Quantcast

ഗ്രെറ്റയുടെ പ്രസംഗം തടഞ്ഞ് ഇസ്രായേൽ അനുകൂലി, അതൃപ്തിയുമായി സൽമാൻ ഖാൻ, ജയ് ഷായ്ക്കെതിരെ അർജുന രണതുംഗ; അറിയാം എക്സ് ട്രെൻഡിങ്

ആംസ്റ്റർഡാമിൽ നടന്ന കാലാവസ്ഥാ സംരക്ഷണ റാലിയിലാണ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗിന്റെ പ്രസംഗം അലങ്കോലപ്പെടുത്താൻ ശ്രമം നടന്നത്.

MediaOne Logo

Web Desk

  • Updated:

    2023-11-13 15:09:05.0

Published:

13 Nov 2023 3:07 PM GMT

ഗ്രെറ്റയുടെ പ്രസംഗം തടഞ്ഞ് ഇസ്രായേൽ അനുകൂലി, അതൃപ്തിയുമായി സൽമാൻ ഖാൻ, ജയ് ഷായ്ക്കെതിരെ  അർജുന രണതുംഗ; അറിയാം എക്സ് ട്രെൻഡിങ്
X

മധ്യപ്രദേശിൽ പ്രചാരണം ശക്തമാക്കി ബിജെപിയും കോൺഗ്രസും

പരസ്യപ്രചാരണം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കേ മധ്യപ്രദേശിൽ പ്രചാരണം ശക്തമാക്കി ബിജെപിയും കോൺഗ്രസും. പ്രധാനമന്ത്രി നരേന്ദ്ര മോദി , കേന്ദ്ര മന്ത്രി അമിത് ഷാ, കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ വിവിധയിടങ്ങളിൽ പ്രചാരണത്തിനെത്തി. പതിനേഴാം തീയതിയാണ് മധ്യപ്രദേശിൽ വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബഡ്വാണിയിലും അമിത് ഷാ ഗ്വാളിയോർ -ചംബൽ മേഖലയിലുമാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. ഇന്ന് മൂന്നിടത്താണ് പ്രചാരണത്തിനെത്തിയത്. ദീപാവലി അവിധിക്കിടയിലും ഇരുപാർട്ടികളും റാലികൾ സജീവമാക്കിയിട്ടുണ്ട്. കോൺഗ്രസ് ഭരണകാലത്ത് മധ്യപ്രദേശിൽ വികസനം കാണാനില്ലായിരുന്നുവെന്ന് മുംഗാവലിയിലെ റാലിയിൽ ജ്യോതിരാദിത്യ സിന്ധ്യ ആരോപിച്ചു.

'പ്രതികൾക്ക് ബി.ജെ.പി ബന്ധം'

പ്രവാചനകനിന്ദ നടത്തിയ ബി.ജെ.പി മുൻ വക്താവ് നുപൂർ ശർമയെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട തയ്യൽക്കാരനെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതികൾക്ക് ബി.ജെ.പി ബന്ധമുണ്ടെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഉദയ്പൂരിൽ തയ്യൽക്കട നടത്തിയിരുന്ന കനയ്യ ലാൽ ആയിരുന്നു കൊല്ലപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് വർഗീയ സംഘർഷമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഗെഹ്‌ലോട്ട് ആരോപിച്ചു.

പടക്കംപൊട്ടിക്കാന്‍ ജനങ്ങളെ BJP നിര്‍ബന്ധിച്ചെന്ന് ഡല്‍ഹി മന്ത്രി

ദീപാവലിക്ക് പിന്നാലെ രാജ്യതലസ്ഥാനത്ത് വായുഗുണനിലവാരം വീണ്ടും മോശമായതില്‍ ബിജെപിക്കെതിരേ ആരോപണവുമായി ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്. ദീപാവലിക്ക് പടക്കം നിരോധിച്ചിട്ടും ബി.ജെ.പി പ്രവര്‍ത്തകര്‍ ജനങ്ങളെ പടക്കം പൊട്ടിക്കാനായി പ്രേരിപ്പിച്ചുവെന്ന് ഗോപാല്‍ റായി ആരോപിച്ചു. അതേസമയം ഡല്‍ഹിയില്‍ വന്‍തോതില്‍ പടക്കംപൊട്ടിക്കല്‍ നടന്നുവെന്ന ആരോപണം ബിജെപി തള്ളി. വളരെ കുറച്ച് പടക്കങ്ങളും ഹരിത പടക്കങ്ങളും മാത്രമാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പൊട്ടിയതെന്ന്‌ ബിജെപി എംപി മനോജ് തിവാരി പറഞ്ഞു.

