Quantcast

ബൗളർമാർ തിളങ്ങി; ബാംഗ്ലൂരിനെതിരെ പഞ്ചാബിന് ആധികാരിക ജയം

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 179 റൺസിന്റെ ലക്ഷ്യമാണ് ബാംഗ്ലൂരിനു മുൻപിൽ ഉയർത്തിയത്; മറുപടി ബാറ്റിങ്ങിൽ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുക്കാനേ ബാംഗ്ലൂരിന്റെ കരുത്തുറ്റ ബാറ്റിങ് നിരയ്ക്ക് കഴിഞ്ഞുള്ളൂ

MediaOne Logo

Web Desk

  • Updated:

    2021-05-01 01:36:11.0

Published:

1 May 2021 7:04 AM IST

ബൗളർമാർ തിളങ്ങി; ബാംഗ്ലൂരിനെതിരെ പഞ്ചാബിന് ആധികാരിക ജയം
X

ബാംഗ്ലൂരിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ തകർത്ത് പഞ്ചാബ് കിങ്‌സ്. ബൗളർമാരുടെ മികവിൽ 34 റൺസിനാണ് പഞ്ചാബ് സീസണിലെ മൂന്നാം വിജയം സ്വന്തമാക്കിയത്. നായകൻ കെഎൽ രാഹുലിന്റെ ബാറ്റിങ് കരുത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 179 റൺസിന്റെ ലക്ഷ്യമാണ് ബാംഗ്ലൂരിനു മുൻപിൽ ഉയർത്തിയത്. മറുപടി ബാറ്റിങ്ങിൽ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുക്കാനേ ബാംഗ്ലൂരിന്റെ ബാറ്റിങ് നിരയ്ക്ക് കഴിഞ്ഞുള്ളൂ.

നോട് ലഭിച്ച വിരാട് കോലി പഞ്ചാബിനെ ബാറ്റിങ്ങിന് പറഞ്ഞയക്കുകയായിരുന്നു. എന്നാൽ, ബൗളിങ് തിരഞ്ഞെടുത്ത കോലിയുടെ തീരുമാനം തെറ്റായെന്നു തെളിയിക്കുന്ന തരത്തിലാണ് പഞ്ചാബ് ബാറ്റിങ് തുടങ്ങിയത്. ഓപണർ പ്രഭിസിംറാൻ സിങ് പെട്ടെന്നു തന്നെ ജാമീസന് വിക്കറ്റ് നൽകി മടങ്ങിയെങ്കിലും പിന്നീട് ക്രിസ് ഗെയിലിന്റെ ആക്രമണമാണ് കണ്ടത്. ബാംഗ്ലൂർ ബൗളർമാർക്കെതിരെ ഗെയിൽ തകർത്തടിച്ചപ്പോൾ രാഹുൽ പതിയെ തുടങ്ങി അവസാന ഓവറുകളിൽ ആഞ്ഞടിക്കുകയായിരുന്നു. 24 പന്തിൽ ആറ് ബൗണ്ടറിയും രണ്ട് സിക്‌സറും ഉൾപ്പെടെ 46 റൺസുമായി മികച്ച ഫോമിൽ നിൽക്കെ അപ്രതീക്ഷിതമായി ഡാനിയൽ സാംസിൻറെ പന്തിൽ എബി ഡിവില്ലിയേഴ്‌സിന് ക്യാച്ച് നൽകിയാണ് ഗെയിൽ മടങ്ങിയത്. പിന്നീട് വന്ന ബാറ്റ്‌സ്മാന്മാർ ഒന്നിനു പിറകെ ഒന്നായി പവലിയനിലേക്ക് മടങ്ങിയപ്പോൾ ഒരു കൂട്ടത്തകർച്ച പ്രതീക്ഷിച്ചതാണ്. നിക്കോളസ് പൂറൻ(0), ദീപക് ഹൂഡ(5), ഷാറൂഖ് ഖാൻ(0) എന്നിങ്ങനെ പുറത്തായി. പിന്നീട് ഏഴാമനായെത്തിയ ഹർപ്രീത് ബ്രാറുമായി(17 പന്തിൽ ഒരു ഫോറും രണ്ടു സിക്‌സും സഹിതം 25) ചേർന്നാണ് രാഹുൽ അവസാന ഓവറുകളിൽ തകർത്തടിച്ച് മികച്ച ടോട്ടൽ ഉയർത്തിയത്.

