Quantcast

ചരിത്രം ന്യൂസിലാൻഡിനൊപ്പം; സെമിക്കൊരുങ്ങുമ്പോൾ ഇതുവരെയുള്ള കണക്കുകൾ ഇങ്ങനെ...

ചരിത്രം ന്യൂസിലാൻഡിനൊപ്പമാണെങ്കിലും നിലവിലെ ഫോമിൽ ഇന്ത്യയെ തോൽപിക്കുക എളുപ്പമല്ല

MediaOne Logo

Web Desk

  • Updated:

    2023-11-14 13:44:24.0

Published:

14 Nov 2023 1:42 PM GMT

Kane Williamson- Rohit Sharma
X

മുംബൈ: ഒമ്പത് ജയം നേടി പത്താം ജയത്തിനായി (അതും ലോകകപ്പിന്റെ ഫൈനൽ ടിക്കറ്റിനായി) മുംബൈ വാങ്കഡെയിൽ എത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിൽ തോൽപിച്ചുവിട്ട ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളി. സെമിയും ഫൈനലും ജയിച്ചാൽ 2003ഉം 2007ഉം എങ്ങനെയാണ് ആസ്‌ട്രേലിയ അവസാനിപ്പിച്ചത് അതുപോലെ ഒന്നാണ് ഇന്ത്യയേയും കാത്തിരിക്കുന്നത്.

ഈ ലോകകപ്പിന്റെ ഇന്ത്യയുടെ ആദ്യ മത്സരം മുതൽ അവസാനം നെതർലാൻഡ്‌സിനെതിരെ കളിച്ച മത്സരം വരെ നോക്കുകയാണെങ്കിൽ സർവമേഖലകളിൽ ആധിപത്യമായിരുന്നു. ബൗളിങും ബാറ്റിങും എല്ലാം ഇതുപോലെ 'ക്ലിക്കായൊരു' സംഘം ഇന്ത്യക്കുണ്ടായിട്ടില്ല. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ചരിത്രം നോക്കുകയാണെങ്കില്‍ ന്യൂസിലാൻഡാണ് എതിരാളി എങ്കിൽ ചില പ്രശ്നങ്ങളുണ്ട്.

ഐ.സി.സി ഇവന്റുകളിലെ വൈറ്റ്ബോള്‍ മത്സരങ്ങളിൽ(ഏകദിന-ടി20) 13 തവണയാണ് ഇന്ത്യയും ന്യൂസിലാൻഡും പരസ്പരം ഏറ്റുമുട്ടിയത്. ഇതിൽ ഇന്ത്യ ജയിച്ചത് നാല് മത്സരങ്ങളിൽ മാത്രമാണ്. ഈ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ തോൽപിച്ചുവെങ്കിലും, മികച്ച പ്രകടനം ന്യൂസിലാന്‍ഡ് പുറത്തെടുത്തിരുന്നു.


ഐ.സി.സി ഇവന്റുകളിൽ 1975ലെ ലോകകപ്പിലാണ് ഇന്ത്യയും ന്യൂസിലാൻഡും ആദ്യമായി മത്സരിച്ചത്. മാഞ്ചസ്റ്ററിൽ നടന്ന അന്നത്തെ മത്സരത്തിൽ ഇന്ത്യ, നാല് വിക്കറ്റിനാണ് പരാജയപ്പെട്ടത്. 1979ലെ ലോകകപ്പില്‍ ഇന്ത്യക്കെതിരെ ന്യൂസിലാൻഡ് വന്നപ്പോഴും ഫലത്തിൽ മാറ്റമുണ്ടായില്ല. ലീഡ്‌സിൽ നടന്ന ആ മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. 1987 ലോകകപ്പിലാണ് ന്യൂസിലാൻഡിനെതിരെയുള്ള ഇന്ത്യയുടെ ആദ്യ ജയം. ബംഗളൂരുവിൽ നടന്ന മത്സരത്തിൽ 16 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. അവസാനം ഏറ്റുമുട്ടിയപ്പോഴും(ഈ ലോകകപ്പിൽ) ഇന്ത്യക്കായിരുന്നു വിജയം.

ന്യൂസിലാൻഡിനെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം ക്രിക്കറ്റ് പ്രേമികളുടെ മനസിലേക്ക് വരിക 2019 ലോകകപ്പ് സെമി ഫൈനലാകും. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതായാണ് ഇന്ത്യ അന്ന് സെമി കളിക്കാൻ മാഞ്ചസ്റ്ററിൽ എത്തിയത്. എന്നാൽ ധോണിക്കെതിരെയുള്ള ഗപ്റ്റിലിന്റെ ആ ത്രോ, ഇന്ത്യ മറക്കാനാഗ്രഹിക്കുന്ന ഏടാണ്. ഫലമോ ന്യൂസിലാൻഡിന്റെ ഫൈനൽ പ്രവേശവും.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും നിലവിലെ ഫോമിൽ ഇന്ത്യയെ തോൽപിക്കുക ന്യൂസിലാൻഡിന് അസാധ്യമായിരിക്കും. മുമ്പെങ്ങുമില്ലാത്ത രീതിയിലാണ് ഇന്ത്യയുടെ കളി. പതിനൊന്ന് പേരും ഇംപാക്ട് കളിക്കാരാണ്. എന്താണ് അവരിൽ അർപ്പിതമായ ചുമതല അത് ഭംഗിയായി ചെയ്യുകയാണ്. ബാറ്റിങിൽ പാളിയാലും ബൗളർമാർ വിജയംകൊണ്ടുവരുന്ന സുന്ദര കാഴ്ചയും ഈ ലോകകപ്പിൽ കണ്ടതാണ്. ടോപ് ഫോമിലുള്ള ഇന്ത്യൻ ബൗളർമാരെ എങ്ങനെയാകും ന്യൂസിലാൻഡ് കൈകാര്യം ചെയ്യുക എന്നതിന് അനുസരിച്ചായിരിക്കും കാര്യങ്ങള്‍.

Summary-ND vs NZ, World Cup semi-finals: ICC tournament history favours New Zealand

TAGS :

Next Story