Quantcast

'തിലകിനോട് സാവധാനം കളിക്കാൻ പറഞ്ഞ് ഹാർദിക് കൂറ്റനടി നടത്തി'; അർധസെഞ്ച്വറി നിഷേധിച്ചതിനെതിരെ മുൻ ഇന്ത്യൻ താരം

നെറ്റ് റൺ റേറ്റിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നും അത് ഒരു മാറ്റവും ഉണ്ടാക്കുമായിരുന്നില്ലെന്നും വിമർശനം

MediaOne Logo

Sports Desk

  • Published:

    9 Aug 2023 10:19 AM GMT

Former India player Akash Chopra expressed his disappointment at the action of Indian skipper Hardik Pandya who denied Tilak Verma a half-century.
X

വിൻഡീസിനെതിരെയുള്ള മൂന്നാം ടി20യിൽ തിലക് വർമയ്ക്ക് അർധസെഞ്ച്വറി നിഷേധിച്ച ഇന്ത്യൻ നായകൻ ഹാർദിക് പാണ്ഡ്യയുടെ നടപടിയിൽ നിരാശ പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. അന്താരാഷ്ട്ര 20 യിൽ അരങ്ങേറ്റം കുറിച്ച ശേഷം കളിച്ച മൂന്നു മത്സരങ്ങളിലും മികച്ച പ്രകടനമാണ് തിലക് വർമ നടത്തിയത്. മൂന്നാം ടി20യിൽ തിലക് 49 റൺസ് നേടി അർധസെഞ്ച്വറിയുടെ അടുത്തെത്തിയിരിക്കെ ടീം ഇന്ത്യയ്ക്ക് ജയിക്കാൻ 14 പന്തിൽ രണ്ട് റൺസാണ് വേണ്ടിയിരുന്നത്. ഈ സമയത്ത് സിക്‌സറടിച്ച ഹാർദിക് തിലകിന് രണ്ടാം അർധസെഞ്ച്വറി നേടാനുള്ള അവസരം നിഷേധിക്കുകയായിരുന്നു. ഈ നടപടിയെയാണ് ചോപ്ര വിമർശിച്ചത്.

'തിലക് വർമ അസാമാന്യ പ്രകടനമാണ് നടത്തുന്നത്. ആദ്യ മൂന്നു അന്താരാഷ്ട്ര മത്സരങ്ങളിലും 30ലേറെ റൺ നേടുന്ന ആദ്യ ഇന്ത്യൻ താരമായിരിക്കുകയാണ്. കഴിഞ്ഞ കളിയിൽ അർധസെഞ്ച്വറി നേടിയ താരം തൊട്ടു മുമ്പത്തെ മത്സരത്തിൽ അതിനടുത്തെത്തി. യഥാർത്ഥത്തിൽ അർധസെഞ്ച്വറിയാകേണ്ടതായിരുന്നു. അദ്ദേഹത്തിന്റെ സ്വഭാവം വളരെ മികച്ചതാണ്. കഴിവും നല്ലതാണ്. ആദ്യം അക്രമണോത്സുകനായ താരം പിന്നീട് സൂര്യകുമാറിനൊപ്പം സാഹചര്യം മനസ്സിലാക്കി കളിച്ചു' ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

തുടർന്നെത്തിയ ഹാർദിക് അടിച്ചുകളിക്കേണ്ടെന്നും പിടിച്ചുനിൽക്കണമെന്നും തിലകിനെ ഉപദേശിച്ചുവെന്നും എന്നാൽ ഹാർദിക് കൂറ്റനടികൾ അടിക്കുകയായിരുന്നുവെന്നും ആകാശ് ചോപ്ര കുറ്റപ്പെടുത്തി. അവിടെ നെറ്റ് റൺ റേറ്റിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നും അത് ഒരു മാറ്റവും ഉണ്ടാക്കുമായിരുന്നില്ലെന്നും താരം പറഞ്ഞു.