ഗ്രെറ്റ തുൻബെർഗിന്റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമം

നെതർലൻഡ്സ് തലസ്ഥാനമായ ആംസ്റ്റർഡാമിൽ പ്രസംഗിക്കുന്നതിനിടെ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബർഗിന്റെ കയ്യിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങി ഇസ്രായേൽ അനുകൂലി. ഫലസ്തീനി, അഫ്ഗാൻ സ്ത്രീകളെ പ്രസംഗിക്കാൻ ക്ഷണിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്. സമീപത്ത് നിന്ന രണ്ട് സ്ത്രീകളാണ് ഇയാളെ പിടിച്ചുമാറ്റിയത്. സ്വാതന്ത്രത്തിനായി പോരാടുന്നവരുടെ ശബ്ദം കേൾക്കേണ്ടതുണ്ടെന്നും ഇല്ലാതെ പരിസ്തിതി നീതി പൂർണമാകില്ലെന്നും തൻബർഗ് പറഞ്ഞു.

ഫലസ്തീൻ റാലി വിരുദ്ധ പരാമർശം; ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പുറത്ത്

ഫലസ്തീൻ റാലിയുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങൾക്കു പിന്നാലെ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രവർമാനെ പുറത്താക്കി. വിദേശകാര്യ സെക്രട്ടറിയായിരുന്ന ജെയിംസ് ക്ലവർലിയാണു പുതിയ ആഭ്യന്തര സെക്രട്ടറി. മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ വിദേശകാര്യ സെക്രട്ടറിയായും നിയമിച്ചു.

ആയുധങ്ങൾ ഒരിക്കലും സമാധാനം കൊണ്ടുവരില്ല: ഫ്രാന്‍സിസ് മാര്‍പാപ്പ

"മതി, മതി സഹോദരന്മാരെ, മതി", ഗസ്സ മുനമ്പിൽ പരിക്കേറ്റവരെ ഉടൻ പരിചരിക്കണമെന്നും സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കണമെന്നും മാര്‍പാപ്പ. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സെന്‍റ് പീറ്റേഴ്‌സ് സ്ക്വയറിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ആയുധങ്ങൾ ഒരിക്കലും സമാധാനം കൊണ്ടുവരില്ലെന്നും സംഘർഷം വ്യാപിക്കാതിരക്കട്ടെയെന്നും പോപ്പ് കൂട്ടിച്ചേര്‍ത്തു. ''ഇസ്രയേലിലെയും ഫലസ്തീനിലെയും ഗുരുതരമായ സാഹചര്യങ്ങളിലേക്കാണ് നമ്മുടെ ചിന്തകൾ ഓരോ ദിവസവും തിരിയുന്നത്. ഫലസ്തീനികൾ, ഇസ്രായേലികൾ, ദുരിതമനുഭവിക്കുന്ന എല്ലാവരുടെയും ഒപ്പമാണ് ഞാന്‍. ആയുധങ്ങൾ കളയൂ. അവ ഒരിക്കലും സമാധാനത്തിലേക്ക് നയിക്കില്ല, സംഘർഷം പടരാതിരിക്കട്ടെ! മതി! മതി സഹോദരന്മാരേ! മതി!'' പോപ്പ് പറയുന്നു.

ഇസ്രായേലിന് ആയുധക്കച്ചവടം; കപ്പൽ തടഞ്ഞ് പ്രതിഷേധം

ഇസ്രായേൽ കപ്പൽ തടഞ്ഞ് ആസ്‌ട്രേലിയൻ സാമൂഹികപ്രവർത്തകർ. സിഡ്‌നി പോർട്ട് ബോട്ടണിയിലാണ് നൂറുകണക്കിന് ജെറ്റ് സ്‌കികളിൽ പ്രതിഷേധക്കാർ കപ്പലിനെ വളഞ്ഞത്. ഫലസ്തീൻ പതാകകളുമായെത്തിയ നൂറുകണക്കിനുപേർ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി.

