Quantcast

റണ്ണടിച്ചുകൂട്ടി ഓസീസ്; മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 270 റൺസ് വിജയ ലക്ഷ്യം

ഹർദിക് പാണ്ഡ്യയും കുൽദീപ് യാദവുമാണ് ഇന്ത്യയ്ക്കായി മികച്ച ബോളിംഗ് നടത്തിയത്‌

MediaOne Logo

Sports Desk

  • Updated:

    2023-03-22 16:44:11.0

Published:

22 March 2023 12:06 PM GMT

India VS Australia ODI
X

ഇന്ത്യൻ ക്രിക്കറ്റ് ടീം 

ചെന്നൈ: ഇന്ത്യയ്‌ക്കെതിരായ നിർണായക മൂന്നാം ഏകദിനത്തിൽ റണ്ണടിച്ചുകൂട്ടി ആസ്‌ത്രേലിയ. ഇന്ത്യയ്ക്ക് മുമ്പിൽ 270 റൺസ് വിജയ ലക്ഷ്യമാണ് പത്ത് വിക്കറ്റ് നഷ്ടത്തിൽ സന്ദർശകർ തീർത്തിരിക്കുന്നത്. 47 റൺസ് നേടിയ മിച്ചൽ മാർഷ്, 38 റൺസ് നേടിയ അലക്‌സ് കാരി, 33 റൺസ് നേടിയ ഓപ്പണർ ട്രാവിസ് ഹെഡ് തുടങ്ങിയവരാണ് കംഗാരുപ്പടയെ മികച്ച നിലയിലേക്ക് നയിച്ചത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആസ്‌ത്രേലിയക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 10 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 50 റൺസ് കടന്ന ഓസീസിന്റെ ഓപ്പണർമാരെയും വൺഡൗണായെത്തിയ നായകനെയും വീഴ്ത്തി ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകിയത്. 11ാം ഓവറിൽ ഹെഡിനെ ഹർദിക് കുൽദീപിന്റെ കയ്യിലെത്തിക്കുകയായിരുന്നു. 13ാം ഓവറിൽ ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിനെ പണ്ഡ്യയുടെ പന്തിൽ കെ.എൽ രാഹുൽ പിടികൂടി. 15ാം ഓവറിൽ അർധസെഞ്ച്വറിയുടെ പടിവാതിലിൽ നിൽക്കേ മാർഷിനെ ഹർദിക് ബൗൾഡാക്കി. 40 റൺസ് വിട്ടുനൽകി മൂന്നുവിക്കറ്റാണ് താരം വീഴ്ത്തിയത്. മൂന്നുവിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവും ഇന്ത്യയ്ക്കായി തിളങ്ങി. ഡേവിഡ് വാർണർ, ലബൂഷെയിൻ, അലക്‌സ് കാരി എന്നിവരെയാണ് താരം പുറത്താക്കിയത്. കാരിയെ ബൗൾഡാക്കിയപ്പോൾ വാർണറെ ഹർദികും ലബൂഷെയിനെ ഗില്ലും പിടികൂടി.

ഡേവിഡ് വാർണർ -23, ലബൂഷെയിൻ 28 , മാർകസ് സ്‌റ്റോണിസ് -25, സീൻ അബോട്ട് -26 എന്നിങ്ങനെയും ഓസീസ് സ്‌കോറിലേക്ക് സംഭാവന നൽകി. സ്‌റ്റോണിസിനെയും അബോട്ടിനെയും അക്‌സർ പട്ടേൽ വീഴ്ത്തി. അബോട്ടിനെ ബൗൾഡാക്കിയപ്പോൾ സ്‌റ്റോണിസിനെ ഗിൽ പിടികൂടി. 17 റൺസ് നേടിയ അഷ്‌ടോൺ ആഗറെ മുഹമ്മദ് സിറാജ് പുറത്താക്കി. അക്‌സറിനായിരുന്നു ക്യാച്ച്. മിച്ചൽ സ്റ്റാർകിനെയും സിറാജ് പുറത്താക്കി.