'തിലകിനോട് ആയാസത്തോടെ കളിക്കാനാണ് ഹാർദിക് പറഞ്ഞത്. പക്ഷേ സ്വയം കൂറ്റൻ ഷോട്ടുകൾ കളിച്ചു. 13 പന്തിൽ രണ്ട് റൺസാണ് വേണ്ടിയിരുന്നത്. പക്ഷേ അദ്ദേഹം സിക്‌സടിച്ചു. വ്യക്തിഗത നേട്ടങ്ങൾക്ക് പ്രാധാന്യം നൽകേണ്ടെന്ന സംസ്‌കാരം സൃഷ്ടിക്കാനാണ് അവർ ശ്രമിക്കുന്നതെന്ന് ഉറപ്പ്. പക്ഷേ ഇവിടെ പുറത്താകാതെ നിൽക്കുന്നതിൽ വലിയ കാര്യമുണ്ടായിരുന്നില്ല. കാരണം 12 പന്തിൽ രണ്ട് റൺസാണ് വേണ്ടിയിരുന്നത്. തിലകിന് അർധ സെഞ്ച്വറി നേടാനുള്ള അവസരം നിഷേധിക്കപ്പെട്ടു. അതാണ് എനിക്ക് തോന്നുന്നത്' ചോപ്ര അഭിപ്രായപ്പെട്ടു.

വിൻഡീസിനെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 22 പന്തിൽ 39, രണ്ടാം ടി20യിൽ 41 പന്തിൽ 51 എന്നിങ്ങനെ തിലക് റൺസടിച്ചു കൂട്ടിയിരുന്നു. മൂന്നാം ടി20യിൽ 37 പന്തിൽ 49 റൺസുമായി ടീമിന്റെ രണ്ടാമത്തെ ടോപ് സ്‌കോററായും താരം മാറി.

തിലകിന് അർഹതപ്പെട്ട അർധസെഞ്ച്വറി നിഷേധിച്ച നായകനെതിരെ സമൂഹ മാധ്യമങ്ങളിലും കടുത്ത വിമർശനമാണ് ഉയരുന്നത്. 99 റൺസെടുത്ത് സെഞ്ച്വറിക്കരികിലെത്തിയ ശ്രീലങ്കൻ താരം ദസുൻ ശനകയ്‌ക്കെതിരെ ഷമി നടത്തിയ മങ്കാദിംഗ് രോഹിത് ശർമ പിൻവലിച്ചതും താരത്തിനും സെഞ്ച്വറി നേടാൻ അവസരം നൽകിയതും ചൂണ്ടിക്കാട്ടിയ ഒരു ആരാധകൻ, ഹാർദിക് തന്റെ ജൂനിയറിന് അർധസെഞ്ച്വറി നിഷേധിച്ചെന്ന് കുറ്റപ്പെടുത്തി. അതേസമയം, മുംബൈ ഇന്ത്യൻസിൽ നിന്ന് ഈ ലജ്ജയില്ലാത്ത, സ്വാർത്ഥനായ താരത്തിന് ഒഴിവാക്കിയതിന് നന്ദിയെന്നായിരുന്നു മറ്റൊരു ആരാധകൻ കുറിച്ചത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരത്തിൽ അർധസെഞ്ച്വറി നേടിനിൽക്കുന്ന വിരാട് കോഹ്‌ലിയ്ക്ക് വിജയറൺ നേടാനായി നായകൻ മഹേന്ദ്രസിംഗ് വഴിയൊരുക്കുന്ന വീഡിയോ പങ്കുവെച്ചും പലരും ഹാർദികിനെ വിമർശിച്ചു. താൻ ധോണിയെയാണ് മാതൃകയായി കാണുന്നതെന്ന് ഒരിക്കൽ ഹാർദിക് പറഞ്ഞിരുന്നു. എന്നാൽ അതിന് വിരുദ്ധമായാണ് കഴിഞ്ഞ കളിയിൽ താരം പെരുമാറിയത്.

മൂന്നാം ടി20യിൽ വിജയം; പരമ്പരയിൽ സാധ്യത നിലനിർത്തി ഇന്ത്യ

അർധസെഞ്ച്വറിയുമായി സൂര്യ കുമാർ യാദവും 49 റൺസുമായി തിലക് വർമയും മിന്നിത്തിളങ്ങിയതോടെയാണ് വിൻഡീസിനെതിരെയുള്ള ടി20 പരമ്പരയിലെ നിർണായക മത്സരത്തിൽ ഇന്ത്യ വിജയം നേടിയത്. ഇതോടെ പരമ്പരയിലെ ലീഡ് 1-2 എന്ന നിലയിലായി. ആദ്യ രണ്ട് മത്സരങ്ങളിലും വിൻഡീസ് ജയിച്ചിരുന്നു. മൂന്നാം മത്സരത്തിലും വിജയിച്ച് പരമ്പരയിലെ ജേതാക്കളാകാനായിരുന്നു ആതിഥേയരുടെ ശ്രമം. എന്നാൽ ടീം ഇന്ത്യ ഉജ്വല പ്രകടനം നടത്തുകയായിരുന്നു. അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ ആകെയുള്ളത്.

