Quantcast

പഞ്ചാബിന് ഓക്‌സിജൻ നൽകാമെന്ന് പാകിസ്ഥാൻ; വിലങ്ങുതടിയായി കേന്ദ്രം

ആരോപണവുമായി പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ

MediaOne Logo

Web Desk

  • Published:

    27 April 2021 5:15 AM GMT

പഞ്ചാബിന് ഓക്‌സിജൻ നൽകാമെന്ന് പാകിസ്ഥാൻ; വിലങ്ങുതടിയായി കേന്ദ്രം
X

പാകിസ്ഥാനിൽനിന്ന് പഞ്ചാബിലേക്ക് ഓക്‌സിജൻ എത്തിക്കാനുള്ള ശ്രമത്തിന് വിലങ്ങുതടിയായി കേന്ദ്ര സർക്കാർ. പഞ്ചാബ് കോൺഗ്രസാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

കടുത്ത ഓക്‌സിജൻക്ഷാമം നേരിടുന്ന പഞ്ചാബിനെ സഹായിക്കാമെന്ന് പാകിസ്ഥാൻ അറിയിച്ചിട്ടുണ്ട്. എന്നാൽ, കേന്ദ്ര സർക്കാർ ഇതുവരെ അനുകൂലമായ സമീപനം കൈക്കൊണ്ടിട്ടില്ലെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജാക്കർ ആരോപിച്ചു. ഓക്‌സിജൻക്ഷാമം കാരണം സംസ്ഥാനത്ത് ഒരു ജീവൻ നഷ്ടപ്പെട്ടാലും ഉത്തരവാദികൾ കേന്ദ്രമായിരിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാകിസ്താനിൽ അത്യാവശ്യം ഓക്‌സിജനുണ്ട്. ഇത് സംസ്ഥാനത്തേക്ക് എത്തിക്കാനുള്ള ചർച്ച മുഖ്യമന്ത്രി അമരീന്ദർ സിങ് ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവുമായി ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ, ഇതുവരെ അനുകൂലമായ പ്രതികരണമുണ്ടായിട്ടില്ല. പാകിസ്താനിൽനിന്നു വാങ്ങുന്ന ഓക്‌സിജന്റെ സാമ്പത്തികബാധ്യത വഹിക്കാൻ തങ്ങൾ തയാറാണ്. സംസ്ഥാനത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള അടിയന്തരാവശ്യമാണ്-ജാക്കർ പറഞ്ഞു.

പഞ്ചാബിലെ ഓക്‌സിജൻക്ഷാമം പരിഹരിക്കാൻ പാകിസ്ഥാനിൽനിന്ന് പ്രത്യേക ഇടനാഴി വികസിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവും അമൃത്സർ എംപിയുമായ ഗുർജീത് സിങ് ഔജ്‌ല ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം കത്തെഴുതിയിട്ടുണ്ട്.

TAGS :

Next Story