‘ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യാനും സ്പിന്നറാകാനും റെഡി’; ടീമിനായി എന്തും ചെയ്യാൻ തയ്യാറെന്ന് സഞ്ജു സാംസൺ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ബാറ്റിംഗ് സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് നിലപാട് വ്യക്തമാക്കി സഞ്ജു സാംസൺ. ടീം ആവശ്യപ്പെട്ടാൽ ഏത് റോളും ഏറ്റെടുക്കാൻ തയ്യാറാണെന്ന് സഞ്ജു വ്യക്തമാക്കി. ഇന്ത്യൻ ടീമിന്റെ ഭാഗമായിരിക്കുന്നിടത്തോളം ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാൻ സന്തോഷമേയുള്ളൂവെന്നും സഞ്ജു വ്യക്തമാക്കി. ചൊവ്വാഴ്ച നടന്ന സിയറ്റ് ക്രിക്കറ്റ് അവാർഡ് ദാന ചടങ്ങിൽ ടി20 ബാറ്റർ ഓഫ് ദ ഇയർ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു സഞ്ജു.
"നിങ്ങൾ ഇന്ത്യൻ ജേഴ്സി അണിയുമ്പോൾ ഒന്നിനോടും നോ പറയാൻ കഴിയില്ല. ആ ഇന്ത്യൻ ജേഴ്സി ധരിക്കാനും ഡ്രസ്സിങ് റൂമിൽ തുടരാനും ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്തിന് വേണ്ടി എൻ്റെ ജോലി ചെയ്യുന്നതിൽ അഭിമാനിക്കുന്നു’’ - സഞ്ജു പറഞ്ഞു.
"ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യണമെന്ന് പറഞ്ഞാലും ഇടംകൈ സ്പിന്നറാകാൻ പറഞ്ഞാലും രാജ്യത്തിന് വേണ്ടി അതിനും ഞാൻ തയ്യാറാണ്," സഞ്ജു കൂട്ടിച്ചേർത്തു.
10 വർഷം മുൻപ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചെങ്കിലും ഏഷ്യാ കപ്പ് ടൂർണമെൻ്റിലാണ് സഞ്ജു ആദ്യമായി ഒരു പ്രധാന ടൂർണമെൻ്റിൽ ഇന്ത്യക്കായി കളിത്തിലിറങ്ങിയത്. ഒരുപാട് അവസരങ്ങൾ ലഭിച്ചില്ലെങ്കിലും കഴിഞ്ഞ പത്ത് വർഷം തനിക്ക് വളർച്ചയുടേതായിരുന്നുവെനും പ്രതിസന്ധികളെ തരണം ചെയ്ത് ടീമിൽ തൻ്റേതായ സ്ഥാനം നേടാനായതിൽ അഭിമാനമുണ്ടെന്നും സഞ്ജു പറഞ്ഞു.
Adjust Story Font
16

