ക്യാപ്റ്റന് മുകളിൽ പരിശീലകൻ പിടിമുറുക്കുന്ന നാളുകൾ; ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ യുഗാരംഭമോ
ജൂണിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പര ഗംഭീറിന്റെ പരീക്ഷണശാലയാകും

ആരാകും ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ നായകൻ. ഓപ്പണിങ് റോളിൽ സർപ്രൈസ് നീക്കമുണ്ടാകുമോ. വിരാട് കോലിയുടെ നാലാം നമ്പറിലേക്ക് ആരെ വിശ്വസിച്ചിറക്കും. ജൂണിൽ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ആരാധകർ തേടുന്നത്. സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും കളമൊഴിഞ്ഞതോടെ വരാനിരിക്കുന്ന പരമ്പര ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ യുഗാരംഭത്തിനുള്ള തുടക്കമാണെന്നും വിലയിരുത്തപ്പെടുന്നു
ക്യാപ്റ്റന് മുകളിൽ പരിശീലകൻ പിടിമുറുക്കുന്ന നാളുകൾ. സീനിയർ താരങ്ങളുടെ പടിയറിക്കം അധികാരകേന്ദ്രം ഗൗതം ഗംഭീർ എന്ന ഒറ്റപ്പേരിലേക്കാണ് എത്തിക്കുന്നത്. വിജയപരാജയങ്ങളിലുടെയെല്ലാം ഉത്തരവാദിത്വം ഇനി ആ 43 കാരനിലേക്ക് വന്നുചേരും. ടീം സെലക്ഷൻ ഉൾപ്പെടെ എല്ലാരംഗങ്ങളിലും അവസാനവാക്കും മറ്റാരുമാകില്ല. സമീപകാലത്തായി ചാമ്പ്യൻസ് ട്രോഫിയിലെ കിരീടധാരണവും ബിസിസിഐക്ക് ഗംഭീറിലുള്ള വിശ്വാസം ബലപ്പെടുത്തുന്നതായി. ബോർഡർ-ഗവാസ്‌കർ ട്രോഫിയടക്കം നഷ്ടപ്പെടുത്തിയ കോച്ച് എന്ന മോശം പേര് മറികടക്കാനും ഐസിസി കിരീടനേട്ടത്തിലൂടെ ഗംഭീറിനായി. എന്നാൽ സമീപകാല ഇന്ത്യൻ ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാൽ നായകൻമാരെ ചുറ്റിപറ്റിയാണ് അധികാര സഞ്ചാരമെന്ന് വ്യക്തമാകും. പരിശീലകനേക്കാൾ തലപ്പൊക്കത്തിലും ജനപ്രീതിയിലും നിലകൊണ്ടത് എപ്പോഴും ക്യാപ്റ്റൻമാരായിരുന്നു. സൗരവ് ഗൗഗുലിയുടെ കാലം മുതൽ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.
ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ അവസാന വാക്കായിരുന്നു ദാദ. 2000 കാലഘട്ടത്തിൽ അന്ന് ഇന്ത്യൻ പരിശീലകൻ ന്യൂസിലൻഡുകാരൻ ജോൺ റൈറ്റ്. ഇരുവരും തമ്മിലുള്ള കോംബോ ഇന്ത്യൻ ക്രിക്കറ്റിനെ പുതിയ തലങ്ങളിലേക്കെത്തിച്ചു. കോഴ ആരോപണമടക്കമുള്ള പ്രതിസന്ധിയിൽ കിതച്ചിരുന്ന ഒരു സംഘത്തെ ആത്മവിശ്വാസമുള്ള ടീമാക്കി മാറ്റാൻ ഗാംഗുലി-റൈറ്റ് കൂട്ടുകെട്ടിനായി. പലപ്പോഴും കോച്ചിന് മുകളിൽ തീരുമാനമെടുത്തും ദാദയുടെ ലീഡർഷിപ്പ് ശ്രദ്ധിക്കപ്പെട്ടു. എന്നാൽ 2005ൽ ഗ്രെഗ് ചാപ്പൽ പരിശീലക സ്ഥാനത്തെത്തിയതോടെ ഇന്ത്യൻ ക്രിക്കറ്റ് രണ്ട് ദ്രുവങ്ങളിലേക്ക് മാറി. സൗരവ് ഗാംഗുലിയും ഗ്രെഗ് ചാപ്പലും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും പടലപിണക്കവും അന്ന് വലിയ വാർത്തയായി. ഒടുവിൽ ഗാംഗുലിയ്ക്ക് ക്യാപ്റ്റൻ സ്ഥാനം പോലും നഷ്ടമാകുന്ന സ്ഥിതിയുണ്ടായി. 2007 ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ തോൽവി ചാപ്പലിന് പുറത്തേക്കുള്ള വഴിയും തെളിയിച്ചു. ഗാംഗുലിക്ക് ശേഷം മഹേന്ദ്ര സിങ് ധോണി, വിരാട് കോലി, രോഹിത് ശർമ എന്നിവരും ഇന്ത്യൻ ക്രിക്കറ്റിലെ അവസാനവാക്കായ ക്യാപ്റ്റൻമാരായിരുന്നു. ഈ കാലയളവിലെ കോച്ച്-ക്യാപ്റ്റൻ ബന്ധം ഊഷ്മളമായെങ്കിലും ചിലപ്പോഴെങ്കിലും കല്ലുകടിയും നേരിട്ടു. ചാപ്പലിന് ശേഷം മുൻ ഇന്ത്യൻ ഇതിഹാസ സ്പിന്നർ അനിൽ കുംബ്ലെയും അധികാര പ്രയോഗത്തിൽ കലഹിച്ച് തിരിഞ്ഞുനടന്ന പരിശീലകനാണ്.
കലഹിച്ചവർ മാത്രമല്ല ടീം നായകനൊപ്പം കട്ടക്ക് കൂടെനിന്ന നിരവധി കോച്ചുമാരുമുണ്ട്. ഇന്ത്യൻ ക്രിക്കറ്റിനെ സുപ്രധാന നേട്ടങ്ങളിലേക്ക് നയിച്ചവർ. ജോൺ റൈറ്റ്, ഗ്യാരി ക്രിസ്റ്റൻ, രവി ശാസ്ത്രി, രാഹുൽ ദ്രാവിഡ് എന്നിവരെല്ലാം എതിർശബ്ദങ്ങളില്ലാതെ മുന്നേറിയവരാണ്. ഏകദിന,ടി20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി അടക്കം പ്രധാന ഐസിസി കിരീടങ്ങളെല്ലാം ഈ കാലയളവിൽ ഇന്ത്യയിലേക്കെത്തി. ഏറ്റവുമൊടുവിൽ ടി20 ലോകകപ്പ് നേട്ടത്തോടെ രാഹുൽ ദ്രാവിഡ് പടിയിറങ്ങി. എന്നാൽ പിന്നീട് ആ റോളിലേക്കെത്തിയ ഗൗതം ഗംഭീറിന് മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി ചില അധികാരങ്ങൾ ഉറപ്പാക്കിയാണ് ബിസിസിഐ സ്വീകരിച്ചത്. കോച്ചിങ് സ്റ്റാഫിനെ നിയമിക്കുന്നതിലടക്കം പൂർണസ്വാതന്ത്ര്യവും നൽകി. നിലവിൽ പുറത്തുവരുന്ന സൂചനകൾ പ്രകാരം ടെസ്റ്റ് ടീം ക്യാപ്റ്റനായി രോഹിതിന്റെ പകരക്കാരനായി ശുഭ്മാൻ ഗില്ലിനെയാണ് പരിഗണിക്കുന്നത്. ഇതുവരെ റെഡ്ബോൾ ക്രിക്കറ്റിൽ താൽകാലിക നായകൻ പോലുമായിട്ടില്ലാത്ത 25 കാരനാണ് എത്തുന്നതെങ്കിൽ ഒരിക്കലും ഗംഭീറിന് മുകളിൽ പ്രതിഷ്ഠിപ്പെടില്ലെന്ന കാര്യം ഉറപ്പാണ്. ടീമിലുള്ള മുതിർന്ന താരങ്ങളായ രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കെഎൽ രാഹുൽ എന്നിവരൊന്നും കോച്ചിനെ ചോദ്യം ചെയ്യാൻ കെൽപുള്ളവരല്ല.
