Quantcast

അവസാന വിക്കറ്റെടുത്ത് അർജുൻ; മുംബൈ ഇന്ത്യൻസിന് ആവേശ ജയം

മുംബൈ ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരബാദിന് 10 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടാനെ കഴിഞ്ഞുള്ളൂ

MediaOne Logo

Sports Desk

  • Updated:

    2023-04-18 18:33:59.0

Published:

18 April 2023 3:45 PM GMT

അവസാന വിക്കറ്റെടുത്ത് അർജുൻ; മുംബൈ ഇന്ത്യൻസിന് ആവേശ ജയം
X

ഹൈദരാബാദ്: സൺ റൈസേഴ്‌സ് ഹൈദരബാദിനെ 14 റൺസിന് തകർത്ത് മുംബൈ ഇന്ത്യൻസ് ജൈത്രയാത്ര തുടരുന്നു. മുംബൈ ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരബാദിന് 10 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. നേരത്തെ കാമറൂൺ ഗ്രീനിന്റെയും തിലക് വർമ്മയുടെയും ബാറ്റിങ് മികവിലാണ് മുംബൈ ഇന്ത്യൻസ് മികച്ച സ്‌കോർ കണ്ടെത്തിയത്. ജയത്തോടെ മുംബൈ ഇന്ത്യൻസ് പോയിന്‍റ് ടേബിളിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു.

മുംബൈ ഇന്ത്യൻസിനെതിരെ 193 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിന് ഓപ്പണർമാരായ ഹാരി ബ്രൂക്കും മായങ്ക് അഗർവാളും മികച്ച തുടക്കമാണ് നൽകിയത്. അർജുൻ ടെണ്ടുൽക്കറുടെ ആദ്യ ഓവറിൽ ബ്രൂക്കിന്റെ ഒരു ബൗണ്ടറി ഉൾപ്പെടെ 6 റൺസ് ഇരുവരും ചേർന്ന് എടുത്തു. ഹാരി ബ്രൂക്ക് പറത്തിയ പന്ത് സൂര്യകുമാർ യാദവിന്റെ കയ്യിൽ. ബ്രൂക്കിനെ 9 റൺസിന് പുറത്താക്കി ജേസൺ ബെഹ്റൻഡോർഫ് മുംബൈ ഇന്ത്യൻസിന് വേണ്ടി ആദ്യ വിക്കറ്റെടുത്തു.

ഹാരി ബ്രൂക്കിന്റെ വിക്കറ്റ് നഷ്ടമായതോടെ മായങ്ക് അഗർവാളും രാഹുൽ ത്രിപാഠിയും തമ്മിലുള്ള സ്ഥിരതയാർന്ന കൂട്ടുകെട്ടാണ് സൺറൈസേഴ്സ് ഹൈദരാബാദ് ലക്ഷ്യമിട്ടത്. ജേസൺ ബെഹ്റൻഡോർഫിന്റെ ഗംഭീര ബൗളിംഗിൽ 7 റൺസെടുത്ത രാഹുൽ ത്രിപാഠി പുറത്ത്. പന്ത് ബാറ്റിന്റെ അരികിൽ തട്ടി വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെ കൈകളിലെത്തുകയായിരുന്നു.

അതിവേഗം രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ സൺറൈസേഴ്‌സ് പ്രതിരോധത്തിലായി. മായങ്ക് അഗർവാൾ 19 റൺസുമായി ക്രീസിൽ നിലയുറപ്പിച്ചു. മായങ്ക് അഗർവാളിന് പിന്തുണയുമായി എയ്ഡൻ മാർക്രമും കളം പിടിച്ചു. 22 റൺസെടുത്ത എയ്ഡൻ മാർക്രമിനെ കാമറൂൺ ഗ്രീൻ പുറത്താക്കി വീര്യം കാട്ടി. ഇതോടെ സൺറൈസേഴ്‌സിന് മൂന്നാം വിക്കറ്റും നഷ്ടമായി. കാമറൂൺ ഗ്രീനിന് ശേഷം, പിയൂഷ് ചാവ്ലയുടെ പന്തിൽ അഭിഷേക് ശർമ്മ ഒരു റൺസെടുത്ത് പുറത്തായി. ചൗളയുടെ ഗൂഗ്ലി മികവിൽ സൺറൈസേഴ്‌സിന് നാലാം വിക്കറ്റും നഷ്ടമായി.

