കാര്യവട്ടത്ത് ഷഫാലി ഷോ; ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് ടി-20 പരമ്പര
നാല് വിക്കറ്റ് വീഴ്ത്തിയ രേണുകയാണ് കളിയിലെ താരം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടി-20 മത്സരത്തിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് പരമ്പര. ഓപ്പണർ ഷഫാലി വർമ്മയുടെ തകർപ്പൻ അർധസെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യൻ വനിതകളുടെ വിജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് ഇന്ത്യ മുന്നിലാണ്.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ഇന്ത്യൻ ബൗളർമാർ കാഴ്ചവെച്ചത്. ലങ്കൻ സ്കോർ 25-ൽ നിൽക്കെ ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടുവിനെ ഹർമൻപ്രീതിന്റെ കൈകളിലെത്തിച്ച് ദീപ്തി ശർമ്മയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.
പിന്നാലെ എത്തിയ രേണുക സിങ് താക്കൂർ ലങ്കൻ നിരയെ പിടിച്ചുകുലുക്കി. 25 റൺസെടുത്ത ഹാസിനി പെരേര, ഹർഷിത സമരവിക്രമ, നിലാക്ഷി ഡിസിൽവ എന്നിവരെ രേണുക പുറത്താക്കി. ദീപ്തി ശർമ്മ മൂന്ന് വിക്കറ്റും രേണുക സിങ് നാല് വിക്കറ്റും വീഴ്ത്തിയതോടെ ശ്രീലങ്ക നിശ്ചിത 20 ഓവറിൽ 112 റൺസിന് ഒതുങ്ങി.
113 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ഷഫാലി വർമ്മ മിന്നും തുടക്കമാണ് നൽകിയത്. ആദ്യ ഓവറിലെ നാലാം പന്തിൽ സിക്സറും തുടർന്നുള്ള പന്തുകളിൽ ബൗണ്ടറികളും നേടി ഷഫാലി തന്റെ വരവറിയിച്ചു. വെറും 24 പന്തിൽ നിന്ന് ഷഫാലി അർധസെഞ്ച്വറി തികച്ചു.
മറുഭാഗത്ത് സ്മൃതി മന്ദാന (1), ജെമീമ റോഡ്രിഗസ് (9) എന്നിവർ പെട്ടെന്ന് പുറത്തായെങ്കിലും ഷഫാലി ലങ്കൻ ബൗളർമാരെ കടന്നാക്രമിച്ചു. 42 പന്തിൽ 11 ഫോറും 3 സിക്സറുമടക്കം 79 റൺസോടെ ഷഫാലി പുറത്താകാതെ നിന്നു. 14-ാം ഓവറിലെ രണ്ടാം പന്ത് സിക്സറിന് തൂക്കി ഷഫാലി ഇന്ത്യയെ വിജയത്തിലെത്തിക്കുമ്പോൾ 40 പന്തുകൾ ബാക്കിയുണ്ടായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ രേണുകയാണ് കളിയിലെ താരം.
പരമ്പര സ്വന്തമാക്കിയെങ്കിലും ഷെഡ്യൂൾ പ്രകാരം അടുത്ത രണ്ട് മത്സരങ്ങൾ ഡിസംബർ 28, 30 തീയതികളിൽ കാര്യവട്ടത്ത് തന്നെ നടക്കും.
Adjust Story Font
16