രവി ശാസ്ത്രിയെ പോലെയോ രാഹുൽ ദ്രാവിഡിനെ പോലെയോ നയതന്ത്രജ്ഞനായ പരിശീലകനല്ല ഗംഭീർ. ദേശീയ ടീമിൽ കളിക്കുന്ന കാലത്തുതന്നെ വിവാദങ്ങളിൽപ്പെട്ടയാളാണ് ഈ ഡൽഹിക്കാരൻ. 2011 ഏകദിന ലോകകപ്പ് കിരീടത്തിന്റെ ക്രെഡിറ്റ് എംഎസ് ധോണിക്ക് മാത്രം നൽകുന്നതിനെ പരസ്യമായി ചോദ്യം ചെയ്തും ഗംഭീർ രംഗത്തെത്തി. തന്റെ അഭിപ്രായം വ്യക്തമായും കൃത്യമായും പറയാൻ അയാൾ മടികാണിച്ചില്ല. കോച്ചിങ് കരിയർ ആരംഭിച്ച ഉടൻ ഇന്ത്യൻ ടീമിലെ താരാധിപത്യത്തെ വെല്ലുവിളിച്ചാണ് രംഗത്തെത്തിയത്. മറ്റു പരിശീലകർക്കൊന്നും നൽക്കാത്ത സൗകര്യങ്ങൾ ഒരുക്കി ഗംഭീറിനെ ക്രിക്കറ്റ് ബോർഡ് രംഗത്തിറക്കിയതും ചില ലക്ഷ്യങ്ങൾ മുൻനിർത്തിയാണ്. അതിലൊന്ന് ഭാവി മുന്നിൽകണ്ടുകൊണ്ടുള്ള ടീമിനെയൊരുക്കലാണ്. ന്യൂസിലൻഡിനെതിരെ നാട്ടിൽ ചരിത്രതോൽവി നേരിട്ടപ്പോഴും, ഓസീസ് മണ്ണിൽ ബിജിടി കിരീടം നഷ്ടമായപ്പോഴും പരിശീലകൻ വലിയപരിക്കേൽക്കാതെ നിന്നതും ബിസിസിഐയ്ക്ക് അയാളിലുള്ള ഈ വിശ്വാസം അടിവരയിടുന്നതാണ്. ഇതുവരെയുള്ളത് പോലെയാവില്ല ഇനി കാര്യങ്ങൾ. പരിശീലക റോളിൽ ഗംഭീറിനെ കാത്തിരിക്കുന്നത് വെല്ലുവിളിയുടെ നാളുകളാണ്. രോഹിതിന് പുറമെ ഇന്ത്യൻ ടീമിലെ ക്രൈസിസ് മാനേജറായ വിരാട് കോഹ്ലിയും പാഡഴിച്ചു. ഇംഗ്ലണ്ടിലെ പേസ് അറ്റാക്കിനെ നേരിടാൻ യുവനിരയെ സജ്ഞമാക്കണം. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ലക്ഷ്യമിട്ടുള്ള ഗംഭീർ സ്‌ക്വാർഡിൽ ആരൊക്കെയുണ്ടാകും. കാത്തിരുന്ന് കാണാം
Adjust Story Font
16

