Quantcast

21 ഓവറിൽ തീർത്തു; ഓറഞ്ച് പടയെ ജ്യൂസടിച്ച് ഓസീസ്‌

കംഗാരുപ്പടയുടെ വിജയം 309 റൺസിന്‌

MediaOne Logo

Sports Desk

  • Updated:

    2023-10-25 15:31:02.0

Published:

25 Oct 2023 8:57 AM GMT

Australia beat Netherlands by 309 runs in ODI World Cup
X

ന്യൂഡൽഹി: കൂറ്റൻ വിജയലക്ഷ്യം മുന്നോട്ടുവെച്ച ഏകദിന ലോകകപ്പ് മത്സരത്തിൽ ഡച്ചുകാരെ 21 ഓവറിൽ തീർത്ത് ഓസീസ്. ഇതോടെ 309 റൺസിന് കംഗാരുപ്പട വിജയിച്ചു. റൺസ് അടിസ്ഥാനത്തിൽ ഏകദിന ലോകകപ്പിലെ ഏറ്റവും വലിയ വിജയമാണ് ഓസീസ് നേടിയത്. വിജയിക്കാൻ 400 റൺസ് വേണ്ടിയിരുന്ന മത്സരത്തിൽ പത്ത് വിക്കറ്റ് നഷ്ടപ്പെടുത്തി കേവലം 90 റൺസാണ് നെതർലൻഡ്‌സ് നേടിയത്. മൂന്നോവറിൽ എട്ട് റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ആദം സാംപയാണ് അവരുടെ നടുവൊടിച്ചത്. മിച്ചൽ മാർഷ് രണ്ട് വിക്കറ്റെടുത്തു. മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, പാറ്റ് കുമ്മിൻസ് എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ഓപ്പണർ വിക്രം ജിത്ത് സിംഗാ(25)ണ് ഡച്ച് പടയുടെ ടോപ് സ്‌കോററർ. കോളിൻ അക്കർമാൻ (10), സൈബ്രാൻഡ് (11), സ്‌കോട്ട് എഡ്വേർഡ് (12), തേജ (14) എന്നിവരാണ് മറ്റു വലിയ 'സംഭാവനക്കാർ'. തട്ടുതകർപ്പൻ പ്രകടനത്തിലൂടെ ഏകദിന ലോകകപ്പിലെ അതിവേഗ സെഞ്ച്വറി നേടി ഗ്ലെൻ മാക്‌സ്‌വെലാണ് കളിയിലെ താരം.

സെഞ്ച്വറിയടിച്ച് ഗ്ലെൻ മാക്സ്വെലും ഡേവിഡ് വാർണറും തകർത്താടിയതോടെയാണ് ഓസീസ് 400 റൺസ് വിജയലക്ഷ്യം തീർത്തത്. 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 399 റൺസാണ് ആസ്ത്രേലിയ നേടിയിരുന്നത്. ലോകകപ്പിലെ ഓസീസിന്റെ രണ്ടാമത്തെ വൻ സ്‌കോറാണ് ഇന്ന് നേടിയത്. ഓപ്പണറായ ഡേവിഡ് വാർണർ 93 പന്തിൽ 104 റൺസ് നേടിയപ്പോൾ ആറാമതായിറങ്ങിയ മാക്‌സ്‌വെൽ കേവലം 43 പന്തിൽ 106 റൺസടിച്ച് കൂട്ടുകയായിരുന്നു. ഇന്നത്തെ തകർപ്പൻ പ്രകടനത്തിലൂടെ ഏകദിന ലോകകപ്പിലെ അതിവേഗ സെഞ്ച്വറിയെന്ന റെക്കോഡ് മാക്‌സ്‌വെൽ നേടി. എട്ട് സിക്‌സറും ഒമ്പത് ഫോറുകളുമാണ് മാക്‌സ്‌വെൽ അടിച്ചത്. വാർണർ മൂന്ന് സിക്‌സറുകളും 11 ഫോറുകളുമടിച്ചു.

ഡൽഹി അരുൺ ജയറ്റ്‌ലി സ്‌റ്റേഡിയത്തിലാണ് മത്സരം. ഇതേവേദിയിൽ 2023 ലോകകപ്പിൽ തന്നെ ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മർക്രം നേടിയ സെഞ്ച്വറിയാണ് മാക്‌സ്‌വെൽ മറികടന്നത്. ഇതേ വേദിൽ 49 പന്തിലായിരുന്നു മർക്രമിന്റെ സെഞ്ച്വറി.

സ്റ്റീവ് സ്മിത്ത് (71), മാർനസ് ലംബുഷെയ്ൻ (62) എന്നിവരും ഓസീസിന്റെ കൂറ്റൻ സ്‌കോറിലേക്ക് സംഭാവന നൽകി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കംഗാരുപ്പടയ്ക്ക് നാലാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ലോഗൻ വാൻ ബീക്കിന്റെ പന്തിൽ ഓപ്പണർ മിച്ചൽ മാർഷാണ് വീണത്. കോളിൻ അക്കർമാൻ പിടികൂടുകയായിരുന്നു. പിന്നീട് ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും കൂട്ടുകെട്ട് പടുത്തുയർത്തി. 160ാം റൺസിൽ ആര്യൻ ദത്തിന് മുമ്പിൽ സ്മിത്ത് വീണതോടെ ലംബുഷെയ്ൻ വാർണർക്ക് കൂട്ടിനെത്തി. എന്നാൽ ടീം സ്‌കോർ 244ലെത്തി നിൽക്കേ താരം പുറത്തായി. പിന്നീട് ജോഷ് ഇംഗ്ലിസും (14) മടങ്ങി. കാമറൂൺ ഗ്രീൻ (8), പാറ്റ് കുമ്മിൻസ്(12), എന്നിവർക്കും തിളങ്ങാനായില്ല. പാറ്റ് കുമ്മിൻസും (12) ആദം സാംപയും(1) പുറത്താകാതെ നിന്നു.

ഓറഞ്ച് പടയ്ക്കായി ലോഗൻ വാൻ ബീക്കാണ് ബൗളിംഗിൽ തിളങ്ങിയത്. 74 റൺസ് വിട്ടുനൽകിയെങ്കിലും നാല് വിക്കറ്റ് വീഴ്ത്തി. ബാസ് ഡെ ലീഡ് രണ്ടും ആര്യൻ ദത്ത് ഒന്നും വിക്കറ്റെടുത്തു. എന്നാൽ ബാസ് ലീഡ് പത്തോവറിൽ 115 റൺസാണ് വിട്ടുകൊടുത്തത്. കാമറൂൺ ഗ്രീനിനെ സൈബ്രാൻഡ് റണ്ണൗട്ടാക്കി.

Australia beat Netherlands by 309 runs in ODI World Cup

TAGS :

Next Story