Quantcast

'എപ്പോഴും പൊട്ടിത്തെറിച്ചേക്കാവുന്ന അഗ്നിപർവതത്തിന് മുകളിലാണ് ഇരിക്കുന്നത് എന്ന് മനസ്സിലാക്കണം': മുഖ്യമന്ത്രി

"മാറ്റിവയ്ക്കാൻ സാധിക്കുന്ന പരിപാടികൾ ചുരുങ്ങിയത് ഒരു മാസം കഴിഞ്ഞ് നടത്താൻ തീരുമാനിക്കണം"

MediaOne Logo

Web Desk

  • Published:

    24 April 2021 6:07 PM IST

എപ്പോഴും പൊട്ടിത്തെറിച്ചേക്കാവുന്ന അഗ്നിപർവതത്തിന് മുകളിലാണ് ഇരിക്കുന്നത് എന്ന് മനസ്സിലാക്കണം: മുഖ്യമന്ത്രി
X

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിച്ചേക്കാവുന്ന അഗ്നിപർവതത്തിന് മുകളിലാണ് നമ്മൾ ഇരിക്കുന്നത് എന്ന് മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ യാന്ത്രികമായി അനുസരിക്കുന്നതിന് പകരം അവ സ്വയമേവ ഏറ്റെടുക്കാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് അവലോകന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മാറ്റിവയ്ക്കാൻ സാധിക്കുന്ന പരിപാടികൾ ചുരുങ്ങിയത് ഒരു മാസം കഴിഞ്ഞ് നടത്താൻ തീരുമാനിക്കണം. ഇപ്പോൾ പരമാവധി സർക്കാർ അനുവദിച്ചത് 75 പേരെയാണ്. ഇത് കൂടുതൽ ചുരുക്കുന്ന സമീപനം സ്വീകരിക്കണം. ഇത് അവനവന്റെ ഉത്തരവാദിത്വമാണ് എന്ന് കണ്ട് സാഹചര്യത്തിന് അനുസരിച്ച് ഉയർന്നു പ്രവർത്തിക്കാൻ എല്ലാവരും സന്നദ്ധരാകണം. അല്ലെങ്കിൽ രോഗവ്യാപന വേഗത നമ്മൾ വിചാരിക്കുന്നതിലും വേഗം കൈവരിക്കും- മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി.

അതിനിടെ, സംസ്ഥാനത്ത് ഇന്ന് 26,685 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,31,155 സാമ്പിളുകളാണ് പരിശോധിച്ചത്. 25 പേർ കോവിഡ് ബാധിച്ച് മരിച്ചു. 1,98,576 പേരാണ് നിലവിൽ കേരളത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലെ കോവിഡ് ബാധ ഇങ്ങനെയാണ്. കോഴിക്കോട്-3767, എറണാകുളം-3320, മലപ്പുറം-2745, തൃശൂര്-2584, തിരുവന്തപുരം-2383, കോട്ടയം-2062, കണ്ണൂർ-1755, ആലപ്പുഴ-1750, പാലക്കാട്-1512, കൊല്ലം-1255, പത്തനംതിട്ട-933, കാസർഗോഡ്-908, വയനാട്-873, ഇടുക്കി-838.

രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബുധൻ, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇതുൾപ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,155 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.35 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,49,89,949 സാമ്പിളുകളാണ് പരിശോധിച്ചത്.

TAGS :

Next Story