Quantcast

അജിങ്ക്യ രഹാനെ തിരിച്ചെത്തി; ആസ്‌ത്രേലിയക്കെതിരെയുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ടീം പ്രഖ്യാപിച്ചു

ആസ്‌ത്രേലിയക്കെതിരെ ഇന്ത്യയിൽ നടന്ന മത്സരങ്ങളിലുണ്ടായിരുന്ന ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, കുൽദീപ് എന്നിവർക്ക് ടീമിൽ ഇടംലഭിച്ചില്ല

MediaOne Logo

Sports Desk

  • Updated:

    2023-05-02 13:51:45.0

Published:

25 April 2023 8:25 AM GMT

അജിങ്ക്യ രഹാനെ തിരിച്ചെത്തി; ആസ്‌ത്രേലിയക്കെതിരെയുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ടീം പ്രഖ്യാപിച്ചു
X

ന്യൂഡൽഹി: ഐ.പി.എല്ലിൽ ന്യൂജൻ കളിക്കാരെ വെല്ലുംവിധം തകർത്തടിച്ച് കളിക്കുന്ന അജിങ്ക്യ രഹാനെ വീണ്ടും ദേശീയ ടീമിൽ. ആസ്‌ത്രേലിയക്കെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ടീം പ്രഖ്യാപിച്ചതോടെയാണ് താരം വീണ്ടും ദേശീയ കുപ്പായത്തിൽ കളിക്കുക. ജൂൺ ഏഴ് മുതൽ 11വരെയായി (ജൂൺ 12 റിസർവ് ദിവസം) ലണ്ടനിലെ ഓവലിലാണ് മത്സരം നടക്കുക. പുറംവേദനയെ തുടർന്ന് ശ്രേയസ് അയ്യർ പുറത്തിരിക്കുന്നതിനെ തുടർന്നാണ് 15 മാസത്തിന് ശേഷം രഹാനെ വീണ്ടും ടീമിലെത്തുന്നത്. നിലവിൽ യു.കെയിൽ ചികിത്സയിൽ കഴിയുകയാണ് അയ്യർ. 2022 ജനുവരിയിലാണ് രഹാനെ ഏറ്റവുമൊടുവിൽ ടെസ്റ്റ് കളിച്ചത്. ദക്ഷിണാഫ്രിക്കയിലെ ക്യാപ്ടൗണിലായിരുന്നു താരത്തിന്റെ 82ാം ടെസ്റ്റ്.

ബി.സി.സി.ഐയുടെ അഞ്ചംഗ സെലക്ഷൻ പാനലും സെക്രട്ടറി ജയ്ഷാ, നായകൻ രോഹിത് ശർമ, കോച്ച് രാഹുൽ ദ്രാവിഡ് എന്നിവർ തിങ്കളാഴ്ചയാണ് ടീമിനെ നിശ്ചയിക്കാനായി യോഗം ചേർന്നത്. തുടർന്ന് ഇന്ന് ടീമിനെ പ്രഖ്യാപിക്കുകയായിരുന്നു. ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ എന്നീ മൂന്നു സ്പിന്നർമാരും ഷർദുൽ താക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്കട് എന്നീ അഞ്ച് പേസർമാരും ടീമിൽ ഇടംപിടിച്ചു.

കെ.എസ് ഭരതാണ് ടീമിലെ വിക്കറ്റ് കീപ്പർ. ഡിസംബറിലുണ്ടായ കാറപകടത്തെ തുടർന്ന് പരിക്കേറ്റ് റിഷബ് പന്ത് പൂർണാരോഗ്യം വീണ്ടെുക്കാത്തത് കൊണ്ടാണ് ഭരതിന് അവസരം ലഭിച്ചത്. ആസ്‌ത്രേലിയക്കെതിരെ ഇന്ത്യയിൽ നടന്ന മത്സരങ്ങളിലുണ്ടായിരുന്ന ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, കുൽദീപ് എന്നിവർക്ക് ടീമിൽ ഇടംലഭിച്ചില്ല. ഫിറ്റ്‌നസ് വീണ്ടെടുക്കാത്ത ജസ്പ്രീത് ബുംറയും ടീമിലില്ല. രോഹിത് നയിക്കുന്ന സംഘത്തിലെ വൈസ് ക്യാപ്റ്റനെ തീരുമാനിച്ചിട്ടില്ല. എന്നാൽ ചേതേശ്വർ പൂജാരയാകാനാണ് സാധ്യത. ഇന്ത്യയിൽ നടന്ന അവസാന രണ്ട് ടെസ്റ്റുകളിൽ താരമായിരുന്നു ഉപനായകൻ. മോശം പ്രകടനത്തെ തുടർന്ന് ഈ ടെസ്റ്റുകളിൽ കളിപ്പിക്കാതിരുന്ന കെ.എൽ രാഹുൽ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.

ഇന്ത്യൻ സംഘം: രോഹിത് ശർമ(ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, കെ.എൽ രാഹുൽ, കെ.എസ്. ഭരത് (വിക്കറ്റ്കീപ്പർ), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ. അക്‌സർ പട്ടേൽ ഷർദുൽ താക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്കട്.

ആസ്‌ത്രേലിയൻ സംഘം: പാറ്റ് കുമ്മിൻസ് (ക്യാപ്റ്റൻ), സ്‌കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, കാമറൂൺ ഗ്രീൻ, മാർകസ് ഹാരിസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖ്വാജ, മാർനസ് ലംബൂഷെയ്ൻ, നഥാൻ ലിയോൺ, മിച്ചൽ മാർഷ്, ടോഡ് മുർഫി, മാത്യൂ റെൻഷാ, സ്റ്റീവ് സ്മിത്ത് (വൈസ് ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്, ഡേവിഡ് വാർണർ. ഇതേ സംഘം തന്നെയാണ് ആഷസ് പരമ്പരയ്ക്കുമുള്ളത്. ജൂൺ 16 മുതലാണ് പരമ്പര തുടങ്ങുന്നത്.

India squad announced for World Test Championship final against Australia

TAGS :

Next Story