Quantcast

ഇന്ത്യൻ ട്വിറ്ററിൽ ടോപ് ട്രെൻഡായി 'ഓർക്കുട്ട്'; എന്താണ് കാരണം?

'ഗൂഗിൾ പ്ലസ്സ്' എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം രൂപീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗൂഗിൾ ഓർക്കുട്ടിന് ദയാവധം അനുവദിച്ചത്. എന്നാൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കഴിയാതെ ഗൂഗിളിന് പ്ലസ്സും പിന്നീട് നിർത്തലാക്കേണ്ടി വന്നു.

MediaOne Logo

Web Desk

  • Published:

    27 Jan 2022 1:24 PM GMT

ഇന്ത്യൻ ട്വിറ്ററിൽ ടോപ് ട്രെൻഡായി ഓർക്കുട്ട്; എന്താണ് കാരണം?
X

സോഷ്യൽ മീഡിയ ഉപയോഗിച്ചു തുടങ്ങിയ ആദ്യ തലമുറയിൽപ്പെട്ടവർക്ക് മറക്കാനാവാത്ത പേരാണ് 'ഓർക്കുട്ട്'. തുർക്കിക്കാരനായ സോഫ്റ്റ് വെയർ എഞ്ചനിയീർ ഓർകുട്ട് ബുയുക്കോക്‌ടെൻ നിർമിക്കുകയും പിന്നീട് ഗൂഗിൾ ഏറ്റെടുക്കുകയും ചെയ്ത 'ഓർക്കുട്ട്'2008-ൽ ഇന്ത്യയിലും ബ്രസീലിലും ഏറ്റവും കൂടുതൽ ജനപ്രിയതയുള്ള സോഷ്യൽ നെറ്റ് വർക്കായിരുന്നു. എന്നാൽ, ഫേസ്ബുക്ക് അടക്കമുള്ള പ്ലാറ്റ്‌ഫോമുകൾ കൂടുതൽ ജനപ്രീതിയാർജിച്ചതോടെ 2014-ൽ ഓർകുട്ട് അടച്ചുപൂട്ടേണ്ടി വന്നു ഗൂഗിളിന്.

എന്നാൽ, പൂട്ടിക്കെട്ടി എട്ടുവർഷത്തിനു ശേഷം ഇന്ത്യൻ ട്വിറ്ററിൽ തരംഗമായിരിക്കുകയാണ് 'ഓർക്കുട്ട്'. ട്വിറ്ററടക്കമുള്ള സോഷ്യൽ മീഡിയയിൽ വൈറലായ 'നിങ്ങളുടെ പേര് പറാതെ, ഇപ്പോഴത്തെ യുവാക്കൾക്ക് മനസ്സിലാകാത്ത ഒരു കാര്യം പറയൂ...' എന്ന സന്ദേശത്തിന്റെ ചുവടുപിടിച്ചാണ് ഓർക്കുട്ട് വീണ്ടും തരംഗമായത്.

1980-90 കളിൽ പിറന്ന, ആദ്യമായി ഇന്റർനെറ്റ് ഉപയോഗിച്ചു തുടങ്ങിയ ജനറേഷൻ നൊസ്റ്റാൾജിയ കലർന്ന ആവേശത്തോടെ തങ്ങളുടെ ആദ്യത്തെ സോഷ്യൽ മീഡിയയെ ഓർത്തെടുക്കുന്ന നിരവധി ട്വീറ്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

ഓർക്കുട്ടിന്റെ ലോഗിൻ, ഹോം പേജുകളും അക്കാലത്ത് ഉപയോഗിച്ചിരുന്ന പ്രത്യേക വാക്കുകളുമെല്ലാം ട്വീറ്റുകളിൽ നിറയുന്നുണ്ട്. ഓർകുട്ടിനു പുറമെ പിൽക്കാലത്ത് നാമാവശേഷമായ യാഹൂ മെസ്സഞ്ചർ, എം.എസ്.എൻ മെസ്സഞ്ചർ, മൈസ്‌പേസ്, യാഹു മെയിൽ തുടങ്ങിയവയെയും ഓർക്കുന്നവരും അനവധി.

ഓർക്കുട്ടിനു ശേഷം സംഭവിച്ചത്

അമേരിക്കയിൽ ജനപ്രിയമായ ഫേസ്ബുക്കിന്റെ അതിപ്രസരത്തോടെയാണ് തങ്ങളുടെ ശക്തികേന്ദ്രമായ ഇന്ത്യയിലും ഓർക്കുട്ടിന്റെ കാലിനു ചുവട്ടിൽ നിന്ന് മണ്ണൊലിച്ചു പോകുന്ന കാര്യം ഗൂഗിൾ തിരിച്ചറിഞ്ഞത്. കാലഘട്ടത്തിനനുസരിച്ച് ഡിസൈനും സൗകര്യങ്ങളും പരിഷ്‌കരിച്ചെങ്കിലും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. ഫേക്ക് അക്കൗണ്ടുകളും വിദ്വേഷ പ്രചാരകരും രംഗം കയ്യടക്കുക കൂടി ചെയ്തതോടെ ഓർക്കുട്ടിന്റെ പേരിൽ ഇന്ത്യയിൽ ഗൂഗിളിന് കോടതി കയറേണ്ടിയും വന്നു.

'ഗൂഗിൾ പ്ലസ്സ്' എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം രൂപീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗൂഗിൾ ഓർക്കുട്ടിന് ദയാവധം അനുവദിച്ചത്. എന്നാൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കഴിയാതെ ഗൂഗിളിന് പ്ലസ്സും പിന്നീട് നിർത്തലാക്കേണ്ടി വന്നു.

തന്റേ പേരിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം അടച്ചുപൂട്ടപ്പെട്ടതിനു പിന്നാലെ ഓർക്കുട്ട് ബുയുകോക്ടൻ ഗൂഗിളിൽ നിന്നു പടിയിറങ്ങി. ഓർകുട്ട് എന്ന ഡൊമെയ്ൻ നാമം സ്വന്തമാക്കിയ അദ്ദേഹം പിന്നീട് ഹലോ എന്ന സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റാണ് വികസിപ്പിച്ചത്. 2016-ൽ ആരംഭിച്ച ഹലോ യു.എസ്, കനഡ, ഫ്രാൻസ്, ഓസ്‌ട്രേലിയ, ന്യസിലാന്റ്, അയർലന്റ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലാണ് ആദ്യഘട്ടത്തിൽ അവതരിപ്പിച്ചത്. 2018-ൽ ഹലോ ഇന്ത്യയിലുമെത്തി. പത്ത് ലക്ഷത്തിലേറെ ഡൗൺലോഡുള്ള ഹലോക്ക് പക്ഷേ, ഓർക്കുട്ട് സൃഷ്ടിച്ച പ്രഭാവത്തിന്റെ അടുത്തെങ്ങുമെത്താൻ സാധിച്ചിട്ടില്ല.


Summary: Orkut trends in Indian twitter

TAGS :
Next Story