ക്യാപ്റ്റൻ ക്ലാസിക് സൂര്യകുമാർ; രണ്ടാം ടി20യിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

റായ്പൂർ: ഇന്ത്യ - ന്യൂസിലൻഡ് രണ്ടാം ടി20യിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ന്യൂസിലൻഡ് ഉയർത്തിയ 209 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഇന്ത്യ16 ഓവറിൽ ലക്ഷ്യം കണ്ടു. ക്യാപ്റ്റൻ സുരകുമാറിന്റെയും ഇഷാൻ കിഷന്റെയും അർധ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ വിജയം കൈവരിച്ചത്.
ന്യൂ റായ്‌പൂരിലെ ഷഹീൻ വീർ നാരായൺ സിങ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റിങിനയച്ചു. ഭേദപ്പെട്ട രീതിയിൽ ബാറ്റ് ചെയ്ത ന്യുസിലൻഡ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടി. രചിൻ രവീന്ദ്രയുടെയും ക്യാപ്റ്റൻ സാന്റ്നറുടെയും ബാറ്റിങ്ങിന്റെ മികവിലാണ് ന്യൂസിലൻഡ് കൂറ്റൻ സ്കോറിലെത്തിയത്. 26 പന്തിൽ രണ്ട് ബൗണ്ടറിയും നാല് സിക്സറുമായി 44 റൺസാണ് രചിൻ രവീന്ദ്ര നേടിയത് അതെ സമയം 27 പന്തിൽ നാല് ബൗണ്ടറിയും ഒരു സിക്സുമടക്കം 47 റൺസാണ് സാന്റ്നർ നേടിയത്. ടിം സെയ്‌ഫെർട്ടും ഡെവോൺ കോൺവേയും മെച്ചപ്പെട്ട രീതിയിൽ ബാറ്റ് ചെയ്തു. ഇന്ത്യക്കായി ബൗളിങ്ങിൽ കുൽദീപ് യാദവ് രണ്ട് വിക്കറ്റ് നേടിയപ്പോൾ ശിവം ദുബേ, വരുൺ ചക്രവർത്തി, ഹർഷിത് റാണ, ഹർദിക് പാണ്ട്യ എന്നിവർ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ രണ്ട് ഓവറുകളിൽ തന്നെ രണ്ട് ഓപ്പണർമാരെയും നഷ്ടമായി. മലയാളി താരം സഞ്ജു സാംസൺ വെറും ആറ് റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളു. തൊട്ടടുത്ത് ഓവറിൽ അഭ്യുഷേക് ശർമയും പുറത്തായി. എന്നാൽ പുറകെ വന്ന ഇഷാൻ കിഷന്റെയും ക്യാപ്റ്റൻ സൂര്യകുമാറിന്റെയും ബാറ്റിങ് മികവിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി. 122 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. 32 പന്തിൽ 11 ബൗണ്ടറികളും നാല് സിക്സറുകളും പറത്തി 76 റൺസാണ് ഇഷാൻ കിഷൻ സ്കോർ ചെയ്തത്. പത്താം ഓവറിൽ ഇഷ് സോഡിയുടെ പന്തിൽ ഇഷാൻ കിഷൻ പുറത്താകുമ്പോൾ 128 റൺസിൽ എത്തിയിരുന്നു ഇന്ത്യ. പുറകെ വന്ന ശിവം ദുബേയുമൊത്ത് ബാറ്റ് ചെയ്ത സൂര്യകുമാർ 16 ഓവറിൽ ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. 37 പന്തിൽ ഒമ്പത് ബൗണ്ടറിയും നാല് സിക്‌സറും പറത്തി 82 റൺസാണ് സൂര്യകുമാർ നേടിയത്. 18 പന്തിൽ 36 റൺസ് നേടിയ ശിവം ദുബേയും മികച്ച ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്.
ജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ 2-0 എന്ന ലീഡ് നേടാൻ ഇന്ത്യക്കായി. അടുത്ത മത്സരം ഞായറാഴ്ച ഗുവാഹത്തിയിലാണ് നടക്കുക.
Adjust Story Font
16

