ഗസ്സയിലെ ലോകകപ്പ്: മുറിവേറ്റ കാലുകൾ കൊണ്ടവർ മരണത്തെ ഡ്രിബിൾ ചെയ്യുന്നു
ഫലസ്തീൻ ഫുട്ബോൾ അസോസിയേഷനിലെ 565ലധികം താരങ്ങളാണ് ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്

- Published:
20 Jun 2026 1:35 PM IST

ഗസ്സ: അമേരിക്കയിലെയും മെക്സിക്കോയിലെയും അത്യാധുനിക സ്റ്റേഡിയങ്ങളിൽ ഫിഫ ലോകകപ്പിന്റെ ആവേശം അലയടിക്കുകയാണ്. കോടിക്കണക്കിന് ഡോളറുകളുടെ സ്പോൺസർഷിപ്പുകൾ, വർണാഭമായ വെളിച്ചം, ആർത്തുവിളിക്കുന്ന ഗാലറികൾ, ബ്രാൻഡഡ് ബൂട്ടുകളണിഞ്ഞ് പച്ചപ്പുൽത്തകിടികളിൽ നൃത്തം വെക്കുന്ന ലോകോത്തര താരങ്ങൾ.
ലോകത്തിന്റെ കണ്ണും കാതും ആ മൈതാനങ്ങളിലേക്ക് ചുരുങ്ങുമ്പോൾ, ആയിരക്കണക്കിന് മൈലുകൾക്കപ്പുറം ചോരയും വെടിമരുന്നും മണക്കുന്ന മറ്റൊരു മണ്ണിലും ഒരു ലോകകപ്പ് നടക്കുന്നുണ്ട്, ഗസ്സയിൽ! അവിടെ ആർത്തുവിളിക്കാൻ ഗാലറികളില്ല, പച്ചപ്പുല്ലില്ല, ഒരേ നിറത്തിലുള്ള ജഴ്സികളോ കാലിൽ ബൂട്ടുകളോ ഇല്ല. യുദ്ധം തകർത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിലെ പൊടിമണ്ണിൽ, വെറും കാലുകൾ കൊണ്ടാണ് അവർ പന്ത് തട്ടുന്നത്. ചിലരുടെ കാലുകൾ ബോംബാക്രമണങ്ങളിൽ ചിതറിപ്പോയിരിക്കുന്നു; അവർ കൃത്രിമ കാലുകളുമായാണ് കളത്തിലിറങ്ങുന്നത്. ലോകം ഫുട്ബോൾ ലഹരിയിൽ ആറാടുമ്പോൾ, ഗസ്സയിലെ ഈ മനുഷ്യർക്ക് കാൽപ്പന്തുകളി വെറുമൊരു വിനോദമല്ല, മറിച്ച് മരണത്തിന്റെ മുഖത്തുനോക്കി പുഞ്ചിരിക്കുന്ന ഒരു ജനതയുടെ 'അതിജീവനത്തിന്റെ പ്രഖ്യാപനമാണ്'.
'നശിച്ചതും തകർന്നടിഞ്ഞതും ദുരിതങ്ങളും മുറിവുകളും നിറഞ്ഞതുമായ ഭൂമിയിലാണ് ഞങ്ങളുടെ സ്വന്തം ലോകകപ്പ് ആരംഭിക്കുന്നത്. കൈകാലുകൾ നഷ്ടപ്പെട്ട കളിക്കാർ ഞങ്ങൾക്കുണ്ട്. പലർക്കും അവരുടെ കാലുകൾ നഷ്ടപ്പെട്ടു...' ഫുട്ബോൾ കോച്ച് ജാബർ അൽ-ബഷീതിയുടെ ഈ വാക്കുകളിൽ ഗസ്സയിലെ മനുഷ്യരുടെ മുഴുവൻ നോവുമുണ്ട്. ബോംബാക്രമണങ്ങളിൽ മൈതാനങ്ങൾ നഷ്ടപ്പെട്ട, സഹതാരങ്ങൾ പലരും രക്തസാക്ഷികളാവുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്ത ഒരു ജനതയുടെ ഉയിർത്തെഴുന്നേൽപ്പാണിത്.
ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ ഒരു തുള്ളി ദാഹജലമെന്നപോലെയാണ് ഗസ്സക്കാർക്ക് ഇന്ന് ഫുട്ബോൾ. തങ്ങളുടെ കഠിനമായ യാതനകളിൽ നിന്ന് ഒല്പം ആശ്വാസം കണ്ടെത്താനുള്ള ഒരു ചെറിയ കിളിവാതിൽ. ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കളിക്കാർ ഈ ടൂർണമെന്റിനായി ഒന്നിച്ചുചേർന്നു. പലർക്കും കാലിൽ ബൂട്ടുകളില്ല, സോക്സുകളില്ല, എന്തിന് ഒരു ടീമിനെ പ്രതിനിധാനം ചെയ്യുന്ന കൃത്യമായ ജഴ്സി പോലുമില്ലാതെയാണ് അവർ കളത്തിലിറങ്ങിയത്. എങ്കിലും ആ പൊടിമണ്ണിൽ പന്തുരുളുമ്പോൾ അവരുടെ കണ്ണുകളിൽ തിളങ്ങുന്നത് തോൽക്കാൻ തയ്യാറല്ലാത്ത ഒരു ജനതയുടെ പ്രത്യാശയാണ്.
ഒരുവശത്ത് ലോകകപ്പ് ആവേശം കൊടുമ്പിരികൊള്ളുമ്പോൾ, ഫിഫ എന്ന ഫുട്ബോൾ ഭരണകൂടത്തിന്റെ ഇരട്ടത്താപ്പും കാപട്യവും കൂടി പുറത്തുവരുന്നുണ്ട്. ഗസ്സയിലെ കായികതാരങ്ങൾ കൊല്ലപ്പെടുമ്പോഴും കളിയിടങ്ങൾ തകർക്കപ്പെടുമ്പോഴും മൗനം പാലിക്കുന്ന ഫിഫ നേതൃത്വം, ഇസ്രായേലിന്റെ വംശഹത്യയെ വെള്ളപൂശാനുള്ള ശ്രമങ്ങളിലാണ്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും ഡൊണാൾഡ് ട്രംപും ചേർന്ന് ഗസ്സയുടെ 'പുനർനിർമാണത്തിനായി' പ്രഖ്യാപിച്ച 75 മില്യൺ ഡോളറിന്റെ പദ്ധതികൾ വെറുമൊരു പ്രഹസനവും ക്രൂരതകളെ ന്യായീകരിക്കാനുള്ള 'സ്പോർട്സ്‌വാഷിങ്' തന്ത്രവുമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ഗസ്സയിലെ മനുഷ്യരുടെ അസ്ഥികൾക്കും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കും മുകളിൽ ഇരുപതിനായിരം പേർക്കിരിക്കാവുന്ന ഒരു അത്യാധുനിക സ്റ്റേഡിയം പണിയുമെന്ന് അധികാരികൾ വീരവാദം പറയുമ്പോഴും, യാഥാർഥ്യം അതീവ ഭയാനകമാണ്. കഴിഞ്ഞ കുറച്ചു കാലങ്ങൾക്കിടയിൽ മാത്രം ഫലസ്തീൻ ഫുട്ബോൾ അസോസിയേഷനിലെ 565ലധികം താരങ്ങളാണ് ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. അണ്ടർ 20 ദേശീയ താരം ഇമദ് അബു തിമയെപ്പോലുള്ള പ്രതിഭകൾ കുടുംബത്തോടൊപ്പം ബോംബാക്രമണങ്ങളിൽ ഇല്ലാതായി. ഗസ്സയിലെ ചരിത്രപ്രസിദ്ധമായ യർമൂക്ക് സ്റ്റേഡിയം ഒരു തടങ്കൽപ്പാളയമാക്കി മാറ്റുകയും, മനുഷ്യരെ വസ്ത്രമുരിഞ്ഞ് കണ്ണുകെട്ടി ഗോൾപോസ്റ്റുകൾക്ക് മുന്നിൽ മുട്ടുകുത്തിക്കുകയും ചെയ്ത ശേഷം ടാങ്കുകൾ കയറ്റി മൈതാനം തകർത്തെറിഞ്ഞ ക്രൂരതയ്ക്ക് ഈ ലോകം സാക്ഷ്യം വഹിച്ചതാണ്.
