'പാറ്റിൽ നിന്ന് പ്രതീക്ഷിച്ചില്ല'; കമ്മിൻസിനെതിരെ ഉസ്മാൻ ഖവാജ

പന്തുചുരണ്ടൽ വിവാദത്തിൽ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ഓസ്ട്രേലിയൻ ടെസ്റ്റ് നായകൻ പാറ്റ് കമ്മിൻസിൽ നിന്നുണ്ടായ വ്യക്തിപരമായ വിമർശനത്തിൽ അതൃപ്തി അറിയിച്ച് മുൻ താരം ഉസ്മാൻ ഖവാജ. കമ്മിൻസിന്റെ പ്രതികരണം തന്നെ നിരാശപ്പെടുത്തിയെന്നും താരത്തിന്റെ ഇത്തരമൊരു മുഖം ഇതുവരെ കണ്ടിട്ടില്ലെന്നും ഖവാജ പറഞ്ഞു. തന്റെ ആത്മകഥയായ 'സബ്രി'ലൂടെയാണ് 2018ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ്ടൗൺ ടെസ്റ്റിൽ പന്തിന്റെ സ്വഭാവം മാറ്റാനുള്ള നീക്കത്തെക്കുറിച്ച് ടീമിലെ എല്ലാവർക്കും അറിവുണ്ടായിരുന്നുവെന്ന് ഖവാജ വെളിപ്പെടുത്തിയത്. സംഭവത്തിൽ അന്നത്തെ നായകൻ സ്റ്റീവ് സ്മിത്ത്, ഉപനായകൻ ഡേവിഡ് വാർണർ, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവർക്ക് വിലക്ക് ലഭിച്ചിരുന്നു.
ഖവാജയുടെ ആരോപണങ്ങൾ പാറ്റ് കമ്മിൻസ് ശക്തമായി തള്ളിയിരുന്നു. ബൗളർമാർക്ക് പന്തുചുരണ്ടലിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന വാദം തികച്ചും അസംബന്ധമാണെന്നായിരുന്നു കമ്മിൻസിന്റെ പ്രതികരണം. ഖവാജ സുഹൃത്തുക്കളുടെ പേരിനെയും കരിയറിനെയും നിസ്സാരമായി കാണുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഇതിന് പിന്നാലെ 'ദ ഗ്രേഡ് ക്രിക്കറ്റർ' പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് ഖവാജ തന്റെ നിലപാട് വ്യക്തമാക്കിയത്. കമ്മിൻസുമായി വ്യക്തിപരമായ ഏറ്റുമുട്ടലിനല്ല താൻ ശ്രമിക്കുന്നതെന്നും അദ്ദേഹത്തെ ടെസ്റ്റ് നായകനായി തുടരുന്നതിൽ പിന്തുണയ്ക്കുന്നുവെന്നും ഖവാജ പറഞ്ഞു. എന്നാൽ 36 ടെസ്റ്റുകളിൽ കമ്മിൻസിന് കീഴിൽ കളിച്ചിട്ടുള്ള താൻ, ഇത്രയും വ്യക്തിപരമായ രീതിയിലുള്ള ആക്രമണം അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഖവാജ കൂട്ടിച്ചേർത്തു. താൻ പറഞ്ഞത് സത്യമാണെന്നും അതിൽ ഉറച്ചുനിൽക്കുന്നതിൽ കുറ്റബോധമില്ലെന്നും താരം വ്യക്തമാക്കി.
കേപ്ടൗൺ ടെസ്റ്റിൽ പന്തുചുരണ്ടാൻ സാൻഡ്പേപ്പർ ഉപയോഗിക്കുന്നതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് ജോഷ് ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ എന്നിവരുൾപ്പെടെയുള്ള ഓസീസ് ബൗളർമാർ നേരത്തേ വ്യക്തമാക്കിയിരുന്നത്. 2021ൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലും ഗ്രൗണ്ടിലെ വലിയ സ്ക്രീനിൽ ദൃശ്യങ്ങൾ തെളിയുന്നതുവരെ പുറത്തുനിന്നുള്ള വസ്തു മൈതാനത്തേക്ക് കൊണ്ടുവന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. എന്നാൽ സംഭവത്തിന് ശേഷം ബൗളർമാർ ടീമിലെ മറ്റുള്ളവരിൽ നിന്ന് സ്വയം അകന്നുനിന്നെന്നും ഇതോടെ ഓസീസ് ഡ്രസിങ് റൂമിൽ ഭിന്നതയുണ്ടായെന്നും ഖവാജ ആരോപിച്ചു. ബൗളർമാർ ഇക്കാര്യം ടീമിനെ അറിയിച്ചിരുന്നില്ലെന്നും അവർ നേരിട്ട് പന്തിൽ കൃത്രിമം കാണിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിവാദത്തിന് അവസാനമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഓസ്ട്രേലിയൻ ടീമിന് വേണ്ടി ഖവാജ ഒരു മാപ്പപേക്ഷാ പ്രസ്താവനയും തയ്യാറാക്കി ക്രിക്കറ്റ് ഓസ്ട്രേലിയ സി.ഇ.ഒ ടോഡ് ഗ്രീൻബർഗിന് അയച്ചിരുന്നു. 2018ൽ ദക്ഷിണാഫ്രിക്കയിൽ പന്തിന്റെ സ്വഭാവം കൃത്രിമമായി മാറ്റിയിരുന്നുവെന്ന് ടീം എന്ന നിലയിൽ അംഗീകരിക്കുന്നതായും സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും പ്രസ്താവനയിൽ പറയുന്നു. സ്റ്റീവ് സ്മിത്തും വാർണറും ബാൻക്രോഫ്റ്റും ടീമിനുവേണ്ടി വലിയ വില നൽകേണ്ടിവന്നതിൽ ഖേദവും നന്ദിയും അറിയിക്കുന്നതായും അതിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ പ്രസ്താവന അംഗീകരിക്കപ്പെടാൻ സാധ്യതയില്ലെന്നായിരുന്നു ഗ്രീൻബർഗിന്റെ ആദ്യ പ്രതികരണം. എങ്കിലും വിവാദത്തിന് പരിഹാരം കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. സംഭവവുമായി ബന്ധപ്പെട്ട് താരങ്ങൾക്ക് പൊതുവെ ശിക്ഷാനടപടികളിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്ന സൂചനയും ചർച്ചകൾക്ക് പുതിയ വഴിതുറന്നതായി ഖവാജ വ്യക്തമാക്കി.
Adjust Story Font
16

