Quantcast

'ഇപ്പോൾ പ്രകൃതിക്ക് കുഴപ്പമില്ലേ?'; ചാർട്ടേഡ് വിമാനത്തിൽ വന്ന കോഹ്‌ലിക്കെതിരെ സമൂഹ മാധ്യമ വിമർശനം

ദീപാവാലി ആഘോഷത്തിനിടെ വായു മലിനീകരണവും ആഗോളതാപനവും വർധിക്കുന്നതിരെ കോഹ്‌ലി മുമ്പ് പ്രതികരിച്ചത്‌ ചൂണ്ടിക്കാട്ടി ചിലർ രംഗത്ത് വരികയായിരുന്നു

MediaOne Logo

Sports Desk

  • Published:

    4 Aug 2023 4:27 PM GMT

Criticism on social media against Virat Kohli who came to India in a chartered flight after West Indies tour
X

വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷം ചാർട്ടേഡ് വിമാനത്തിൽ ഇന്ത്യയിലേക്ക് വന്ന കോഹ്‌ലിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം. ടെസ്റ്റ് മത്സരങ്ങളും ഏകദിന പരമ്പരയും കഴിഞ്ഞതോടെയാണ് വ്യാഴാഴ്ച കോഹ്‌ലി നാട്ടിലേക്ക് മടങ്ങിയത്. പ്രൈവറ്റ് ജെറ്റിലായിരുന്നു യാത്ര. ഈ വിവരം കോഹ്‌ലി തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. എന്നാൽ ദീപാവാലി ആഘോഷത്തിനിടെ വായു മലിനീകരണവും ആഗോളതാപനവും വർധിക്കുന്നതിരെ കോഹ്‌ലി മുമ്പ് പ്രതികരിച്ചത്‌ ചൂണ്ടിക്കാട്ടി ചിലർ ഈ യാത്രക്കെതിരെ രംഗത്ത് വരികയായിരുന്നു.

'ദീപാവലി കാലത്തെ മലിനീകരണത്തെ കുറിച്ചുള്ള കാര്യങ്ങൾക്ക് എന്ത് പറ്റി', 'അടുത്ത വർഷം പച്ച ജേഴ്‌സിയണിഞ്ഞ്‌ ഒരു മത്സരം കളിക്കാം, അതോടെ എല്ലാം ശരിയാകും', 'ഒരു വശത്ത് പ്രകൃതിയെ സംരക്ഷിക്കാനായി ദീപാവലി എങ്ങനെ ആഘോഷിക്കാമെന്ന് കോഹ്‌ലി പഠിപ്പിക്കുന്നു, മറ്റൊരു വശത്ത് കൊമേഴ്‌സ്യൽ വിമാനങ്ങളേക്കാൾ പത്തിരട്ടി വായു മലിനീകരണം നടത്തുന്ന പ്രൈവറ്റ് ജെറ്റ് ചാർട്ടർ ചെയ്ത് ഉപയോഗിക്കുന്നു, ഇരട്ട നിലപാടാണിത്' എന്നിങ്ങനെയാണ് സമൂഹ മാധ്യമങ്ങളിലെ വിമർശനം.

മറ്റു ചിലർ ബസ്, മെട്രോ, ഒല പോലെയുള്ള സർവീസ് എന്നിവ ഉപയോഗിക്കാൻ ജനങ്ങളെ കോഹ്‌ലി പ്രോത്സാഹിപ്പിക്കുന്ന പഴയ വീഡിയോയും പൊടിതട്ടിയെടുത്തു. മലിനീകരണതോത് കുറയ്ക്കാനായിരുന്നു താരം പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിച്ചിരുന്നത്.

ദി എയർ ചാർട്ടർ സർവീസ് എയർലൈനാണ് വിൻഡീസിൽ നിന്ന് കോഹ്‌ലിയ്ക്ക് സ്വകാര്യ ജെറ്റ് ഒരുക്കിക്കൊടുത്തത്. 10 മില്യൺ ഡോളർ വിലയുള്ള ഗ്ലോബൽ എയർ സ്വകാര്യ ചാർട്ടർ ജെറ്റിലാണ് കോഹ്‌ലി വന്നത്. ഇതാണ് ചിലർ വിമർശനമുന്നയിക്കാൻ ഇടയാക്കിയത്.

കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും വിൻഡീസ് പര്യടനത്തിൽ മികച്ച പ്രകടനമാണ് കോഹ്‌ലി നടത്തിയത്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ താരം ഒരു സെഞ്ച്വറിയും അർധസെഞ്ച്വറിയും നേടി. ഏകദിനത്തിൽ താരത്തിന് ബാറ്റിംഗിന് അവസരം ലഭിച്ചിരുന്നില്ല. മറ്റുള്ളവർക്ക് അവസരം നൽകാനായി എട്ടാം സ്ഥാനത്താണ് ഇറങ്ങാനിരുന്നത്. രണ്ട് ഏകദിനങ്ങളിൽ കോഹ്‌ലിയും രോഹിതും മാറി നിന്നിരുന്നു. അടുത്തതായി നടക്കാനിരിക്കുന്ന അയർലാൻഡിനെതിരെയുള്ള ടി20 പരമ്പരയിലും ഇവർ കളിക്കുന്നില്ല. ആഗസ്ത് 30ന് ആരംഭിക്കുന്ന ഏഷ്യാ കപ്പ് ലക്ഷ്യമിട്ടാണ് മുന്നൊരുക്കം.

Criticism on social media against Virat Kohli who came to India in a chartered flight after West Indies tour

TAGS :

Next Story