അധികാരികളും കോപ്പറേറ്റ് ഭീമന്മാരും മുഖം തിരിക്കുമ്പോഴും ലോകത്തിന്റെ വിവിധ കോണുകളിലുള്ള മനുഷ്യസ്നേഹികളും ചില ഫുട്ബോൾ താരങ്ങളും ഫലസ്തീനിലെ പൊരുതുന്ന മനുഷ്യർക്കൊപ്പമുണ്ട്. സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ കിരീടധാരണ ആഘോഷങ്ങൾക്കിടയിൽ അവരുടെ യുവതാരം ലാമിൻ യമാൽ ഫലസ്തീൻ പതാക വീശിയത് വലിയ ആവേശമുണ്ടാക്കിയിരുന്നു. ഇതിനുള്ള സ്നേഹസൂചകമായി യുദ്ധം തകർത്ത ഗസ്സയിലെ ഒരു കെട്ടിടത്തിന്റെ ചുവരിൽ യമാലിന്റെ മനോഹരമായ ഒരു ചിത്രം ഗസ്സയിലെ കലാകാരന്മാർ വരച്ചുചേർത്തു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളായ ആഴ്സണൽ, ലിവർപൂൾ എന്നിവയുടെ സ്പോൺസർഷിപ്പ് ഇടപാടുകളിലെ ഇസ്രായേൽ സൈനിക ബന്ധത്തിനെതിരെ ആരാധകർ തന്നെ രംഗത്തുവരുന്ന കാഴ്ചയും ഫുട്ബോൾ ലോകം കാണുന്നുണ്ട്.
കാൽപ്പന്തുകളി വെറുമൊരു വിനോദമല്ല; അത് അതിരുകളില്ലാതെ മനുഷ്യനെ ഒന്നിപ്പിക്കുന്ന ഒരു വികാരമാണ്. ദൂരെയെവിടെയോ കോടികൾ വാരിയൊഴുക്കുന്ന ലോകകപ്പ് മാമാങ്കം നടക്കുമ്പോൾ, ഗസ്സയിലെ ഈ മനുഷ്യർ പൊരുതുന്നത് ഏതെങ്കിലും സ്വർണക്കപ്പിന് വേണ്ടിയല്ല. മറിച്ച്, 'ഞങ്ങൾക്കും ജീവിക്കണം' എന്ന അടിസ്ഥാനപരമായ അവകാശത്തിന്റെ പ്രഖ്യാപനത്തിനായാണ്. ചാരത്തിൽ നിന്നും ചിറകടിച്ച് ഉയരുന്ന ഫീനിക്സ് പക്ഷിയെപ്പോലെ, പൊടിമണ്ണിൽ ഓരോ തവണ പന്ത് വലയിലെത്തുമ്പോഴും അവർ ലോകത്തോട് വിളിച്ചുപറയുന്നത് ഒന്നുമാത്രമാണ്:
'ഞങ്ങൾ ഇവിടെയുണ്ട്... പരിക്കേറ്റ ശരീരങ്ങളോടെയാണെങ്കിലും ഞങ്ങൾ പൊരുതുകയാണ്. ഈ മണ്ണിൽ സമാധാനത്തോടെ ജീവിക്കാൻ ഞങ്ങൾക്കും അവകാശമുണ്ട്!'
Adjust Story Font
16
