Quantcast

128 റൺസിന് ഡച്ചുകാരെ തോൽപ്പിച്ചു; ക്വാളിഫയർ ജേതാക്കളായി ശ്രീലങ്ക ഏകദിന ലോകകപ്പിന്

മത്സരത്തിൽ തോറ്റെങ്കിലും ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിലേക്ക് നെതർലാൻഡ്‌സും യോഗ്യത നേടി

MediaOne Logo

Sports Desk

  • Published:

    10 July 2023 6:00 AM GMT

128 റൺസിന് ഡച്ചുകാരെ തോൽപ്പിച്ചു; ക്വാളിഫയർ ജേതാക്കളായി ശ്രീലങ്ക ഏകദിന ലോകകപ്പിന്
X

ഹരാരെ: 2023 ഏകദിന ലോകകപ്പ് ക്വാളിഫയർ ഫൈനലിൽ നെതർലാൻഡ്‌സിനെ 128 റൺസിന് തോൽപ്പിച്ച് ശ്രീലങ്ക. മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയ ശ്രീലങ്ക ക്വാളിഫയർ ജേതാക്കളായി ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിലേക്ക് യോഗ്യത നേടി. ക്വാളിഫയറിലെ മുഴുവൻ മത്സരങ്ങളും വിജയിച്ചാണ് ശ്രീലങ്ക ഇന്ത്യയിലേക്കെത്തുന്നത്. തുടർച്ചയായ പത്താം വിജയമായിരുന്നു നെതർലാൻഡ്‌സിനെതിരെ ഫൈനലിൽ നേടിയത്.

മത്സരത്തിൽ തോറ്റെങ്കിലും ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിലേക്ക് ഡച്ച് പടയും യോഗ്യത നേടിയിട്ടുണ്ട്. ലോകകപ്പിനെത്തുന്ന ടെസ്റ്റ് കളിക്കാത്ത ഏക രാജ്യം ഇവരാണ്. ശ്രീലങ്ക ക്വാളിഫയർ ഒന്നായി ലോകകപ്പിലെത്തിയപ്പോൾ നെതർലാൻഡ്‌സ് ക്വാളിഫയർ രണ്ടായി ഇടം ഉറപ്പിച്ചു.

ക്വാളിഫയർ ഫൈനലിൽ ശ്രീലങ്ക 47.5 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 233 റൺസാണെടുത്തത്. എന്നാൽ രണ്ടാമത് ബാറ്റ് ചെയ്ത ഡച്ചുകാർക്ക് പത്ത് വിക്കറ്റ് നഷ്ടത്തിൽ 105 റൺസാണെടുക്കാനായത്. 23.3 ഓവർ മാത്രമാണ് അവർ ബാറ്റ് ചെയ്തത്. നാലു വിക്കറ്റ് നേടിയ മഹീഷ തീക്ഷണയും മൂന്നു വിക്കറ്റ് വീഴ്ത്തിയ ദിൽഷൻ മധുഷനകയുമാണ് അവരെ എറിഞ്ഞിട്ടത്. വാനിഡു ഹസരംഗ രണ്ട് വിക്കറ്റ് നേടി. ലോഗൻ വാൻ ബീക് റണ്ണൗട്ടായി. ശ്രീലങ്കയ്ക്കായി സഹാൻ ആരാചിങ്കെ അർധസെഞ്ച്വറി നേടി. കുസാൽ മെൻഡിസ് -43, ചരിത് അസലങ്ക -36 എന്നിങ്ങനെ റൺസടിച്ചു.

Sri Lanka beat Netherlands by 128 runs in ODI World Cup Qualifier.

TAGS :

Next Story