Quantcast

ഐ.എന്‍.എല്‍ രാഷ്ട്രീയം പുതിയ വഴിത്തിരിവിലെത്തുമ്പോള്‍

ഇടത് മതേതര ചേരിയില്‍ ശക്തമായ സാന്നിധ്യമായൊരു ന്യൂനപക്ഷ പാര്‍ട്ടിയെന്ന ലക്ഷ്യത്തിലാണ് സ്ഥാപക നേതാക്കള്‍ പാര്‍ട്ടി രൂപീകരിച്ചത്. എന്നാല്‍ ലീഗ് വിമര്‍ശനം മാത്രം ദൗത്യമായി സ്വീകരിച്ച പാര്‍ട്ടിയെന്ന ഇമേജിലാണ് പലപ്പോഴും ഐ.എന്‍.എല്‍ നിന്നത്.

MediaOne Logo

അഹമ്മദലി ശര്‍ഷാദ്

  • Updated:

    2021-07-25 13:16:28.0

Published:

25 July 2021 12:23 PM GMT

ഐ.എന്‍.എല്‍ രാഷ്ട്രീയം പുതിയ വഴിത്തിരിവിലെത്തുമ്പോള്‍
X

രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം ലഭിച്ച മുന്നണിപ്രവേശനവും ഭരണപങ്കാളിത്തവും ഒടുവില്‍ കൂട്ടത്തല്ലിലും പിളര്‍പ്പിലും കലാശിക്കുന്ന വിചിത്രമായ കാഴ്ചയാണ് ഐ.എന്‍.എല്‍ രാഷ്ട്രീയത്തില്‍ കാണുന്നത്. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതിന് പിന്നാലെയുള്ള രാഷ്ട്രീയ സാഹചര്യത്തിലാണ് ഐ.എന്‍.എല്‍ പിറവിയെടുക്കുന്നത്. കോണ്‍ഗ്രസിനൊപ്പം മുന്നണിബന്ധം തുടരാനുള്ള ലീഗ് തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഇബ്രാഹിം സുലൈമാന്‍ സേട്ടുവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പുതിയ പാര്‍ട്ടി രൂപീകരിച്ചത്.

ഹര്‍ക്കിഷന്‍ സിങ് സുര്‍ജിത്ത് അടക്കമുള്ള ഇടത് നേതാക്കളുടെ ആശീര്‍വാദത്തോടെ 1994 ഏപ്രില്‍ 23നാണ് ഐ.എന്‍.എന്‍ രൂപം കൊണ്ടത്. സുലൈമാന്‍ സേട്ടുവിന് പുറമെ പി.എം അബൂബക്കര്‍, യു.എ ബീരാന്‍, ചെറിയ മമ്മുക്കേയി തുടങ്ങിയ പ്രമുഖ നേതാക്കള്‍ അന്ന് ഐ.എന്‍.എല്ലിലുണ്ടായിരുന്നു. ഹിന്ദുത്വ വര്‍ഗീയതയെ സഹായിക്കുന്ന കോണ്‍ഗ്രസ് നിലപാടുകളില്‍ പ്രതിഷേധിച്ച് ഇടത് മതേതര ചേരിക്കൊപ്പം നില്‍ക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു സ്ഥാപകര്‍ വിഭാവനം ചെയ്തത്. കേരള രാഷ്ട്രീയം ഉറ്റുനോക്കിയ 1994 ലെ ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള നിരവധി തെരഞ്ഞെടുപ്പുകളില്‍ മുസ്ലിം ലീഗിനെ പരാജയപ്പെടുത്തി ഇടതുപക്ഷത്തിന് വിജയം നേടാന്‍ സാധിച്ചത് മുസ്ലിം ഭൂരിപക്ഷ മേഖലകളിലുള്ള ഐ.എന്‍.എലിന്റെ സ്വാധീനമായിരുന്നു. 2006 ല്‍ കോഴിക്കോട് സൗത്തില്‍ മത്സരിച്ച ഐ.എന്‍.എല്‍ നേതാവ് പി.എം.എ സലാം എം.എല്‍.എ ആവുകയും ചെയ്തിരുന്നു.

പേരില്‍ നിന്ന് മുസ്‌ലിം എന്ന വാക്ക് ഒഴിവാക്കി മതേതര പാര്‍ട്ടിയെന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും സമുദായ പാര്‍ട്ടിയെന്ന കള്ളിയില്‍ നിന്ന് പുറത്തുകടക്കാന്‍ ഐ.എന്‍.എല്ലിന് കഴിഞ്ഞില്ല. ഇടതു മുന്നണി പ്രവേശനം ലക്ഷ്യംവെച്ച് രൂപീകരിച്ച പാര്‍ട്ടിയെ കാല്‍നൂറ്റാണ്ട് കാലത്തോളം സി.പി.എം പടിക്ക് പുറത്ത് നിര്‍ത്തിയതോടെ പ്രവര്‍ത്തകര്‍ നിരാശരായി. മുതിര്‍ന്ന നേതാക്കളുടെ കാലശേഷം ശക്തമായ നേതൃത്വം പാര്‍ട്ടിക്ക് ഉണ്ടാവാതിരുന്നത് സംഘടനയുടെ വളര്‍ച്ചക്ക് തടസ്സമായി.

