Quantcast

'ഊഹങ്ങൾ പ്രചരിപ്പിക്കരുത്, വ്യക്തിപരമായ കാരണങ്ങളാണ്': കോഹ്‌ലിയുടെ അവധിയിൽ ബി.സി.സി.ഐ

ഈ മാസം 25ന് ഹൈദരാബാദിലാണ് ആദ്യ മത്സരം. ഫെബ്രുവരി രണ്ടിന് വിശാഖപ്പട്ടണത്ത് ആണ് രണ്ടാം അങ്കം

MediaOne Logo

Web Desk

  • Published:

    22 Jan 2024 2:48 PM GMT

ഊഹങ്ങൾ പ്രചരിപ്പിക്കരുത്, വ്യക്തിപരമായ കാരണങ്ങളാണ്: കോഹ്‌ലിയുടെ അവധിയിൽ ബി.സി.സി.ഐ
X

മുംബൈ: ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നും അവധി ചോദിച്ചിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലി. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് താരം അവധി ആവശ്യപ്പെട്ടത്. ബി.സി.സി.ഐ അനുവദിക്കുകയും ചെയ്തു.

ഇപ്പോഴിതാ താരത്തിന്റെ അവധി എന്തിനെന്ന് ചികയുകയാണ് ചിലർ. ഇംഗ്ലണ്ടിനെതിരെ നിർണായകമായൊരു ടെസ്റ്റ് പരമ്പര നടക്കാനിരിക്കെ കോഹ്‌ലിയെപ്പോലെ ഉത്തരവാദിത്തവും ഏറെ ആവശ്യവുമുള്ളൊരു താരം വിട്ടുനിൽക്കുന്നത് ശരിയായില്ലെന്നാണ് ഇവർ സമൂഹമാധ്യമങ്ങളിലൂടെ പറയുന്നത്.

രാജ്യത്തിനെക്കാളും വലുതാണോ വ്യക്തിപരമായ കാരണങ്ങളൊന്നും സച്ചിനൊരിക്കലും വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞ് അവധിയെടുത്തില്ലെന്നുമൊക്കെയാണ് ചിലർ പടച്ചുവിടുന്നത്. ഐപിഎൽ മുന്നിൽകണ്ടുള്ള നീക്കങ്ങളാണ് മുതിർന്ന താരങ്ങളുടെതെന്നും ഇത്തരം വി.ഐ.പി പരിഗണനകൾ അവസാനിപ്പിക്കണമെന്നും യുവതാരങ്ങൾക്ക് അവസരം കൊടുക്കണമെന്നും ചിലർ കുറിക്കുന്നു. രോഹിതിന്റെ കീഴിൽ കളിക്കാൻ താൽപര്യമില്ലാത്തത് കൊണ്ടാണെന്ന് ചിലർ കടത്തിപ്പറയുന്നു.

ഏതായാലും ഇത്തരത്തിലുള്ള വിമർശനങ്ങളെല്ലാം മുന്നിൽ കണ്ട ബി.സി.സി.ഐ, താരത്തിന് അവധി നൽകിയുള്ള പത്രക്കുറിപ്പിൽ ഒരു കാര്യം കൂടി വ്യക്തമാക്കി,- 'കോഹ്ലിയുടെ സ്വകാര്യത നിങ്ങൾ മാനിക്കണമെന്ന്'. ആരാധകരും മാധ്യമങ്ങളും ചേർന്ന് താരത്തിന്റെ സ്വകാര്യതയിലേക്ക് കടക്കരുതെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ബി.സി.സി.ഐ സെക്രട്ടറി ജയ്ഷാ പുറത്തിറക്കിയ കുറിപ്പിലൂടെ അറിയിക്കുന്നു. ഇന്ത്യയുടെ പരമ്പര തയ്യാറെടുപ്പിലാണ് ശ്രദ്ധ കൊടുക്കേണ്ടതെന്നും പകരക്കാരനെ ഉടൻ പ്രഖ്യാപിക്കുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി.

ഈ മാസം 25ന് ഹൈദരാബാദിലാണ് ആദ്യ മത്സരം. ഫെബ്രുവരി രണ്ടിന് വിശാഖപ്പട്ടണത്ത് ആണ് രണ്ടാം അങ്കം. മാർച്ചിലാണ് പരമ്പരയിലെ അഞ്ചാമത്തെ മത്സരം. ഏകദേശം ഒരുമാസത്തിലേറെ നീണ്ടുനിൽക്കുന്ന പരമ്പരയാണ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ളത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാനിച്ച പരമ്പരയിലാണ് കോഹ്‌ലി അവസാനം കളിച്ചത്. ശേഷം അഫ്ഗാനിസ്താനെതിരെ നടന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ നിന്നും താരം വിട്ടുനിന്നിരുന്നു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇവിടെ നിന്നും കോഹ്ലി മാറിനിന്നത്.

അതേസമയം ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഇംഗ്ലീഷ് ബാറ്റര്‍ ഹാരി ബ്രൂക്കും പിന്മാറിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ഹാരി ബ്രൂക്കും പിന്മാറിയത്. റെഡ് ബോള്‍ മത്സരങ്ങളില്‍ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരമാണ് ബ്രൂക്ക്. അദ്ദേഹത്തിന്റെ അഭാവം ബെന്‍ സ്റ്റോക്സിന്റെ നേതൃത്വത്തിലുള്ള ടീമിന് വലിയ നഷ്ടമാകും.

TAGS :

Next Story