'സിമ്പിളാണ് ചേട്ടൻ'; താരജാഡയില്ലാതെ ബീച്ചിൽ ആരാധകർക്കൊപ്പം ക്രിക്കറ്റ് കളിച്ച് സഞ്ജു സാംസൺ

ചെന്നൈ: ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് ശേഷം ഐപിഎല്ലിൽ തകർപ്പൻ ഫോമിൽ ബാറ്റിങ് തുടരുന്ന സഞ്ജു സാംസൺ ഇപ്പോൾ മലയാളികളുടെ മാത്രമല്ല ഇന്ത്യക്കാർക്ക് മൊത്തം പ്രിയപ്പെട്ട ചേട്ടനായി മാറിയിരിക്കുകയാണ്. ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറിയതോടെ വലിയ പിന്തുണയാണ് മലയാളി താരത്തിന് ചെന്നൈ ആരാധകരിൽ നിന്ന് ലഭിച്ചിരിക്കുന്നത്. ഇപ്പോൾ പ്രാദേശിക കളിക്കാരുടെ ഒപ്പം ബീച്ചിൽ ക്രിക്കറ്റ് കളിക്കാനിറങ്ങിയ സഞ്ജു സാംസന്റെ വിഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
നേരത്തെയും താരജാഡയൊന്നും കാണിക്കാതെ ആരാധകരുമായി ഇടപഴകുന്ന സഞ്ജുവിന്റെ സിമ്പിളായ പെരുമാറ്റത്തെ ആളുകൾ അഭിനന്ദിച്ചിരുന്നു. ഇപ്പോൾ ചെന്നൈയിലെ ബീച്ചിൽ കാറിൽ വന്നിറങ്ങി അവിടെ കളിച്ചിരുന്ന കളികാർക്കൊപ്പം സഞ്ജു കളിക്കാനിറങ്ങുകയാണ് ചെയ്തത്. അവർ എറിഞ്ഞ പന്ത് സിക്സറിച്ച് പറത്തിയപ്പോൾ ആരാധകരെല്ലാം സഞ്ജുവിന്റെ അടുത്തേക്ക് ഓടിയെത്തുന്നതും ആഘോഷിക്കുന്നതായും വിഡിയോയിൽ കാണാം. തുടർന്ന് കളിച്ച ശേഷം മടങ്ങുമ്പോൾ കളികാർക്കൊപ്പം നിന്ന് തമിഴിൽ മുദ്രാവാക്യം വിളിച്ചുമാണ് സഞ്ജു മടങ്ങിയത്.
സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനായി മികച്ച ഫോമിലാണ് സഞ്ജു കളിക്കുന്നത്. രണ്ട് സെഞ്ച്വറികളടക്കം 430 റൺസാണ് സീസണിൽ മലയാളി താരത്തിന്റെ സമ്പാദ്യം. ഡൽഹി ക്യാപിറ്റൽസിനെതിരെ പുറത്താകാതെ 115 റൺസ് സ്കോർ ചെയ്തതാണ് സീസണിൽ സഞ്ജുവിന്റെ ടോപ് സ്കോർ. 11 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിങ്‌സ്. വെള്ളിയാഴ്ച ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരെ ജയിക്കാനായാൽ ചെന്നൈക്ക് പ്ലെ ഓഫ് പ്രതീക്ഷകൾ സജീവമാക്കി നിർത്താം.
Adjust Story Font
16

