Quantcast

സൂര്യകുമാർ മൂന്നാം കളിയിലും ഗോൾഡൻ ഡക്ക്; സഞ്ജുവിനായി മുറവിളി

കഴിഞ്ഞ രണ്ട് ഏകദിന മത്സരങ്ങളിലും ഗോൾഡൻ ഡക്കായിരുന്നു സൂര്യ

MediaOne Logo

Sports Desk

  • Updated:

    2023-03-22 16:00:52.0

Published:

22 March 2023 3:48 PM GMT

Suryakumar Yadav Golden Duck in 3rd ODI against Australia
X

Suryakumar Yadav

ചെന്നൈ: ആസ്‌ത്രേലിയക്കെതിരെയുള്ള മൂന്നാം ഏകദിനത്തിലും സൂര്യകുമാർ യാദവ് ഗോൾഡൻ ഡക്ക്. ആസ്റ്റൺ ആഗറുടെ 36ാം ഓവറിൽ താരം നേരിട്ട ആദ്യ പന്തിൽ തന്നെ ബൗൾഡായി. കഴിഞ്ഞ രണ്ട് ഏകദിന മത്സരങ്ങളിലും ഗോൾഡൻ ഡക്കായിരുന്നു സൂര്യ. രണ്ട് പുറത്തകലും മിച്ചൽ സ്റ്റാർക്കിനു വിക്കറ്റ് നൽകിയായിരുന്നു. ഇതോടെ ഇടങ്കയ്യൻ പേസർമാരെ നേരിടാൻ താരം പ്രയാസപ്പെടുന്നുവെന്ന വിമർശനം ഉയർന്നിരുന്നു. ഇന്ന് പുറത്തായത് ഇടങ്കയ്യൻ സ്പിന്നറുടെ പന്തിലാണ്.

ഒന്ന് മുതൽ ഏഴുവരെയുള്ള സ്ഥാനങ്ങളിൽ കളിക്കുന്ന ഇന്ത്യൻ ബാറ്റർമാരിൽ കൂടുതൽ വട്ടം ഡക്കായ താരമെന്ന ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ കുപ്രസിദ്ധ റെക്കോഡിനൊപ്പവും സൂര്യകുമാറെത്തി. 2023ൽ സൂര്യ മൂന്നു തുടർമത്സരങ്ങളിൽ ഡക്കായപ്പോൾ 1994ലായിരുന്നു സച്ചിന്റെ തുടർ ഡക്കുകൾ.

സൂര്യയുടെ മോശം പ്രകടനത്തിനു പിന്നാലെ ഏകദിനത്തിൽ മികച്ച കരിയർ ട്രാക്ക് റെക്കോർഡുള്ള സഞ്ജുവിനെ തിരിച്ചുവിളിക്കാൻ സോഷ്യൽ മീഡിയയിൽ ആരാധകരുടെ മുറവിളി ഉയരുകയാണ്. നാലാം നമ്പറിൽ ശ്രേയസ് അയ്യർ പരിക്കേറ്റ് പുറത്തായതോടെയാണ് സൂര്യയ്ക്ക് അവസരം ലഭിച്ചത്. എന്നാൽ, ശ്രേയസിനു പകരക്കാരനായി മറ്റൊരു താരത്തെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇത് സഞ്ജു വരുന്നത് തടയാനുള്ള ബി.സി.സി.ഐ നീക്കമാണെന്നാണ് ആരാധകർ ആരോപിക്കുന്നത്. ടി20യിൽ ലോക ഒന്നാം നമ്പർ താരമായിരിക്കുമ്പോഴും ഏകദിനത്തിലും ടെസ്റ്റിലും കാര്യമായ പ്രകടനം പുറത്തെടുക്കാൻ സൂര്യയ്ക്ക് ഇതുവരെ ആയിട്ടില്ല. ഏകദിനത്തിൽ സഞ്ജുവിന് സൂര്യയെക്കാളും മികച്ച റെക്കോർഡുമുണ്ട്. 21 ഏകദിനങ്ങളിൽ ഇന്ത്യൻ കുപ്പായമിട്ട സൂര്യയുടെ സമ്പാദ്യം 433 റൺസാണ്. വെറും 25.47 ആണ് ശരാശരി. രണ്ട് അർധസെഞ്ച്വറികളാണ് പ്രധാന സമ്പാദ്യം.

സൂര്യ അവസാനമായി ഒരു അർധശതകം കണ്ടെത്തുന്നത് ഒരു വർഷംമുൻപാണ്. അവസാന 13 മത്സരങ്ങളിൽ വെറും 166 റൺസാണ് താരത്തിന് നേടാനായത്. ശരാശരി 13.83 ശതമാനം!എന്നാൽ, വല്ലപ്പോഴും അവസരം ലഭിക്കുന്ന സഞ്ജുവിന്റെ ഏകദിന കരിയർ മികച്ചതാണ്. 11 ഇന്നിങ്സിൽ മാത്രം ഇന്ത്യയ്ക്കായി കളിക്കാൻ അവസരം ലഭിച്ച താരം 330 റൺസും അടിച്ചെടുത്തിട്ടുണ്ട്. ശരാശരി 66 ശതമാനവും! രണ്ട് അർധശതകങ്ങളും കൂട്ടത്തിലുണ്ട്. പലപ്പോഴും അഞ്ച്, ആറു നമ്പറുകളിൽ ഫിനിഷർ റോളിലും താരം മികച്ച പ്രകടനമാണ് ടീമിനായി പുറത്തെടുത്തിട്ടുള്ളത്.

ഇന്ത്യയ്ക്കെതിരായ നിർണായക മൂന്നാം ഏകദിനത്തിൽ റണ്ണടിച്ചുകൂട്ടി ആസ്ത്രേലിയ. ഇന്ത്യയ്ക്ക് മുമ്പിൽ 270 റൺസ് വിജയ ലക്ഷ്യമാണ് പത്ത് വിക്കറ്റ് നഷ്ടത്തിൽ സന്ദർശകർ തീർത്തിരിക്കുന്നത്. മറുപടി ബാറ്റിംഗിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 198 റൺസാണ് ടീം ഇന്ത്യ നേടിയിട്ടുള്ളത്. അർധ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയും 30 റൺസ് കടന്ന ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗില്ലുമാണ് ഇന്ത്യക്കായി തിളങ്ങിയത്. 31 റൺസുമായി ഹർദിക് പാണ്ഡ്യ പൊരുതുകയാണ്.

Suryakumar Yadav Golden Duck in 3rd ODI against Australia

TAGS :

Next Story