Quantcast

ആസ്‌ത്രേലിയക്കെതിരെ വീണ്ടും തോറ്റു; ഇന്ത്യയ്ക്ക് പരമ്പര നഷ്ടം, ഒന്നാം സ്ഥാനവും

മറുപടി ബാറ്റിംഗിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 248 റൺസാണ് ടീം ഇന്ത്യയ്ക്ക് നേടാനായത്

MediaOne Logo

Sports Desk

  • Updated:

    2023-03-22 18:37:34.0

Published:

22 March 2023 4:40 PM GMT

After losing the crucial third match of the ODI series against Australia, India lost the series and the top spot in the ODI rankings.
X

Australia, India

ചെന്നൈ: ആസ്‌ത്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ നിർണായകമായ മൂന്നാം മത്സരത്തിലും തോറ്റതോടെ ഇന്ത്യയ്ക്ക് പരമ്പരയും ഏകദിന റാങ്കിങിൽ ഒന്നാംസ്ഥാനവും നഷ്ടമായി. മത്സരത്തിന് മുമ്പ് ഇന്ത്യയും ആസ്‌ത്രേലിയയുമായിരുന്നു ആദ്യ രണ്ട് സ്ഥാനങ്ങളിൽ. വിജയത്തോടെ ആസ്‌ത്രേലിയ മുമ്പിലെത്തി. വിശാഖപട്ടണത്ത് നടന്ന കഴിഞ്ഞ മത്സരത്തിലും ഇന്ത്യ തോറ്റിരുന്നു.

ഇന്ന് ടോസ് നേടി ബാറ്റ്‌ചെയ്ത സന്ദർശകർ പത്ത് വിക്കറ്റ് നഷ്ടത്തിൽ 270 റൺസ് വിജയ ലക്ഷ്യമാണ് തീർത്തിരുന്നത്. എന്നാൽ മറുപടി ബാറ്റിംഗിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 248 റൺസാണ് ടീം ഇന്ത്യയ്ക്ക് നേടാനായത്. നാലു വിക്കറ്റ് വീഴ്ത്തിയ ആദം സാംബയാണ് ഇന്ത്യയുടെ നടുവൊടിച്ചത്. ആസ്റ്റൺ ആഗർ രണ്ടും സീൻ അബോട്ട്, സ്‌റ്റോണിസ് എന്നിവർ ഒന്നും വിക്കറ്റ് വീഴ്ത്തി. ഗിൽ, കെ.എൽ രാഹുൽ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരുടെ വിക്കറ്റാണ് സാംബ വീഴ്ത്തിയത്. കോഹ്‌ലിയെയും സൂര്യകുമാറിനെയും ആസ്റ്റൺ ആഗർ മടക്കിയയച്ചു. അവസാനത്തിൽ ഒരു സിക്‌സും ഫോറുമടിച്ച് പ്രതീക്ഷ നൽകിയ ഷമിയെ സ്‌റ്റോണിസ് പുറത്താക്കി. അക്‌സറിനെ സ്മിത്ത് റണ്ണൗട്ടാക്കുകയായിരുന്നു. കുൽദീപിനെ സ്‌റ്റോണിസും റണ്ണൗട്ടാക്കി.