അതേസമയം മായങ്ക് അഗർവാൾ പുറത്താകാതെ ക്രീസിൽ നിലയുറപ്പിച്ച് സൺ റൈസേഴ്‌സിന് കരുത്തേകി. 16 പന്തിൽ 36 റൺസെടുത്ത ഹെൻറിച്ച് ക്ലാസൻ പീയൂഷ് ചൗളയുടെ പന്തിൽ പുറത്ത്. രണ്ട് ബൗണ്ടറികളും ഒരു സിക്സും പറത്തിയതിന് ശേഷം ഹെൻറിച്ച് അടിച്ച പന്ത് ഡേവിഡിന്റെ കൈയ്യിലെത്തുകയായിരുന്നു. അർധ സെഞ്ച്വറി തികയ്ക്കാതെ 48 റൺസെടുത്ത മായങ്ക് അഗർവാളിനെ പുറത്താക്കിയ റിലേ മെറിഡിത്ത് മുംബൈ ഇന്ത്യൻസിന് ഏറ്റവും വലിയ മുന്നേറ്റം സമ്മാനിച്ചു. പന്ത് ബൗണ്ടറി കടത്താനുള്ള അഗർവാളിന്റെ ശ്രമം ഡേവിഡ് പരാജയപ്പെടുത്തി.

193 റൺസ് പിന്തുടരുന്ന സൺറൈസേഴ്സ് ഹൈദരാബാദിന് മാർക്കോ ജാൻസെൻ പ്രതീക്ഷയേകി. എന്നാൽ റിലേ മെറിഡിത്ത് മാർക്കോയെ 13 റൺസിന് പുറത്താക്കുകയായിരുന്നു. വിജയിക്കാൻ പതിനാൽ റൺസ് മാത്രമിരിക്കെ അബ്ദുൽ സമദും ഭൂവനേശ്വറും പുറത്തായതോടെ മുംബൈ വിജയമുറപ്പിച്ചു. മുംബൈ ഇന്ത്യൻസിന് വേണ്ടി പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്, റിലേ മെറിഡിത്ത് എന്നിവർ രണ്ട് വിക്കറ്റ് വീതമാണ് വീഴ്ത്തിയത്.

മുംബൈ ഇന്ത്യൻസ്

രണ്ട് വിജയങ്ങളുടെ തുടർച്ച തേടി സൺറൈസേഴ്‌സും മുംബൈ ഇന്ത്യൻസും ഇറങ്ങിയ ഐ.പി.എൽ മത്സരത്തിൽ സന്ദർശകർക്ക് വിജയത്തിലേക്കുള്ള ഗ്രീൻ സിഗ്‌നൽ. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് അടിച്ചുകൂട്ടിയത്. അർധ സെഞ്ച്വറിയുമായി കാമറൂൺ ഗ്രീൻ മുമ്പിൽ നിന്ന് നയിച്ചപ്പോൾ നീലപ്പടയുടെ സ്വപ്‌നങ്ങൾ പച്ചപിടിച്ചു. കാമറൂൺ ഗ്രീൻ 40 പന്തിൽ 64 റൺസാണ് അടിച്ചുകൂട്ടിയത്.

ഓപ്പണർമാരായ രോഹിത് ശർമയും ഇഷാൻ കിഷനും സ്ഥിരം പ്രതീക്ഷ തിലക് വർമയും തരക്കേടില്ലാത്ത സംഭാവനകൾ നൽകി. ഇഷാൻ -38, തിലക് -37, രോഹിത്-28 എന്നിങ്ങനെയാണ് റൺസ് നേടിയത്. സൂര്യകുമാറിന് കഴിഞ്ഞ കളിയിലെ മികവ് ആവർത്തിക്കാനായില്ല. മൂന്നു പന്തിൽ ഏഴ് റൺസാണ് ടി20 സ്റ്റാർ ബാറ്റർ നേടിയത്.

