Quantcast

മിഥുൻ മൻഹാസ് പുതിയ ബിസിസിഐ പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

MediaOne Logo

Sports Desk

  • Published:

    28 Sept 2025 6:21 PM IST

മിഥുൻ മൻഹാസ് പുതിയ ബിസിസിഐ പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു
X

മുംബൈ: ബിസിസിഐ പ്രെസിഡന്റായി മുൻ ഡൽഹി ക്യാപ്റ്റൻ മിഥുൻ മൻഹാസിനെ തിരഞ്ഞെടുത്തു. മുംബൈയിൽ വച്ചുനടന്ന ബിസിസിഐയുടെ 94-ാമത് വാർഷിക യോഗത്തിലാണ് തീരുമാനമെടുത്തത്. ബിസിസിഐയുടെ 37-ാമത് പ്രസിഡന്റാണ് മൻഹാസ്. ആഗസ്റ്റിൽ മുൻ ഇന്ത്യൻ താരം റോജർ ബിന്നി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതിന് ശേഷം മിഥുൻ മൻഹാസ് തന്നെയായിരുന്നു സാധ്യത പട്ടികയിൽ മുന്നിൽ.

മിഥുന്‍ മന്‍ഹാസ് 1997-98 സീസണിലാണ് ആഭ്യന്തരതലത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് ഡല്‍ഹിയുടെ മധ്യനിരയില്‍ നിറസാന്നിധ്യമായിരുന്നു. 2007-08 സീസണില്‍ ഡല്‍ഹിക്ക് രഞ്ജി ട്രോഫി നേടിക്കൊടുക്കുകയും ചെയ്തു. 157 ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 27 സെഞ്ചുറിയും 49 അര്‍ധസെഞ്ചുറിയും നേടിയിട്ടുണ്ട്.

ജമ്മു കാശ്മീര്‍ സ്വദേശിയായ മന്‍ഹാസ് അണ്ടർ 16 തലത്തില്‍ കളിക്കുന്നതിനായാണ് ഡല്‍ഹിയിലേക്ക് ചേക്കേറിയത്. തുടര്‍ന്ന് അണ്ടര്‍ 19 തലത്തിലും അന്താരാഷ്രതലത്തിലും ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ അന്നത്തെ മിന്നും താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍ എന്നിവരുടെ പ്രഭയില്‍ അന്താരാഷ്ട്ര തലത്തിലേക്ക് മിഥുന്‍ മന്‍ഹാസിന് വിളി വന്നില്ല. പിന്നീട് ജന്മനാടായ കാശ്മീരിലേക്ക് കളിക്കാരനായും പരിശീലകനായുമെത്തി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണതലത്തില്‍ പുതിയ ആളല്ല മന്‍ഹാസ്. നാലു വര്‍ഷമായി ജമ്മു കാശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്നതിനായി ബിസിസിഐ രൂപീകരിച്ച സബ് കമ്മിറ്റിയുടെ ഭാഗമാണ്.

വാർഷിക യോഗത്തിൽ മറ്റു ചില പ്രധാന നിയമനങ്ങൾ കൂടി നടത്തി. സെക്രട്ടറിയായി ദേവ്ജിത് സൈകിയയും ഐപിഎൽ ഗവേണിങ് കൗൺസിൽ ചെയർമാനുമായ അരുൺ ധുമാലും സ്ഥാനങ്ങൾ നിലനിർത്തി. കർണാടക ക്രിക്കറ്റ് ബോർഡ് മേധാവി രഘുറാം ഭട്ട് ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടു. റോഹൻ ഗൗൺസ് ദേശായിക്ക് പകരം പ്രഭ്തേജ് ഭാട്ടിയ ട്രഷററിൽ നിന്ന് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മാറിയപ്പോൾ, ദിലീപ് വെങ്‌സർക്കാറിന് പകരം അപെക്സ് കൗൺസിൽ അംഗമായി സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയദേവ് ഷായെ തിരഞ്ഞെടുത്തു.

TAGS :

Next Story