയിക്കുന്നതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ശ്രീരാമസേന സ്ഥാപകൻ സംഭവത്തിൽ തന്റെ സംഘടന പങ്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. തന്റെ ചില മുൻഅണികൾ ചേർന്ന് രൂപവത്കരിച്ചതാണ് ശ്രീരാമസേന ഹിന്ദുസ്ഥാൻ എന്ന സംഘടനയെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story