വിൻഡീസ് മുന്നോട്ട് വെച്ച 160 റൺസ് വിജയലക്ഷ്യം ടീം ഇന്ത്യ 17.5 ഓവറിൽ മറികടന്നു. 44 പന്തിൽ നാലു സിക്സറും പത്ത് ഫോറുമായി 83 റൺസിന്റെ വെടിക്കെട്ട് തീർക്കുകയായിരുന്നു സ്‌കൈ. തിലക് വർമയാകട്ടെ ഒരു സിക്സറും നാല് ഫോറുമടക്കം 49 റൺസും നേടി. അന്താരാഷ്ട്ര ടി20യിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ യശ്വസി ജയ്സ്വാളിന് ഒറ്റയക്കം കടയ്ക്കാനായില്ല. ഇഷൻ കിഷന് പകരമിറങ്ങിയ താരം രണ്ട് പന്തിൽ ഒരു റണ്ണാണ് നേടിയത്. ആറ് റൺസ് നേടിയ ഓപ്പണർ ശുഭ്മാൻ ഗില്ലും ഉടൻ തിരിച്ചുനടന്നു. ജയ്സ്വാളിനെ മക്കോയിയുടെ പന്തിൽ അൽസാരി ജോസഫ് പിടിച്ചപ്പോൾ ഗില്ലിനെ അൽസാരിയുടെ പന്തിൽ ചാൾസ് പിടികൂടി. സൂര്യകുമാറിനെയും അൽസാരിയാണ് പുറത്താക്കിയത്. ബ്രണ്ടൻ കിംഗിനായിരുന്നു ക്യാച്ച്. ഒടുവിൽ നായകൻ ഹാർദിക് പാണ്ഡ്യയും തിലക് വർമയും ചേർന്ന് വിജയലക്ഷ്യം മറികക്കുകയായിരുന്നു. 17.5 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് ടീം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് നേടിയിരുന്നത്. ഓപ്പണർമാരായ ബ്രണ്ടൻ കിംഗും (42), കെയ്ൽ മായേഴ്സും (25), നായകൻ റോവ്മാൻ പവലും (40) വിൻഡീസിനായി മികച്ച ബാറ്റിംഗ് നടത്തി. നിക്കോളാസ് പൂരൻ 12 പന്തിൽ 20 റൺസടിച്ചു. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് മൂന്നു വിക്കറ്റ് നേടി. മുകേഷ് കുമാർ, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും വീതം വീഴ്ത്തി. ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ആദ്യ മത്സരത്തിൽ നാലു റൺസിനും രണ്ടാം മത്സരത്തിൽ രണ്ട് വിക്കറ്റിനുമാണ് വിൻഡീസ് വിജയിച്ചത്. ആദ്യ മത്സരത്തിൽ വിൻഡീസ് ഉയർത്തിയ 150 വിജയലക്ഷ്യം മറികടക്കാനുള്ള ഇന്ത്യൻ ശ്രമം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 145 ൽ അവസാനിച്ചു. 39 റൺസ് നേടിയ തിലക് മാത്രമാണ് തിളങ്ങിയത്. രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 152 റൺസ് നേടിയെങ്കിലും വിൻഡീസ് 18.5 ഓവറിൽ ലക്ഷ്യം മറികടന്നു. ആഗസ്ത് 12ന് സെൻട്രൽ ബ്രോവാർഡ് റീജിയണൽ പാർക്കിൽ വെച്ചാണ് നാലാം ടി20 മത്സരം.

Former India player Akash Chopra expressed his disappointment at the action of Indian skipper Hardik Pandya who denied Tilak Verma a half-century.

TAGS :

Next Story