ബൗളിംഗിൽ ഹൈദരാബാദിനായി തിളങ്ങിയത് മാർകോ ജാൻസനും ഭുവനേശ്വർകുമാറും ടി. നടരാജനുമാണ്. ജാൻസന് നാലു ഓവറിൽ 43 റൺസ് വിട്ടുനൽകിയെങ്കിലും രണ്ട് വിക്കറ്റ് വീഴ്ത്തി. ഇഷാനെയും സൂര്യകുമാറിനെയുമാണ് താരം പറഞ്ഞയച്ചത്. ക്യാപ്റ്റൻ രോഹിത് ശർമയെ തിരിച്ചയച്ചത് നടരാജനാണ്. എയ്ഡൻ മർക്രമിന് ക്യാച്ച് നൽകിയായിരുന്നു മടക്കം. 17 പന്തിൽ 37 റൺസടിച്ച് കത്തിക്കയറിയ തിലക് വർമയെ ഭുവിയാണ് മടക്കിയത്. മായങ്ക് അഗർവാളിന്റെ കൈകളിലെത്തിക്കുകയായിരുന്നു. വാഷിംഗ്ഡൺ സുന്ദറിറും മായങ്ക് മർക്കണ്ടെക്കും വിക്കറ്റൊന്നും ലഭിച്ചില്ല. ടിം ഡേവിഡിനെ അഭിഷേക് ശർമ റണ്ണൗട്ടാക്കി.

ഹിറ്റ്മാന് റെക്കോർഡ്; 6000 ഐ.പി.എൽ റൺസ് നേടുന്ന നാലാം ബാറ്ററായി രോഹിത്

ഐ.പി.എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയ്ക്ക് റെക്കോർഡ്. ടൂർണമെൻറിൽ 6000 റൺസ് കടക്കുന്ന നാലാം ബാറ്ററായാണ് ഹിറ്റ്മാൻ മാറിയത്. റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം വിരാട് കോഹ്‌ലി, പഞ്ചാബ് കിംഗ്‌സ് നായകൻ ശിഖർ ധവാൻ, ഡൽഹി ക്യാപിറ്റൽസ് നായകൻ ഡേവിഡ് വാർണർ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചത്.

4285 പന്തുകളിൽ നിന്നായി ഏറ്റവും വേഗത്തിൽ ഡേവിഡ് വാർണറാണ് ഈ നേട്ടം കൈവരിച്ചതെന്നാണ് ചിലർ ട്വിറ്ററിൽ ചൂണ്ടിക്കാട്ടുന്നത്. കോഹ്‌ലി -4595, രോഹിത് -4616, ശിഖർ ധവാൻ-4738 എന്നിങ്ങനെയും പന്തുകൾ ഉപയോഗപ്പെടുത്തിയാണ് 6000 റൺസെന്ന നാഴികക്കല്ല് പിന്നിട്ടതെന്നും ഒരാൾ പറഞ്ഞു.

ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിലെ ടോസ് നഷ്ടപ്പെട്ട് മുംബൈ ആദ്യം ബാറ്റിംഗിനിറങ്ങുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ രോഹിത് ആറു ഫോറടക്കം 18 പന്തിൽ നിന്ന് 28 റൺസ് അടിച്ചുകൂട്ടി മുംബൈയ്ക്ക് തകർപ്പൻ തുടക്കം നൽകിയെങ്കിലും ടി. നടരാജന്റെ പന്തിൽ എയ്ഡൻ മർക്രം പിടിച്ച് പുറത്തായി.





Mumbai Indians scored 192 runs against Sun risers Hyderabad in IPL Match

TAGS :

Next Story