'സഞ്ജു സാംസണോ അതോ ശ്രേയസ് അയ്യരോ ?' ടി20 ക്യാപ്റ്റനാകാൻ അനുയോജ്യനായ താരത്തെ തിരഞ്ഞെടുത്ത് രവി ശാസ്ത്രി

മുംബൈ: സൂര്യകുമാർ യാദവിന് ശേഷം ആരാകണം ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റൻ എന്ന വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ പരിശീലകനും താരവുമായ രവി ശാസ്ത്രി. സൂര്യകുമാറിന്റെ പിൻഗാമിയായി മലയാളി താരം സഞ്ജു സാംസനെയാണ് ശാസ്ത്രി തിരഞ്ഞെടുത്തത്. മുൻ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ എന്ന നിലയിൽ ഇന്ത്യൻ പ്രീമിയർ ലീഗിലുള്ള സഞ്ജുവിന്റെ പരിചയസമ്പത്തും, ബാറ്റിങ്ങിലെ വർദ്ധിച്ചുവരുന്ന കോൺഫിഡൻസും സ്ഥിരതയാർന്ന പ്രകടനങ്ങളും പക്വതയും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ശാസ്ത്രി അങ്ങനെ പറഞ്ഞത്. കഴിഞ്ഞ ടി20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജു പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരവും സ്വന്തമാക്കി.
'അടുത്ത രണ്ട് വർഷത്തെ സൂര്യകുമാർ യാദവിന്റെ പ്രകടനത്തെ വിലയിരുത്തിയാകും 2028ലെ ടി20 ലോകകപ്പിൽ ഇന്ത്യ പുതിയൊരു നായകനെ തിരയുക. എന്നാൽ മുൻപ് രാജസ്ഥാൻ റോയൽസിനെ നയിച്ചിട്ടുള്ളതിനാൽ, ആ നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സഞ്ജു സാംസൺ ഇപ്പോൾത്തന്നെ യോഗ്യത നേടിക്കഴിഞ്ഞു.' ദി ഐസിസി റിവ്യൂ എന്ന പരുപാടിയിൽ സംസാരിക്കവെ രവി ശാസ്ത്രി പറഞ്ഞു.
അക്രമിച്ചുകളിക്കുന്ന സഞ്ജു സാംസന്റെ ബാറ്റിങ് ശൈലി താരത്തെ ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമാകുന്നു എന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.
ഐപിഎല്ലിൽ അഞ്ച് വർഷമാണ് സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനെ നയിച്ചത്. 2022 സീസണിൽ ഫൈനൽ വരെയും ടീമിനെയെത്തിച്ചു. നിലവിലെ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറിയ താരം തന്റെ തകർപ്പൻ ബാറ്റിങ് പെർഫോമൻസ് തുടരുന്നു. 11 ഇന്നിങ്ങ്സുകളിൽ നിന്ന് 169.29 സ്ട്രൈക്ക് റേറ്റിൽ 430 റൺസാണ് സഞ്ജു ഇതുവരെ സ്കോർ ചെയ്തത്. സീസണിൽ രണ്ട് സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും മലയാളി താരത്തിന്റെ പേരിലുണ്ട്.
Adjust Story Font
16