ഓപ്പണർമാരടക്കം ആദ്യ നാല് ഇന്ത്യൻ ബാറ്ററർമാരും തരക്കേടില്ലാത്ത സ്‌കോർ നേടിയിരുന്നു. പിന്നീട് ഹർദിക് പാണ്ഡ്യയും ജഡേജയും ചേർന്നുള്ള സഖ്യവും പൊരുതി. എന്നാൽ ഓസീസ് ഉയർത്തിയ വൻ സ്‌കോർ മറികടക്കാൻ ഈ പ്രകടനം മതിയായിരുന്നില്ല. അർധ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയും 40 റൺസ് നേടിയ ഹർദിക് പാണ്ഡ്യയും 30 റൺസ് കടന്ന ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗില്ലുമാണ് ഇന്ത്യക്കായി തിളങ്ങിയത്. കെ.എൽ രാഹുൽ 50 പന്തിൽ 32 റൺസടിച്ചു. പിന്നീട് അക്‌സർ രണ്ട് റൺസ് നേടി പുറത്തായി. തുടർച്ചയായ മൂന്നാം മത്സരത്തിലും സൂര്യകുമാർ യാദവ് ഗോൾഡൻ ഡക്കായി. ആസ്റ്റൺ ആഗറുടെ 36ാം ഓവറിൽ താരം നേരിട്ട ആദ്യ പന്തിൽ തന്നെ ബൗൾഡാകുകയായിരുന്നു. കഴിഞ്ഞ രണ്ട് ഏകദിന മത്സരങ്ങളിലും ഗോൾഡൻ ഡക്കായിരുന്നു സൂര്യ. രണ്ട് പുറത്തകലും മിച്ചൽ സ്റ്റാർക്കിനു വിക്കറ്റ് നൽകിയായിരുന്നു. ഇതോടെ ഇടങ്കയ്യൻ പേസർമാരെ നേരിടാൻ താരം പ്രയാസപ്പെടുന്നുവെന്ന വിമർശനം ഉയർന്നിരുന്നു.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആസ്ത്രേലിയയെ 47 റൺസ് നേടിയ മിച്ചൽ മാർഷ്, 38 റൺസ് നേടിയ അലക്സ് കാരി, 33 റൺസ് നേടിയ ഓപ്പണർ ട്രാവിസ് ഹെഡ് തുടങ്ങിയവരാണ് മികച്ച സ്‌കോർ നേടാൻ സഹായിച്ചത്. 10 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 50 റൺസ് കടന്ന ഓസീസിന്റെ ഓപ്പണർമാരെയും വൺഡൗണായെത്തിയ നായകനെയും വീഴ്ത്തി ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകിയത്. 11ാം ഓവറിൽ ഹെഡിനെ ഹർദിക് കുൽദീപിന്റെ കയ്യിലെത്തിക്കുകയായിരുന്നു. 13ാം ഓവറിൽ ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിനെ പണ്ഡ്യയുടെ പന്തിൽ കെ.എൽ രാഹുൽ പിടികൂടി. 15ാം ഓവറിൽ അർധസെഞ്ച്വറിയുടെ പടിവാതിലിൽ നിൽക്കേ മാർഷിനെ ഹർദിക് ബൗൾഡാക്കി. 40 റൺസ് വിട്ടുനൽകി മൂന്നുവിക്കറ്റാണ് താരം വീഴ്ത്തിയത്. മൂന്നുവിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവും ഇന്ത്യയ്ക്കായി തിളങ്ങി. ഡേവിഡ് വാർണർ, ലബൂഷെയിൻ, അലക്സ് കാരി എന്നിവരെയാണ് താരം പുറത്താക്കിയത്. കാരിയെ ബൗൾഡാക്കിയപ്പോൾ വാർണറെ ഹർദികും ലബൂഷെയിനെ ഗില്ലും പിടികൂടി.

ഡേവിഡ് വാർണർ -23, ലബൂഷെയിൻ 28 , മാർകസ് സ്റ്റോണിസ് -25, സീൻ അബോട്ട് -26 എന്നിങ്ങനെയും ഓസീസ് സ്‌കോറിലേക്ക് സംഭാവന നൽകി. സ്റ്റോണിസിനെയും അബോട്ടിനെയും അക്സർ പട്ടേൽ വീഴ്ത്തി. അബോട്ടിനെ ബൗൾഡാക്കിയപ്പോൾ സ്റ്റോണിസിനെ ഗിൽ പിടികൂടി. 17 റൺസ് നേടിയ അഷ്ടോൺ ആഗറെ മുഹമ്മദ് സിറാജ് പുറത്താക്കി. അക്സറിനായിരുന്നു ക്യാച്ച്. മിച്ചൽ സ്റ്റാർകിനെയും സിറാജ് പുറത്താക്കി.

മുംബൈയിൽ നടന്ന ആദ്യ ഏകദിനത്തിൽ അഞ്ച് വിക്കറ്റിന് ഇന്ത്യയുടെ വിജയിച്ചിരുന്നു. എന്നാൽ വിശാഖപ്പട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യ ബാറ്റിങ് മറന്നപ്പോൾ ആസ്‌ത്രേലിയ പത്ത് വിക്കറ്റിന്റെ ആധികാരിക വിജയം സ്വന്തമാക്കി. ആദ്യ ഏകദിനത്തിൽ ലോകേഷ് രാഹുലും രവീന്ദ്ര ജഡേജയും ചേർന്നാണ് ഇന്ത്യയെ ഉയർത്തിയത്. ആസ്‌ത്രേലിയയെ ചെറിയ സ്‌കോറിൽ പുറത്താക്കാനായതും ഇന്ത്യക്ക് നേട്ടമായി. എന്നാൽ വിശാഖപ്പട്ടണത്ത് അഞ്ച് വിക്കറ്റുമായാണ് മിച്ചൽ സ്റ്റാർക്ക് കളം നിറഞ്ഞു. അതോടെ ഇന്ത്യയുടെ മുൻനിര വീഴുകയായിരുന്നു.

After losing the crucial third match of the ODI series against Australia, India lost the series and the top spot in the ODI rankings.

TAGS :

Next Story