ഇന്നത്തെ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. അല്ലെങ്കിൽ പരമ്പരയും ഏകദിന റാങ്കിങിൽ ഒന്നാംസ്ഥാനവും നഷ്ടമാകും. ഇപ്പോൾ 114 പോയിന്റുമായി ഇന്ത്യയും ആസ്ത്രേലിയയും ആണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. പരമ്പര ആര് ജയിക്കുന്നുവോ അവർ ഒന്നാം സ്ഥാനത്ത് എത്തും. മാത്രമല്ല പോയിന്റിൽ മുന്നിലെത്തുകയും ചെയ്യും. വിശാഖപ്പട്ടണത്ത് ഏറ്റ കനത്ത തോൽവിയാണ് ഇന്ത്യയുടെ നില പരുങ്ങലിലാക്കിയതും ആസ്ത്രേലിയക്ക് ആശ്വസിക്കാനുള്ള വകനൽകിയതും.

ഇന്ത്യ, ആസ്ത്രേലിയ, ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, പാകിസ്താൻ എന്നീ ടീമുകളാണ് ഏകദിന റാങ്കിങിൽ ആദ്യ അഞ്ചിലുള്ളത്. മൂന്നും നാലും സ്ഥാനങ്ങളിലുള്ള ന്യൂസിലാൻഡിനും ഇംഗ്ലണ്ടിനും 111 വീതം പോയിന്റുകളാണുള്ളത്. അഞ്ചാം സ്ഥാനത്തുള്ള പാകിസ്താനാകട്ടെ 106 പോയിന്റും. ആസ്ത്രേലിയക്കെതിരായ പരമ്പരയിൽ ഇപ്പോൾ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് 1-1 എന്ന നിലയിലാണ്. അതിനാൽ ചെന്നൈയിൽ ജയിക്കുന്നവർക്കാണ് പരമ്പര സ്വന്തമാക്കാനാവുക. മുംബൈയിൽ നടന്ന ആദ്യ ഏകദിനത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

വിശാഖപ്പട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യ ബാറ്റിങ് മറന്നപ്പോൾ ആസ്ത്രേലിയ പത്ത് വിക്കറ്റിന്റെ ആധികാരിക വിജയം സ്വന്തമാക്കി. അതേസമയം അവസാനം ഇന്ത്യയിൽ ഏകദിന പരമ്പരയ്ക്ക് എത്തിയപ്പോൾ 3-2ന് ഓസീസ് പരമ്പര ജയിച്ചിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും കോലിക്ക് കീഴിൽ വിജയിച്ച ശേഷം മൂന്ന് കളികൾ തോൽക്കുകയായിരുന്നു ടീം ഇന്ത്യ. നേരത്തെ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ ബാറ്റിങ് ആണ് പ്രശ്നം. മിച്ചൽസ്റ്റാർക്കിന്റെ മാരക ഏറിന് മുമ്പിൽ ഇന്ത്യയുടെ മുൻനിര തകരുന്നതാണ് കണ്ടത്. മുംബൈ ഏകദിനത്തിൽ തകർച്ച തുടങ്ങിയെങ്കിൽ വിശാഖപ്പട്ടണത്ത് തകർച്ച പൂർണമാകുകയായിരുന്നു. ആദ്യ ഏകദിനത്തിൽ ലോകേഷ് രാഹുലും രവീന്ദ്ര ജഡേജയും ചേർന്നാണ് ഇന്ത്യയെ ഉയർത്തിയത്. ആസ്ത്രേലിയയെ ചെറിയ സ്‌കോറിൽ പുറത്താക്കാനായതും ഇന്ത്യക്ക് നേട്ടമായി. എന്നാൽ വിശാഖപ്പട്ടണത്ത് അഞ്ച് വിക്കറ്റുമായാണ് മിച്ചൽ സ്റ്റാർക്ക് കളം നിറഞ്ഞത്. അതോടെ ഇന്ത്യയുടെ മുൻനിര വീഴുകയായിരുന്നു.

Big score for Australia in third ODI against India

TAGS :

Next Story