ഇടത് മതേതര ചേരിയില്‍ ശക്തമായ സാന്നിധ്യമായൊരു ന്യൂനപക്ഷ പാര്‍ട്ടിയെന്ന ലക്ഷ്യത്തിലാണ് സ്ഥാപക നേതാക്കള്‍ പാര്‍ട്ടി രൂപീകരിച്ചത്. എന്നാല്‍ ലീഗ് വിമര്‍ശനം മാത്രം ദൗത്യമായി സ്വീകരിച്ച പാര്‍ട്ടിയെന്ന ഇമേജിലാണ് പലപ്പോഴും ഐ.എന്‍.എല്‍ നിന്നത്. ലീഗ് വിമര്‍ശനം എന്നതിനപ്പുറം ഒരു ന്യൂനപക്ഷരാഷ്ടീയ കക്ഷിയെന്ന നിലയില്‍ മറ്റു അജണ്ടകള്‍ ഏറ്റെടുക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. ലീഗിനെ എതിര്‍ക്കാനുള്ള ഉപകരണമായി മാത്രം ഐ.എന്‍.എല്ലിനെ ഇടതുപക്ഷം ഉപയോഗിക്കുന്നുവെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനമുണ്ടായി. ഇടത് മുന്നണി പ്രവേശനം സാധ്യമാവാത്തതില്‍ പ്രതിഷേധിച്ച് സേട്ട് സാഹിബിന്റെ മകന്‍ സിറാബ് ഇബ്രാഹീം സേട്ട്, പി.എം.എ സലാം, എന്‍.എ നെല്ലിക്കുന്ന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം 2011ല്‍ മുസ്‌ലിം ലീഗില്‍ ചേര്‍ന്നു.

കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം 2019ലാണ് ഐ.എന്‍.എല്ലിനെ മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ സി.പി.എം തീരുമാനിച്ചത്. പി.ടി.എ റഹീം നേതൃത്വം നല്‍കുന്ന നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സുമായി ലയിക്കണമെന്ന നിബന്ധനയും സി.പി.എം മുന്നോട്ടുവെച്ചു. ലയിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് അവ്യക്തതയുണ്ട്. പി.ടി.എ റഹീം ഇടത് സ്വതന്ത്രനായാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കുന്ദമംഗലത്ത് നിന്ന് മത്സരിച്ചു ജയിച്ചത്. അഹമ്മദ് ദേവര്‍കോവില്‍ മാത്രമാണ് ഐ.എന്‍.എല്‍ എംഎല്‍എ ആയി പരിഗണിക്കപ്പെടുന്നത്.

അഹമ്മദ് ദേവര്‍കോവിലിന് പിണറായി മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചതോടെ പാര്‍ട്ടി പുതിയ വഴിത്തിരിവിലെത്തി. എന്നാല്‍ കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം ലഭിച്ച അധികാരപങ്കാളിത്തത്തിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ രൂക്ഷമാവുകയായിരുന്നു. കാസിം ഇരിക്കൂര്‍ ജനറല്‍ സെക്രട്ടറിയായി വന്നതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത രൂക്ഷമായത്. സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുല്‍ വഹാബിനെതിരെ കാസിം ഇരിക്കൂരിന്റെ നേതൃത്വത്തില്‍ നടത്തിയ നീക്കങ്ങള്‍ ഒടുവില്‍ പാര്‍ട്ടിയുടെ പിളര്‍പ്പിലെത്തുകയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ സമുന്നതനായ നേതാവായിരുന്ന ഇബ്രാഹീം സുലൈമാന്‍ സേട്ടുവിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട പാര്‍ട്ടി ഇന്ന് വലിയ പ്രതിസന്ധിയിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. സി.പി.എം നേതൃത്വം എന്ത് തീരുമാനമെടുക്കുന്നതിനെ ആശ്രയിച്ചാണ് മുന്നണിയില്‍ ഐ.എന്‍.എല്ലിന്റെ ഭാവി. ഇന്ത്യകണ്ട ഏറ്റവും പ്രഗത്ഭനായ മുസ്‌ലിം രാഷ്ട്രീയ നേതാക്കളില്‍ ഒരാളുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട പാര്‍ട്ടി അതിന്റെ ചരിത്രദൗത്യം നിര്‍വഹിക്കേണ്ട നിര്‍ണായകഘട്ടത്തില്‍ നേതാക്കളും അണികളും തെരുവിലിറങ്ങി തമ്മില്‍ തല്ലുന്ന ദയനീയമായ കാഴ്ചയാണ് ഇന്ന് കേരളം കാണുന്നത്.


TAGS :

Next Story