Quantcast

പ്രൊവിഡൻസിൽ സൂര്യോദയം; ഒടുവിൽ ഇന്ത്യയ്ക്ക് വിജയതിലകം

വിൻഡീസിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു

MediaOne Logo

Sports Desk

  • Updated:

    2023-08-08 18:06:03.0

Published:

8 Aug 2023 6:00 PM GMT

India win the crucial match of the T20 series against West Indies
X

പ്രൊവിഡൻസ്: അർധസെഞ്ച്വറിയുമായി സൂര്യ കുമാർ യാദവും 49 റൺസുമായി തിലക് വർമയും മിന്നിത്തിളങ്ങിയതോടെ വിൻഡീസിനെതിരെയുള്ള ടി20 പരമ്പരയിലെ നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം. ഇതോടെ പരമ്പരയിലെ ലീഡ് 1-2 എന്ന നിലയിലായി. ആദ്യ രണ്ട് മത്സരങ്ങളിലും വിൻഡീസ് ജയിച്ചിരുന്നു. ഇന്നും വിജയിച്ച് പരമ്പരയിലെ ജേതാക്കളാകാനായിരുന്നു ആതിഥേയരുടെ ശ്രമം. എന്നാൽ ടീം ഇന്ത്യ ഉജ്വല പ്രകടനം നടത്തുകയായിരുന്നു. അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ ആകെയുള്ളത്.

വിൻഡീസ് മുന്നോട്ട് വെച്ച 160 റൺസ് വിജയലക്ഷ്യം ടീം ഇന്ത്യ 17.5 ഓവറിൽ മറികടന്നു. 44 പന്തിൽ നാലു സിക്‌സറും പത്ത് ഫോറുമായി 83 റൺസിന്റെ വെടിക്കെട്ട് തീർക്കുകയായിരുന്നു സ്‌കൈ. തിലക് വർമയാകട്ടെ ഒരു സിക്‌സറും നാല് ഫോറുമടക്കം 49 റൺസും നേടി. അന്താരാഷ്ട്ര ടി20യിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ യശ്വസി ജയ്‌സ്വാളിന് ഒറ്റയക്കം കടയ്ക്കാനായില്ല. ഇഷൻ കിഷന് പകരമിറങ്ങിയ താരം രണ്ട് പന്തിൽ ഒരു റണ്ണാണ് നേടിയത്. ആറ് റൺസ് നേടിയ ഓപ്പണർ ശുഭ്മാൻ ഗില്ലും ഉടൻ തിരിച്ചുനടന്നു. ജയ്‌സ്വാളിനെ മക്കോയിയുടെ പന്തിൽ അൽസാരി ജോസഫ് പിടിച്ചപ്പോൾ ഗില്ലിനെ അൽസാരിയുടെ പന്തിൽ ചാൾസ് പിടികൂടി. സൂര്യകുമാറിനെയും അൽസാരിയാണ് പുറത്താക്കിയത്. ബ്രണ്ടൻ കിംഗിനായിരുന്നു ക്യാച്ച്. ഒടുവിൽ നായകൻ ഹാർദിക് പാണ്ഡ്യയും തിലക് വർമയും ചേർന്ന് വിജയലക്ഷ്യം മറികക്കുകയായിരുന്നു. 17.5 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് ടീം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് നേടിയിരുന്നത്. ഓപ്പണർമാരായ ബ്രണ്ടൻ കിംഗും (42), കെയ്ൽ മായേഴ്‌സും (25), നായകൻ റോവ്മാൻ പവലും (40) വിൻഡീസിനായി മികച്ച ബാറ്റിംഗ് നടത്തി. നിക്കോളാസ് പൂരൻ 12 പന്തിൽ 20 റൺസടിച്ചു. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് മൂന്നു വിക്കറ്റ് നേടി. മുകേഷ് കുമാർ, അക്‌സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും വീതം വീഴ്ത്തി. ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ആദ്യ മത്സരത്തിൽ നാലു റൺസിനും രണ്ടാം മത്സരത്തിൽ രണ്ട് വിക്കറ്റിനുമാണ് വിൻഡീസ് വിജയിച്ചത്. ആദ്യ മത്സരത്തിൽ വിൻഡീസ് ഉയർത്തിയ 150 വിജയലക്ഷ്യം മറികടക്കാനുള്ള ഇന്ത്യൻ ശ്രമം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 145 ൽ അവസാനിച്ചു. 39 റൺസ് നേടിയ തിലക് മാത്രമാണ് തിളങ്ങിയത്. രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 152 റൺസ് നേടിയെങ്കിലും വിൻഡീസ് 18.5 ഓവറിൽ ലക്ഷ്യം മറികടന്നു.

India win the crucial match of the T20 series against West Indies

TAGS :

Next Story