ആസ്‌ട്രേലിയൻ ഫലസ്തീൻ ജസ്റ്റിസ് മൂവ്‌മെന്റ് എന്ന സംഘടനയാണ് ' ബ്ലോക്ക് ദ ബോട്ട്' എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഇസ്രായേൽ ചരക്കുകപ്പലായ 'സിം' ആണ് ഇവർ തടഞ്ഞത്. ഇസ്രായേലിലേക്ക് ആയുധം കൊണ്ടുപോകാനാണ് കപ്പൽ എത്തുന്നതെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. ഇസ്രായേൽ ഭരണകൂടത്തിന്റെയും സൈന്യത്തിന്റെ മുഖ്യകൂട്ടാളികളാണ് ഇവരെന്നും ആരോപണമുണ്ട്.

ആരുടെയും ജീവൻ അപകടത്തിലാക്കരുത്- സൽമാൻ ഖാൻ

തന്റെ പുതിയ ചിത്രം ടൈഗർ 3യുടെ പ്രദർശനത്തിനിടെ ആരാധകർ തിയറ്ററിൽ പടക്കം പൊട്ടിച്ചതിൽ പ്രതികരണവുമായി സൽമാൻ ഖാൻ. ഇത് അപകടകരമാണെന്നും ആരുടെയും ജീവൻ അപകടത്തിലാക്കാതെ സിനിമ കാണണമെന്നും സൽമാൻ ട്വിറ്ററിൽ കുറിച്ചു.

'ശ്രീലങ്കൻ ക്രിക്കറ്റിനെ നശിപ്പിച്ചത് ജയ് ഷാ'

ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് സെക്രട്ടറി ജയ് ഷായ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീം നായകൻ അർജുന രണതുംഗ. ലങ്കൻ ക്രിക്കറ്റിന്റെ തകർച്ചയുടെ കാരണം ജയ് ഷായാണെന്ന് രണതുംഗ ആരോപിച്ചു. ജയ് ഷായാണ് ലങ്കൻ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നതെന്നും ആരോപണം തുടരുന്നു. ശ്രീലങ്കൻ മാധ്യമമായ 'ഡെയ്‌ലി മിററി'നോടാണ് അർജുന രണതുംഗയുടെ പ്രതികരണം. ലങ്കൻ ക്രിക്കറ്റിനെ നിയന്ത്രിക്കുകയും ചവിട്ടിയരയ്ക്കുകയും ചെയ്യാമെന്ന വിചാരത്തിലാണ് ജയ് ഷാ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വൃത്തങ്ങളുമായി ബന്ധമുണ്ടാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ജയ് ഷായാണ് ശ്രീലങ്കൻ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത്. ജയ് ഷായുടെ സമ്മർദം കാരണം ലങ്കൻ ക്രിക്കറ്റ് ബോർഡ് നശിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ചെൽസി - മാഞ്ചസ്റ്റർ സിറ്റി മത്സരത്തിലെ 'ഒളിച്ചുകേൾക്കൽ' സംഭവം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഞായറാഴ്ച നടന്ന ചെൽസി - മാഞ്ചസ്റ്റർ സിറ്റി മത്സരത്തിനിടെ നടന്ന കൗതുകകരമായ ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഫുട്ബോൾ ആരാധകർ ചർച്ച ചെയ്യുന്നത്. ഫ്രീ കിക്കെടുക്കുന്നതിനെപ്പറ്റി സിറ്റി താരങ്ങളായ ജൂലിയൻ അൽവാരസ്, കെയ്ൽ വാക്കർ, ബെർണാഡോ സിൽവ, റൂബൻ ഡിയാസ്, ജാക്ക് ഗ്രീലിഷ് എന്നിവർ കൂലങ്കഷമായി ചർച്ച ചെയ്യുന്നതിനിടെ അവരുടെ സംഭാഷണം കേൾക്കാനെന്ന മട്ടിൽ പാൽമർ സമീപത്തേക്ക് ചെന്നു. സംഭാഷണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച സിറ്റി താരങ്ങൾ പാൽമറിന്റെ സാന്നിധ്യം ശ്രദ്ധിച്ചില്ല. എന്നാൽ, അതുവരെ സീനിൽ ഇല്ലാതിരുന്ന എർലിങ് ഹാളണ്ട് ഓടിയെത്തി 20-കാരനായ ചെൽസി താരത്തെ ചിരിച്ചുകൊണ്ട് അവിടെ നിന്ന് തള്ളിമാറ്റുകയായിരുന്നു. ഹാളണ്ടിന്റെ പ്രവൃത്തിയോടെയാണ് സിറ്റി താരങ്ങൾ പാൽമറിനെ ശ്രദ്ധിച്ചത്.

TAGS :

Next Story