Quantcast

മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് 161 റൺസ് വിജയലക്ഷ്യം

നാല് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജും അർശ്ദീപുമാണ് ഇന്ത്യക്കായി തിളങ്ങിയത്‌

MediaOne Logo

Sports Desk

  • Updated:

    2022-11-22 16:01:45.0

Published:

22 Nov 2022 9:05 AM GMT

മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് 161 റൺസ് വിജയലക്ഷ്യം
X

നേപ്പിയർ: നിർണായക ടി20യിൽ ഇന്ത്യയ്ക്കെതിരെ ന്യൂസിലൻഡിന് മികച്ച സ്‌കോർ. ആദ്യം ബാറ്റ് ചെയ്ത കിവികൾ ഡേവൻ കോൺവേയുടെയും ഗ്ലെൻ ഫിലിപ്സിന്റെയും അർധസെഞ്ച്വറികളുടെ കരുത്തിൽ പത്തു വിക്കറ്റ് നഷ്ടത്തിൽ 160 റൺസാണ് ഉയർത്തിയത്. കെയ്ൻ വില്യംസനു പകരം പേസ് ബൗളർ ടിം സൗത്തിയാണ് ഇന്ന് കിവികളെ നയിക്കുന്നത്. ടോസ് ലഭിച്ച ടിം സൗത്തി ബാറ്റിങ് തിരഞ്ഞെടുത്തു. ബാറ്റിങ് ആരംഭിച്ച കിവികൾക്ക് തുടക്കം പാളി. രണ്ടാമത്തെ ഓവറിൽ തന്നെ ഓപണർ ഫിൻ അലനെ നഷ്ടമായി. അർശ്ദീപിന്റെ ആദ്യത്തെ ഓവറിൽ ആദ്യ പന്തിൽ തന്നെ വിക്കറ്റിനു മുന്നിൽ കുരുങ്ങിയാണ് ഫിൻ(മൂന്ന്) മടങ്ങിയത്. വില്യംസന് പകരക്കാരനായി മൂന്നാം നമ്പറിൽ ഇറങ്ങിയ മാർക് ചാപ്മാനും(12) അധികം ആയുസുണ്ടായില്ല. മുഹമ്മദ് സിറാജിന്റെ പന്തിൽ അർശ്ദീപ് പിടിച്ചാണ് ചാപ്മാൻ പുറത്തായത്.

മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഡേവൻ കോൺവേ-ഗ്ലെൻ ഫിലിപ്സ് സഖ്യാമാണ് പിന്നീട് ന്യൂസിലൻഡിനെ തകർച്ചയിൽനിന്ന് കരകയറ്റിയത്. ഇരുവരും നിലയുറപ്പിച്ചതോടെ കിവി സ്‌കോർ കുതിച്ചുയരാനും തുടങ്ങി. പിന്നീട് ഇന്ത്യൻ ബൗളർമാരെ നിലംതൊടാൻ അനുവദിക്കാതെ തലങ്ങും വിലങ്ങും പ്രഹരിക്കുകയായിരുന്നു ഇരുവരും. ഒരു വശത്ത് കോൺവേ നിലയുറപ്പിച്ചു കളിച്ചപ്പോൾ ഫിലിപ്സിന്റെ വെടിക്കെട്ട് വിരുന്നായിരുന്നു നേപ്പിയറിൽ. സ്‌കോർബോർഡിൽ 86 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് സഖ്യം വേർപിരിഞ്ഞത്.

ഫിലിപ്സ് അടിച്ചുതകർത്തു മുന്നേറുമ്പോൾ സിറാജാണ് ഇന്ത്യയ്ക്ക് ബ്രേക് ത്രൂ നൽകിയത്. സിറാജിന്റെ അതിവേഗ ഷോര്ട്ട് പിച്ച് പന്തിൽ ബാറ്റ് വച്ച ഗ്ലെൻ ഫിലിപ്സിനെ മനോഹരമായൊരു ക്യാച്ചിലൂടെ ഭുവനേശ്വർ കുമാർ പിടികൂടി. 33 പന്തിൽ അഞ്ച് ബൗണ്ടറിയുടെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 54 റൺസെടുത്താണ് താരം തിരിച്ചുനടന്നത്. ഫിലിപ്സിനു പിന്നാലെ കോൺവേയും മടങ്ങി. അർശ്ദീപ് എറിഞ്ഞ സ്ലോബൗൾ ഉയർത്തിയടിക്കാനുള്ള കോൺവേയുടെ ശ്രമം പാളി. ബൗണ്ടറിക്കരികിൽ ഇഷൻ കിഷൻ പിടിച്ചുപുറത്താകുമ്പോൾ 49 പന്തിൽ അഞ്ചു ബൗണ്ടറിയും രണ്ടു ഫോറും സഹിതം 59 റൺസായിരുന്നു കോൺവേയുടെ സമ്പാദ്യം.

നാല് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജും അർശ്ദീപുമാണ് ഇന്ത്യക്കായി തിളങ്ങിയത്‌. 18, 19 ഓവറുകളിൽ സിറാജും അർശ്ദീപും അപാര പ്രകടനമാണ് കാഴ്ചവെച്ചത്. ഈ ഡെത്ത് ഓവറുകളിൽ ആകെ ഇരുവരും എട്ടു റൺസ് മാത്രം വിട്ടുനൽകി അഞ്ചു ന്യൂസിലാൻഡ് വിക്കറ്റുകൾ നേടുകയായിരുന്നു. നാലോവറിൽ സിറാജ് 17 റൺസ് വിട്ടുനൽകിയപ്പോൾ അർശ്ദീപ് 37 റൺസ് വഴങ്ങി. ആദം മിൽനെയെ റണ്ണൗട്ടാക്കിയതും സിറാജായിരുന്നു. 3.4 ഓവർ എറിഞ്ഞ ഹർഷൽ പട്ടേൽ ഒരു വിക്കറ്റ് വീഴ്ത്തി.

മൂന്ന് മത്സരങ്ങളടങ്ങിയ ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരം മഴയെടുത്തിരുന്നു. രണ്ടാം മത്സരത്തിൽ ഇന്ത്യ വമ്പൻ ജയം നേടി. 65 റൺസിനായിരുന്നു വിജയം. ഇന്ത്യ ഉയർത്തിയ 192 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലാൻഡിന് 126 റൺസെടുക്കാനെ കഴിഞ്ഞിരുന്നുളളൂ. ഇപ്പോൾ നടക്കുന്ന മൂന്നാം ടി20 മത്സരത്തിൽ ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

ടി20 ലോകകപ്പിലെ മിന്നുംഫോം സൂര്യകുമാർ യാദവ് തുടർന്നതോടെയാണ് രണ്ടാം ടി20യിൽ ഇന്ത്യ ജയിച്ചത്. 51 പന്തിൽ പതിനൊന്ന് ഫോറും ഏഴ് സിക്സറുകളും അടങ്ങുന്നതായിരുന്നു സൂര്യയുടെ ഇന്നിങ്സ്(111). താരത്തിന്റെ രണ്ടാം ടി20 സെഞ്ച്വറിയായിരുന്നത്. 36 റൺസ് നേടിയ ഇശൻ കിശനായിരുന്നു മറ്റൊരു സ്‌കോറർ.

India need 161 runs to win in 3rd T20 against New Zealand

TAGS :

Next Story