ഒരാൾ മെന്ററും മറ്റയാൾ തമാശക്കാരനും; ഇന്ത്യൻ ഇതിഹാസ താരങ്ങളോടൊപ്പമുള്ള അനുഭവം പങ്കുവെച്ച് യശസ്വി ജയ്സ്വാൾ
മുതിർന്ന താരങ്ങളോടൊപ്പം ഡ്രസ്സിങ് റൂം പങ്കിട്ടതിന്റെ അനുഭവം പങ്കുവെക്കുകയാണ് ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ

ന്യൂഡൽഹി: ക്രിക്കറ്റ് മൈതാനത്ത് ബാറ്റിങ്ങിലും ബൗളിങ്ങിലും വിസ്മയം തീർത്ത ഒരുകാലത്ത് ത്രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത മുതിർന്ന താരങ്ങളോടൊപ്പം ഡ്രസ്സിങ് റൂം പങ്കിട്ടതിന്റെ അനുഭവം പങ്കുവെക്കുകയാണ് ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ. 2023-ൽ ഇന്ത്യൻ ടെസ്റ്റ് ടീമിനായി അരങ്ങേറ്റം കുറിച്ച ജയ്സ്വാൾ, രോഹിത് ശർമയുമായും വിരാട് കോഹ്‌ലിയുമായും മികച്ച പാർട്ട്ണർഷിപ്പുകൾ കെട്ടിപ്പടുത്ത് ടീമിൽ സ്ഥിരസാന്നിധ്യമായി മാറുകയായിരുന്നു. രോഹിതും ജയ്സ്വാളും ഒരുമിച്ച് ബാറ്റുചെയ്ത 28 ഇന്നിംഗ്സുകളിൽ നിന്ന് 1269 റൺസും നേടിയിട്ടുണ്ട്.
ഇപ്പോൾ മാഷബിൾ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ മുൻ ഇന്ത്യൻ ടെസ്റ്റ് നായകൻ തന്റെ ജീവിതത്തിൽ ചെലുത്തിയ സ‍്വാധീനത്തെക്കുറിച്ച് ജയ്‌സ്വാൾ മനസ്സ് തുറക്കുന്നു. രോഹിത് തന്റെ കരിയറിൽ ഒരു മാർഗദർശിയാണെന്നും മാനസികമായും കളിശെെലിയിലും ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും ജയ്സ്വാൾ പറഞ്ഞു.
'രോഹിത് ഭായിയോടൊപ്പമായിരിക്കുന്നത് എനിക്ക് ശരിക്കും ഇഷ്ടമാണ്. മാനസികവും മൊത്തത്തിലുമുള്ള എന്റെ വികാസത്തിലും രോഹിത് എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. ശരിക്കും അത്ഭുതകരമായ ഒരു മനുഷ്യനാണ്. അദ്ധേഹത്തെ കണ്ടുതന്നെ നിങ്ങൾക്ക് ധാരാളം പഠിക്കാൻ കഴിയും.' ജയ്സ്വാൾ പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച ബാറ്ററെന്നതിനപ്പുറം എല്ലാവരെയും ചിരിപ്പിക്കാൻ കഴിയുന്ന ഒരു വ്യക്തിത്തമാണ് വിരാട് കോഹ്‍ലിയെന്നും ജയ്സ്വാൾ വെളിപ്പെടുത്തി. തമാശക്കാരെ പ്രത്യേകമായി നിരീക്ഷിക്കാനും നർമം കലർത്തിയ പരാമർശങ്ങളിലൂടെ ചുറ്റുമുള്ളവരെ ചിരിപ്പിക്കാനും അദ്ധേഹത്തിനാകുമെന്നും ജയ്‌സ്വാൾ പറഞ്ഞു.
'പാജി ശരിക്കും ശക്തനാണ്. അദ്ദേഹത്തോടൊപ്പം പലതവണ കളിച്ചിട്ടുണ്ട്. നിങ്ങൾ അദ്ദേഹത്തിന്റെ കൂടെ സമയം ചെലവഴിക്കുകയാണെങ്കിൽ നിങ്ങളും ചിരിച്ചുകൊണ്ടേയിരിക്കും. ആരെയെങ്കിലും കുറിച്ച് വല്ലതും പറയുകയാണെങ്കിൽ സ്പഷ്ഠമായി വിശദീകരിച്ചുതരും.' ജയ്സ്വാൾ പറഞ്ഞു.
കോഹ്‌ലിക്കൊപ്പം പത്ത് ഇന്നിംഗ്സുകളിൽ നിന്നായി 361 റൺസ് ജയ്‌സ്വാൾ കൂട്ടിച്ചേർത്തിട്ടുണ്ട്. 2025 മെയ് മാസത്തിൽ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച രോഹിത്തിന്റെയും കോഹ്‌ലിയുടെയും അവസാന ടെസ്റ്റ് പരമ്പരയിൽ ജയ്സ്വാളും അംഗമായിരുന്നു.
Adjust Story Font
16