ഗെയിൽ പുറത്തായതിന് ശേഷമാണ് രാഹുൽ ബാറ്റിങ് ടോപ് ഗിയറിലേക്ക് മാറ്റിയത്. 57 പന്തിൽ ഏഴ് ബൗണ്ടറിയും അഞ്ച് സിക്‌സറുമടക്കം 91 റൺസ് നേടി രാഹുൽ പുറത്താകാതെ നിന്നു. ഇരുവരുടേയും മികവിൽ പഞ്ചാബ് കിംഗ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടി.

ബാംഗ്ലൂർ ബൗളർമാരിൽ കെയ്ൽ ജാമീസൻ രണ്ടും ഓൾറൗണ്ടർ ഡാനിയൽ സാംസ്, യുസ്‌വേന്ദ്ര ചഹൽ, ഷഹബാസ് അഹ്‌മദ് എന്നിവർ ഒാരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ മികച്ച ഫോമിലുള്ള ദേവ്ദത്ത് പടിക്കലിനെ തുടക്കത്തിൽ തന്നെ ബാംഗ്ലൂരിന് നഷ്ടപ്പെട്ടു. റിലി മെറിഡിത്തിന്റെ പന്തിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു പടിക്കൽ. മൂന്നാമനായി ക്രീസിലെത്തിയ രജത്ത് പട്ടിദാറുമായി ചേർന്ന് നായകൻ വിരാട് കോലി കൂട്ടുകെട്ട് പടുത്തുയർത്താൻ ശ്രമിച്ചു. എന്നാൽ, പതിനൊന്നാം ഓവറിൽ ഹർപ്രീത് ബ്രാറിന്റെ അപ്രതീക്ഷിതമായ പന്തിൽ ക്ലീൻബൗൾഡായി നായകൻ മടങ്ങിയതോടെ പഞ്ചാബ് ബൗളർമാർ കളിയിൽ മേധാവിത്വമാരംഭിച്ചു. 34 പന്തിൽ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 35 റൺസ് നേടിയാണ് കോലി പുറത്തായത്.

തുടർന്നെത്തിയ അപകടകാരിയായ ഗ്ലെൻ മാക്‌സ്‌വെലിനെയും തൊട്ടടുത്ത പന്തിൽ ഹർപ്രീത് ബൗൾഡാക്കി. അടുത്ത ഓവറിൽ ബാംഗ്ലൂരിന്റെ ബാറ്റിങ് കരുത്ത് എബിഡി വില്ലിയേഴ്‌സിനെകൂടി ഹർപ്രീത് പറഞ്ഞയച്ചതോടെ കളി പൂർണമായും പഞ്ചാബിന്റെ കൈയിലായി. അധികം വൈകാതെ ഷഹബാസ് അഹ്‌മദ്, ഡാനിയൽ സാംസ് എന്നിവർ കൂടി പുറത്തായതോടെ ബാംഗ്ലൂരിനു മുൻപിൽ വൻ റൺറേറ്റാണുണ്ടായിരുന്നത്. എന്നാൽ, അവസാന പന്തുകളിൽ ഹർഷൽ പട്ടേലും(13 പന്തിൽ മൂന്നു ഫോറും രണ്ടു സിക്‌സും സഹിതം 31), ജാമീസനും(16) ആഞ്ഞടിച്ചത് ബാംഗ്ലൂരിന്റെ തോൽവിയുടെ ആഘാതം കുറച്ചു.

പഞ്ചാബ് ബൗളർമാരിൽ യുവതാരം ഹർപ്രീത് ആണ് മികച്ചുനിന്നത്. ഹർപ്രീത് തന്നെയാണ് കളിയിലെ താരം. നാല് ഓവറിൽ 19 റൺസ് മാത്രം വിട്ടുനൽകി ബാംഗ്ലൂരിന്റെ മൂന്നു മുൻനിര താരങ്ങളെയാണ് പുറത്താക്കിയത്. രവി ബിഷ്‌ണോയ് രണ്ടും മെറെഡിത്ത്, മുഹമ്മദ് ഷമി, ക്രിസ് ജോർദൻ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

TAGS :

Next Story