ഗിൽ പവറിൽ ഗുജറാത്ത് ഫൈനലിൽ; രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് തോൽപിച്ചു
ഐപിഎല്ലിൽ തന്റെ അഞ്ചാം സെഞ്ച്വറി കുറിച്ച് ശുഭ്മാൻ ഗിൽ

മുല്ലൻപൂർ: രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ 2026 ഫൈനലിലേക്ക് മുന്നേറി. രാജസ്ഥാൻ ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത്, എട്ട് പന്തുകൾ ബാക്കി നിൽക്കേ ലക്ഷ്യം മറികടന്നു. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിലാണ് ഗുജറാത്തിന്റെ ജയം. 53 പന്തിൽ നിന്ന് 104 റൺസാണ് താരം സ്കോർ ചെയ്തത്. 32 പന്തിൽ 58 റൺസ് നേടിയ സായ് സുദർശനും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തു. മേയ് 31ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാൻ റോയൽസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 214 റൺസാണ് നേടിയത്. കൗമാര താരം വൈഭവ് സൂര്യവൻഷിയുടെ തകർപ്പൻ ബാറ്റിങ്ങിന്റെ ബലത്തിലാണ് അവർ മികച്ച ടോട്ടലിലെത്തിയത്. 47 പന്തിൽ എട്ട് ഫോറും ഏഴ് സിക്‌സും പറത്തി വൈഭവ് 96 റൺസ് സ്കോർ ചെയ്തു. 35 പന്തിൽ 45 റൺസ് നേടിയ രവീന്ദ്ര ജഡേജ സപ്പോർട്ടിങ് റോൾ ഭംഗിയാക്കി. ആറാമനായി ഇറങ്ങി 11 പന്തിൽ 38 റൺസ് അടിച്ചുകൂട്ടിയ ഡൊണോവൻ ഫെരേരയും ടീമിനെ മികച്ച ടോട്ടലിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. യശസ്വി ജയ്‌സ്വാൾ (1), ധ്രുവ് ജുറെൽ (7), ദസുൻ ഷണക (3), ജോഫ്ര ആർച്ചർ (7) എന്നിവർ രണ്ടക്കം കാണാതെ പുറത്തായി. ഗുജറാത്തിനായി കഗീസോ റബാഡയും ജേസൺ ഹോൾഡറും രണ്ട് വിക്കറ്റുകൾ വീതം നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് 18.4 ഓവറിൽ ലക്ഷ്യം കണ്ടു. ഗുജറാത്തിന്റെ വിജയത്തിൽ നിർണായകമായത് 167 റൺസ് കൂട്ടിച്ചേർത്ത ശുഭ്മാൻ ഗിൽ - സായ് സുദർശൻ ഓപ്പണിങ് കൂട്ടുകെട്ടാണ്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഐപിഎല്ലിൽ തന്റെ അഞ്ചാം സെഞ്ച്വറി കുറിച്ചു. 53 പന്തിൽ 15 ഫോറും മൂന്ന് സിക്‌സും അടക്കമാണ് താരം 104 റൺസ് നേടിയത്. അർദ്ധ സെഞ്ച്വറി നേടിയ സായ് സുദർശൻ 32 പന്തിൽ 58 റൺസ് നേടി മികച്ച പിന്തുണ നൽകി. 16 റൺസ് നേടിയ വാഷിംഗ്‌ടൺ സുന്ദറിന്റെ വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്. തുടർന്ന് ജോസ് ബട്‌ലറും (9), രാഹുൽ തെവാതിയയും (17) ചേർന്ന് കളി ഫിനിഷ് ചെയ്തു.
Adjust Story Font
16

